ദുബൈ: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനായി കളിക്കാൻ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ബെൻ സ്റ്റോക്സെത്തുന്നു. ന്യൂസിലാൻഡിൽ നിന്ന് സ്റ്റോക്സ് യു.എ.ഇയിലേക്ക് യാത്ര തിരിച്ചു. കുടുംബവുമായി സമയം ചെലവഴിക്കാൻ കഴിഞ്ഞ മാസമാണ് സ്റ്റോക്സ് ന്യൂസിലാൻഡിലെത്തിയത്. സ്റ്റോക്സിൻെറ പിതാവ് ബ്രെയിൻ കാൻസറിന് ചികിൽസയിലാണ്.
ആഗസ്റ്റിൽ പാകിസ്താനെതിരായ പരമ്പര നടക്കുന്നതിനിടെയാണ് സ്റ്റോക്സ് ന്യൂസിലൻഡിലേക്ക് യാത്ര തിരിച്ചത്. ഇംഗ്ലണ്ട്- ആസ്ട്രേലിയ പരമ്പരയും സ്റ്റോക്സിന് നഷ്ടമായിരുന്നു. സ്റ്റോക്സില്ലാതെ കളിച്ച മൂന്ന് ഐ.പി.എൽ മത്സരങ്ങളിൽ രണ്ടിലും രാജസ്ഥാൻ വിജയിച്ചിരുന്നു.
യു.എ.ഇയിൽ തിരിച്ചെത്തിയാൽ സ്റ്റോക്സ് ആറ് ദിവസം ക്വാറൻറീനിലിരിക്കണം. ഇതിനിടെ രണ്ട് തവണ കോവിഡ് പരിശോധനഫലം നെഗറ്റീവാവുകയും വേണം. ഒക്ടോബർ 14ന് ഡൽഹിക്കെതിരെ ദുബൈയിൽ നടക്കുന്ന മത്സരത്തിൽ സ്റ്റോക്സിന് കളിക്കാനാകുമെന്നാണ് പ്രതീക്ഷ.