'നാക്കിന് ഒരു നിയന്ത്രണം ഉണ്ടാകുന്നത് നല്ലതാണ്'; ഗവാസ്കറിനെതിരെ ആഞ്ഞടിച്ച് ഇൻസിമാമുൽ ഹഖ്
text_fieldsമറ്റ് ടീമുകളെ കുറിച്ച് അനാവശ്യ അഭിപ്രായം പറയുന്നത് ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്കർ നിർത്തണമെന്ന് മുൻ പാകിസ്താൻ ക്യാപ്റ്റൻ ഇൻസിമാമുൽ ഹഖ്. കഴിഞ്ഞ ദിവസം സമാപിച്ച ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ആതിഥേയരായ പാകിസ്താൻ ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. ഇന്ത്യക്കെതിരെയും ന്യൂസിലാൻഡിനെതിരെയും പരാജയം ഏറ്റുവാങ്ങിയ പാകിസ്താന്‍റെ അവസാന മത്സരം മഴമൂലം മുടങ്ങുകയും ചെയ്തു. ഇന്ത്യക്കെതിരെ പാകിസ്താൻ തോറ്റപ്പോൾ ഇന്ത്യൻ ബി ടീമിന് പോലും പാകിസ്താനെ തോൽപ്പിക്കാൻ സാധിക്കുമെന്ന് ഗവാസ്കർ പറഞ്ഞിരുന്നു. ഈ പ്രസ്താവനക്ക് മറുപടി നൽകുകയാണ് ഇൻസമാം.
'ഇന്ത്യ ടൂർണമെന്‍റിൽ ജയിച്ചു, അവർ നന്നായി കളിച്ചിരുന്നു. പക്ഷേ മിസ്റ്റർ ഗവാസ്കർ...കണക്കുക്കൾ പരിശോധിക്കുന്നത് നല്ലതായിരിക്കും. പാകിസ്ഥാനെതിരെ കളിക്കുന്നതിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹം ഒരിക്കൽ ഷാർജയിൽ നിന്ന് ഓടിപ്പോയി. അദ്ദേഹം നമ്മളേക്കാൾ പ്രായമുള്ളയാളാണ്, ഞങ്ങളുടെ സീനിയറാണ്. ഞങ്ങൾ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നു. പക്ഷേ, മറ്റൊരു രാജ്യത്തെ കുറിച്ച് ഇത്തരത്തിൽ സംസാരിക്കരുത്. തീർച്ചയായും, നിങ്ങളുടെ ടീമിനെ നിങ്ങൾക്ക് ഇഷ്ടമുള്ളത്ര പ്രശംസിക്കാൻ അവകാശമുണ്ട്, പക്ഷേ മറ്റ് ടീമുകളെക്കുറിച്ച് ഇങ്ങനെ അഭിപ്രായം പറയുന്നത് മോശമാണ്.
അദ്ദേഹത്തോട് സ്ഥിതിവിവരക്കണക്കുകൾ നോക്കാൻ പറയൂ, അപ്പോൾ പാകിസ്ഥാൻ എവിടെയാണെന്ന് മനസ്സിലാകും. ഇത്തരമൊരു പ്രസ്താവന നടത്തിയതിൽ എനിക്ക് അതിയായ വേദനയുണ്ട്. അദ്ദേഹം മികച്ച, ബഹുമാന്യനായ ക്രിക്കറ്റ് കളിക്കാരനായിരുന്നു, പക്ഷേ ഇത്തരം പരാമർശങ്ങളിലൂടെ ഗവാസ്കർ സ്വന്തം വില കളയുകയാണ്. അദ്ദേഹം തന്റെ നാവിന് നിയന്ത്രണം നൽകണം,' ഇൻസിമാം പറഞ്ഞു.
പാകിസ്താന്‍റെ നിലവിലെ ഫോമിൽ ഇന്ത്യൻ ബി ടീമിനെ പോലും തോൽപ്പിക്കാൻ പാടുപെടുമെന്നും വേണമെങ്കിൽ ഇന്ത്യയുടെ ബി ടീമിന് അവരെ തകർക്കാൻ സാധിക്കുമെന്നുമാണ് ഗവാസ്കർ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

