ഇന്റർസ്റ്റേറ്റ് ഇൻവിറ്റേഷൻ ക്രിക്കറ്റ്; കേരള ടീമിൽ കണ്ണൂരിൽനിന്ന് മൂന്ന് പേർ
text_fieldsഅഭിനന്ദ്, സംഗീത് സാഗർ, തേജസ്
വിവേക്
തലശ്ശേരി: സെപ്റ്റംബർ നാലു മുതൽ 14 വരെ പോണ്ടിച്ചേരിയിൽ നടക്കുന്ന 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഇൻറർസ്റ്റേറ്റ് ഇൻവിറ്റേഷൻ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് കണ്ണൂരിൽനിന്ന് മൂന്നു പേർ. സംഗീത് സാഗർ, തേജസ് വിവേക്, ഇ.സി. അഭിനന്ദ് എന്നിവരാണ് കണ്ണൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. കേരള, പോണ്ടിച്ചേരി, പോണ്ടിച്ചേരി കോൾട്സ്, വിദർഭ, ഛത്തീസ്ഗഡ്, ബംഗാൾ ടീമുകളാണ് ഈ ഏകദിന ടൂർണമെന്റിൽ പങ്കെടുക്കുന്നത്. സെപ്റ്റംബർ നാലിന് വിദർഭയോടാണ് കേരളത്തിന്റെ ആദ്യ മത്സരം. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന ഈ ടൂർണമെന്റിന്റെ ഫൈനൽ സെപ്റ്റംബർ 14നാണ്. ഓപണിങ് ബാറ്റ്സ്മാനായ സംഗീത് സാഗർ കഴിഞ്ഞ വർഷം ബി.സി.സി.ഐയുടെ 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിജയ് മർച്ചന്റ് ട്രോഫിയിൽ കേരള ടീമംഗമായിരുന്നു. ഈ ടൂർണമെന്റിൽ മണിപ്പൂരിനെതിരെ 170 റൺസും വിദർഭക്കെതിരെ 132 റൺസുമെടുത്ത് തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചു.
തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ് താരമായ സംഗീത് സാഗർ കഴിഞ്ഞ വർഷം രാജസ്ഥാൻ റോയൽസ് ജൂനിയർ ടീം പരിശീലന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോട്ടയംപൊയിൽ എടത്തിൽ ഹൗസിൽ വി. ഗിരീഷ് കുമാറിന്റെയും കെ.കെ. ഷിജിനയുടെയും മകനാണ്. തലശ്ശേരി സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ പതിനൊന്നാം ക്ലാസ് ഹ്യൂമാനിറ്റീസ് വിദ്യാർഥിയാണ്.
ഓൾറൗണ്ടറായ തേജസ് വിവേക് സ്കൂൾസ് ടൂർണമെന്റിൽ കേരള ടീമിനെയും വിവിധ വിഭാഗങ്ങളിൽ ജില്ല ടീമിനെയും പ്രതിനിധീകരിച്ചിട്ടുണ്ട്. കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് താരമായ തേജസ് വിവേക് വലം കൈയൻ മധ്യനിര ബാറ്റ്സ്മാനും വലംകൈയൻ ഓഫ് സ്പിന്നറുമാണ്. കോഴിക്കോട് ദേവഗിരി സെൻറ് ജോസഫ്സ് കോളജിൽ ഒന്നാം വർഷ ബി.സി.എ ബിരുദ വിദ്യാർഥിയായ തേജസ് വിവേക് കണ്ണൂർ കണ്ണാടിപ്പറമ്പ് നാലവടത്ത് ഹൗസിൽ എൻ.കെ. വിവേകാനന്ദന്റെയും ബിന്ദു വിവേകിന്റെയും മകനാണ്.
ഇതാദ്യമായാണ് വലംകൈയൻ മധ്യനിര ബാറ്റ്സ്മാനായ ഇ.സി. അഭിനന്ദ് കേരള ടീമിൽ തെരഞ്ഞെടുക്കപ്പെടുന്നത്. ധർമടം സീഗൾസ് ക്രിക്കറ്റ് ക്ലബ് താരമായ അഭിനന്ദ് വിവിധ വിഭാഗങ്ങളിൽ ജില്ല ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ് ടു കോമേഴ്സ് പൂർത്തിയാക്കിയ അഭിനന്ദ് കണ്ണൂർ പാൽച്ചുരം എടമണ ഹൗസിൽ ചന്ദ്രന്റെയും റീനയുടെയും മകനാണ്.