ക്യാപ്റ്റൻ കെ.എൽ രാഹുൽ റിട്ടേൺസ്; പന്തിനും തിരിച്ചുവരവ്; വിരാട്, രോഹിത് ഏകദിന ടീമിൽ
text_fieldsകെ.എൽ രാഹുൽ
മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരം സീനിയർ താരം കെ.എൽ രാഹുലിനെ ക്യാപ്റ്റനായി നിയമിച്ചുകൊണ്ടാണ് മൂന്ന് മത്സരങ്ങൾ ഉൾപ്പെടുന്ന ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്.
രോഹിത് ശർമ, വിരാട് കോഹ്‍ലി എന്നിവർക്കൊപ്പം ഋഷഭ് പന്തും ടീമിൽ ഇടം നേടിയപ്പോൾ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവർക്ക് വിശ്രമം നൽകി. അക്സർ പട്ടേൽ, രവീന്ദ്ര ജദേജ എന്നിവർക്കും ഇടമില്ല. അതേസമയം, ഹർഷിദ് റാണ, പ്രസിദ്ധ് കൃഷ്ണ, അർഷ് ദീപ് എന്നിവർ ഇടം നേടി. രഞ്ജിയിൽ മിന്നും പ്രകടം കാഴ്ചവെച്ച മുഹമ്മദ് ഷമിയെ പരിഗണിച്ചില്ല.
ഈഡൻ ഗാർഡൻസിൽ നടന്ന ഒന്നാം ടെസ്റ്റിനിടെ ക്യാപ്റ്റൻ ഗിൽ കഴുത്തിലെ വേദനയെ തുടർന്ന് പുറത്തായിരുന്നു. കൂടുതൽ ചികിത്സയും വിശ്രമവും അനിവാര്യമായ സാഹചര്യത്തിൽ താരത്തെ ഏകദിന -ട്വന്റി20 ടീമിൽ നിന്നും ഒഴിവാക്കുകയായിരുന്നു. ഇതോടെയാണ് പുതിയ നായകൻ ആവശ്യമായി വന്നത്.
രണ്ടു വർഷത്തിനു ശേഷമാണ് കെ.എൽ രാഹുൽ വീണ്ടും ക്യാപ്റ്റൻസിയിലെത്തുന്നത്. ടെസ്റ്റിൽ നായകനായ ഋഷഭ് പന്ത് ഏകദിനത്തിൽ വൈസ് ക്യാപ്റ്റനാവും. 2024 ആഗസ്റ്റിലാണ് പന്ത് അവസാനമായി ഏകദിനം കളിച്ചത്.
നവംബർ 30ന് റാഞ്ചി, ഡിസംബർ മൂന്നിന് റായ്പൂർ, ഡിസംബർ ആറിന് വിശാഖപട്ടണം എന്നിവടങ്ങളിലാണ് ഏകദിന മത്സരങ്ങൾ.
ഏകദിന ടീം: രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, വിരാട് കോഹ്‍ലി, തിലക് വർമ, കെ.എൽ രാഹുൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത്, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജദേജ, കുൽദീപ് യാദവ്, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, ഋതുരാജ് ഗെയ്ക്‍വാദ്, പ്രസിദ്ദ് കൃഷ്ണ, അർഷ്ദീപ് സിങ്, ധ്രുവ് ജുറൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

