ഓപണർ റോളിൽ സഞ്ജു സാംസൺ..?; ഏഷ്യാകപ്പ് സാധ്യതകൾ വിലയിരുത്തി മുൻ ഇന്ത്യൻ താരം, 'ഗില്ലിനെയും രാഹുലിനെയും എവിടെ കളിപ്പിക്കും'
text_fieldsന്യൂഡൽഹി: ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ടീമിലിടം പിടിക്കാൻ സാധ്യതയുള്ളവരെ കുറിച്ചുള്ള ചർച്ചകൾക്ക് ചൂടുപിടിച്ചു. ഓപണർ റോളിൽ കയറിപറ്റാൻ നിരവധി താരങ്ങൾ പോരാടിക്കുന്നുണ്ടെങ്കിലും അഭിഷേക് ശർമക്കും യശസ്വി ജയ്സ്വാളിനും മലയാളി താരം സഞ്ജു സാംസണുമാണ് നിലവിൽ സാധ്യതയെന്ന് വിലയിരുത്തുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ശുഭ്മാൻ ഗിൽ ട്വന്റി20 ടീമിൽ തിരിച്ചെത്തുകയാണെങ്കിൽ സഞ്ജുവിന്റെ സാധ്യത മങ്ങിയേക്കുമെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
തിലക് വർമയും സൂര്യകുമാർ യാദവും മധ്യനിരയിൽ ഇരിപ്പുറപ്പിക്കുമ്പോൾ, സഞ്ജുവിനെ അവിടെ കളിപ്പിക്കുക പ്രയാസമായിരിക്കും. ഗില്ലിനെ പോലെ ഒരാളെ ബെഞ്ചിലിരുത്താനുള്ള സാധ്യതയും കുറവാണ്. സഞ്ജുവിനെയും ഗില്ലിനെയും ഒരുമിച്ച് ഇലവനിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും ആകാശ് ചോപ്ര നിരീക്ഷിക്കുന്നു.
അതേസമയം, മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും കെ.എൽ.രാഹുലും ടീമിൽ ഇടംപിടിക്കാൻ കടുത്ത മത്സരം നേരിടുന്നുണ്ടെന്ന് ആകാശ് ചോപ്ര വിലയിരുത്തുന്നു. 33 കാരനായ താരത്തിന്റെ സ്ഥിരതയില്ലാത്ത പ്രകടനം ട്വന്റി 20 ടീമിൽ ഇടംകണ്ടെത്താൻ പ്രയാസമായിരിക്കും. ഐ.പി.എല്ലിൽ താരം മിന്നും ഫോമിലാണെങ്കിലും ചിലപ്പോഴൊക്കെ പ്രകടനം ശരാശരിക്കും താഴെയാകുമെന്നും അദ്ദേഹം വിലയിരുത്തുന്നു.
'ചിലപ്പോൾ അദ്ദേഹത്തിന്റെ കാലുകൾ ബന്ധിക്കപ്പെടും, മാനസികാവസ്ഥ ശരിയാകുമ്പോൾ, അദ്ദേഹം ചിറകുകൾ ഉപയോഗിച്ച് പറക്കുന്നു.'-ആകാശ് ചോപ്ര പറഞ്ഞു. ഒരു വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിലായിരിക്കും രാഹുലിനെ പരിഗണിക്കുക. എന്നാൽ, ജിതേഷ് ശർമ്മ, ധ്രുവ് ജുറൽ, ഇഷാൻ കിഷൻ എന്നിവരും ലിസ്റ്റിലുണ്ട് എന്നത് തിരിച്ചടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

