ഇന്ത്യക്കിന്ന് ‘ക്വാർട്ടർ ഫൈനൽ’; എതിരാളി വെസ്റ്റിൻഡീസ്
text_fieldsവെള്ളം കുടിക്കുമോ? ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറും ബൗളിങ് കോച്ച് മോണി മോർക്കലും
പരിശീലനത്തിനിടയിലെ ഇടവേളയിൽ
കൊൽക്കത്ത: ട്വന്റി20 ലോകകപ്പിൽ സെമി ഫൈനലിൽ കടക്കാൻ വിജയം അനിവാര്യമായ മത്സരത്തിൽ ഇന്ത്യ ഞായറാഴ്ച വെസ്റ്റിൻഡീസിനെ നേരിടും. സൂപ്പർ എട്ട് ഗ്രൂപ് ഒന്നിലെ അവസാന പോരാട്ടമാവും ഈ ‘ക്വാർട്ടർ ഫൈനൽ’. ജയിക്കുന്ന ടീമിന് അവസാന നാലിലേക്ക് മുന്നേറാം. തോൽക്കുന്ന ടീം പുറത്തേക്കും. മത്സരം ഉപേക്ഷിക്കേണ്ടിവന്നാൽ മികച്ച റൺ ശരാശരിയുള്ള വിൻഡീസ് സെമിയിൽ കടക്കും. വിൻഡീസിന്റെ റൺ ശരാശരി 1.791ഉം ഇന്ത്യയുടേത് -0.100ഉമാണ്.
ഗ്രൂപ്പിലെ മറ്റൊരു കളിയിൽ നേരത്തേ സെമിയിൽ കടന്ന ദക്ഷിണാഫ്രിക്ക പുറത്തായിക്കഴിഞ്ഞ സിംബാബ്‍വെയെ നേരിടും. സൂപ്പർ എട്ടിലെ ആദ്യ കളിയിൽ ദക്ഷിണാഫ്രിക്കയോട് തകർന്ന ഇന്ത്യ രണ്ടാം മത്സരത്തിൽ സിംബാബ്‍വെക്കെതിരെ ആധികാരിക ജയവുമായാണ് തിരിച്ചെത്തിയത്. ആദ്യ കളിയിൽ മങ്ങിയ ബാറ്റിങ് നിര രണ്ടാം മത്സരത്തിൽ ഫോമിലേക്കുയർന്നതാണ് പ്ലസ് പോയന്റ്. ബാറ്റെടുത്തവരെല്ലാം നന്നായി കളിച്ച മത്സരത്തിൽ ടീമിലെ അഴിച്ചുപണിയും ഗുണം ചെയ്തു.
മലയാളി താരം സഞ്ജു സാംസൺ ഓപണറായി തിരിച്ചെത്തിയതും തിലക് വർമ മൂന്നാം നമ്പറിൽനിന്ന് ആറിലേക്ക് മാറിയതും ഫലപ്രദമായി. മികച്ച തുടക്കം മുതലാക്കാൻ സഞ്ജുവിനായില്ലെങ്കിലും ഇന്ത്യ ഇന്നും ബാറ്റിങ് നിരയിൽ മാറ്റംവരുത്താനിടയില്ല. ബൗളിങ്ങിൽ നമ്പർ വൺ സ്പിന്നർ വരുൺ ചക്രവർത്തിയുടെ ഫോമാണ് ഇന്ത്യയെ കുഴക്കുന്നത്. കഴിഞ്ഞ രണ്ടു കളികളിലും ഇന്ത്യയുടെ മിസ്റ്ററി സ്പിന്നർക്ക് കാര്യമായ ഓളമുണ്ടാക്കാനായില്ല. ഒപ്പം ആറാം ബൗളറായി വരുന്ന ശിവം ദുബെയുടെ മോശം പ്രകടനവും തിരിച്ചടിയാണ്. പേസർമാരായ ജസ്പ്രീത് ബുംറയും അർഷ്ദീപ് സിങ്ങും ഹർദിക് പാണ്ഡ്യയും നന്നായി പന്തെറിയുന്നതാണ് ഇന്ത്യക്ക് ആശ്വാസം.
വെടിക്കെട്ട് ബാറ്റിങ്ങിന്റെ ആശാന്മാരായ വിൻഡീസിനെ ഇന്ത്യക്ക് ചെറുതായി കാണാനാവില്ല. ഷിംറോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ, ഷെർഫെയ്ൻ റുഥർഫോഡ്, ജാസൺ ഹോൾഡർ, റൊമാരിയോ ഷെപ്പേഡ് തുടങ്ങിയവരുടെ കരുത്തുറ്റ ഷോട്ടുകൾക്ക് തടയിടുക എന്നതാവും ഇന്ത്യയുടെ ലക്ഷ്യം.
സാധ്യത ടീം
ഇന്ത്യ: സൂര്യകുമാർ യാദവ്, അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ഹർദിക് പാണ്ഡ്യ, തിലക് വർമ, ശിവം ദുബെ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.
വെസ്റ്റിൻഡീസ്: ഷായ് ഹോപ് (ക്യാപ്റ്റൻ), ബ്രൻഡൻ കിങ്, ഷിംറോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ, ഷെർഫെയ്ൻ റുഥർഫോഡ്, റോസ്റ്റൺ ചേസ്, ജാസൺ ഹോൾഡർ, റൊമാരിയോ ഷെപ്പേഡ്, അകീൽ ഹുസൈൻ, ഗുദകേശ് മോതി, ഷമാർ ജോസഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

