ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോർ; അഡ്ലെയ്ഡിൽ അടപടലം അടിതെറ്റി ഇന്ത്യ
text_fieldsഅഡ്ലെയ്ഡ്: ഓസീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ തകർന്നടിഞ്ഞ് ഇന്ത്യ. രണ്ടാം ഇന്നിങ്സിൽ ഒമ്പതിന് 36 റൺസ് എന്നനിലയിൽ ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചു. 90 റൺസാണ് ആസ്ട്രേലിയയുടെ വിജയലക്ഷ്യം. ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോറാണ് അഡ്ലെയ്ഡിൽ പിറന്നത്. ഒമ്പത് റൺസ് നേടിയ മായങ്ക് അഗർവാളാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇന്ത്യൻ നിരയിൽ ആരും രണ്ടക്കം കടന്നില്ല. ജോഷ് ഹേസൽവുഡ് അഞ്ച് വിക്കറ്റും പാറ്റ് കമ്മിൻസ് നാല് വിക്കറ്റും വീഴ്ത്തി.
പൃഥ്വി ഷാ(4), മായങ്ക് അഗർവാൾ(9), ജസ്പ്രീത് ബുംറ(2), ചേതേശ്വർ പൂജാര(0), വിരാട് കോഹ്ലി(4), അജിൻക്യ രഹാനെ(0), ഹനുമാൻ വിഹാരി(8), വൃദ്ധിമാൻ സാഹ(4), രവീചന്ദ്രൻ അശ്വിൻ(0) എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ സ്കോർ. നാല് റൺസെടുത്ത ഉമേഷ് യാദവ് പുറത്താകാതെ നിന്നു. ഷമി മൽസരത്തിനിടെ പരിക്കേറ്റ് പുറത്തായതും ഇന്ത്യക്ക് തിരിച്ചടിയായി.
മത്സരത്തിന്‍റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 244 റൺസിന് പുറത്തായിരുന്നു. എന്നാൽ, ഒന്നാം ഇന്നിങ്സിൽ ഒാസീസിനെ 191 റൺസിന് പുറത്താക്കി ഇന്ത്യ ലീഡ് നേടി.