‘ഇന്ത്യയുടെ ഡി.എൻ.എ കിരീടം നേടാൻ, നമ്മുടേത് തോൽക്കാനും...’; പി.സി.ബിക്കെതിരെ ആഞ്ഞടിച്ച് മുൻ പാകിസ്താൻ നായകൻ
text_fieldsദുബൈ: ട്വന്‍റി20 ലോകകപ്പിലെ ടീമിന്‍റെ മോശം പ്രകടനത്തിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ (പി.സി.ബി) രൂക്ഷമായി വിമർശിച്ച് മുൻ പാകിസ്താൻ നായകൻ റഷീദ് ലത്തീഫ്.
അടുത്തിടെ നടന്ന ഐ.സി.സി ടൂർണമെന്‍റുകളിലെല്ലാം പാകിസ്താന്‍റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. മികച്ച ബാറ്റർമാരും ബൗളർമാരും ടീമിലുണ്ടായിട്ടും മുൻ ചാമ്പ്യന്മാർ ട്വന്‍റി20 ലോകകപ്പിൽ സെമി കാണാതെ പുറത്തായി. ഗ്രൂപ്പ് ഘട്ടത്തിൽ ചിരവൈരികളായ ഇന്ത്യയോടേറ്റ പരാജയവും ആരാധകരെ നിരാശരാക്കി. അതേസമയം, അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ തോൽപിച്ച് ഇന്ത്യ ചരിത്രവിജയവും സ്വന്തമാക്കി.
ഇതിനു പിന്നാലെയാണ് ഇന്ത്യയെയും പാകിസ്താനെയും താരതമ്യം ചെയ്ത് റഷീദ് ലത്തീഫ് രംഗത്തുവന്നത്. പാകിസ്താന്‍റെ ഡി.എൻ.എ തോൽക്കാനുള്ളതാണെങ്കിൽ, അടുത്തകാലത്തായി ഐ.സി.സി ടൂർണമെന്‍റുകളിൽ പുതിയ ഉടരങ്ങൾ കീഴടക്കുക എന്നത് ഇന്ത്യ ശീലമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയുടെ സമീപകാല വിജയത്തിന് പിന്നിൽ അവരുടെ ദശകങ്ങൾ നീണ്ട കഠിനാധ്വാനമാണെന്നും ലത്തീഫ് കൂട്ടിച്ചേർത്തു.
‘ടോസ് തോറ്റിട്ടും അവർ 250 റൺസ് നേടി. ആർക്കും അവരെ പിടിച്ചുനിർത്താനാവില്ല. ഇത് ഒറ്റരാത്രി കൊണ്ടുണ്ടായതല്ല; ഏകദേശം 10 വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണിത്. കഴിഞ്ഞ ഐ.സി.സി ടൂർണമെന്‍റുകളോ ഏഷ്യ കപ്പോ നോക്കൂ.. ’-ലത്തീഫ് പറഞ്ഞു.
ഇന്ത്യയുടെ ഡി.എൻ.എ കിരീടം നേടുക എന്നതാണ്, തങ്ങളുടെ ഡി.എൻ.എ നോക്കൗട്ടിന് മുമ്പേ തോൽക്കുക എന്നതും. അവരുടെ (ഇന്ത്യ) ഡി.എൻ.എ ഫൈനൽ കളിക്കാനും ജയിക്കാനുമുള്ളതാണെന്നും ലത്തീഫ് വ്യക്തമാക്കി.
കളിക്കാരുമായുള്ള കരാർ കൈകാര്യം ചെയ്യുന്നതിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി, പി.സി.ബിയെ ‘‘ദുർബലമായ ബോർഡ്’’ എന്ന് വിശേഷിപ്പിച്ച് ലത്തീഫ് ഒളിയമ്പും തൊടുത്തു. ദുർബലമായ ബോർഡുകൾ ഇങ്ങനെയാണ് ചെയ്യുക. ഒരു കരാർ ഒപ്പിടുമ്പോൾ, അതിൽ എല്ലാം ഉണ്ടാകും. പിഴകളും പ്രതിഫലങ്ങളും അതിൽ പരാമർശിക്കപ്പെടുമെന്നും താരം പറയുന്നു. ഫൈനലിൽ 96 റൺസിലാണ് കീവീസിനെ തോൽപിച്ച് ഇന്ത്യ തുടർച്ചയായ രണ്ടാം കിരീടം നേടുന്നത്. മൂന്ന് ട്വന്‍റി20 ലോകകപ്പ് കിരീടങ്ങൾ നേടുന്ന ആദ്യ ടീമായും സ്വന്തം മണ്ണിൽ കിരീടം വിജയകരമായി നിലനിർത്തുന്ന ആദ്യ ടീമായും ഇന്ത്യ മാറി.
ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനക്കാരായാണ് പാകിസ്താന്‍ സൂപ്പര്‍ എട്ടിലെത്തിയത്. നെതര്‍ലന്‍ഡ്സ്, യു.എസ്.എ, നമീബിയ എന്നിവരെ പരാജയപ്പെടുത്തിയപ്പോള്‍ ഇന്ത്യയോട് മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റത്. സൂപ്പര്‍ എട്ടിൽ ന്യൂസിലന്‍ഡുമായുള്ള ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചു, പിന്നാലെ ഇംഗ്ലണ്ടിനോട് രണ്ട് വിക്കറ്റിന് പരാജയപ്പെട്ടു. ശ്രീലങ്കക്കെതിരായ മത്സരം ജയിച്ചിട്ടും റൺ റേറ്റിന്‍റെ അടിസ്ഥാനത്തിൽ പാകിസ്താൻ പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

