ഇന്ത്യക്ക് മുന്നിൽ വഴികളടഞ്ഞിട്ടില്ല; വനിത ലോകകപ്പ് സെമിയിലെത്താൻ ടീമിനുള്ള സാധ്യതകളിങ്ങനെ
text_fieldsമുംബൈ: ഞായറാഴ്ച ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ കൂടി തോറ്റതോടെ വനിത ലോകകപ്പിൽ ഇന്ത്യയുടെ സെമി പ്രതീക്ഷകൾക്ക് മങ്ങലേറ്റിരിക്കുകയാണ്. തുടർച്ചയായ മൂന്നാം മത്സരമാണ് ലോകകപ്പിൽ ഇന്ത്യ തോൽക്കുന്നത്. നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് തോൽവിയും രണ്ട് ജയവുമായി നാല് പോയിന്റോടെ നാലാം സ്ഥാനത്താണ് ഇന്ത്യ. അഞ്ചാമതുള്ള ന്യൂസിലാൻഡിനും നാല് പോയിന്റാണുള്ളത്. എന്നാൽ, നെറ്റ് റൺറേറ്റിൽ അവർ പിന്നിലാണ്.
ഇനി ഇന്ത്യക്ക് രണ്ട് മത്സരങ്ങളാണുള്ളത്. അതിലൊന്ന് ന്യൂസിലാൻഡിനെതിരെയുംമറ്റൊന്ന് ബംഗ്ലാദേശിനെതിരെയുമാണ്. രണ്ട് മത്സരങ്ങളും ജയിച്ചാൽ ഇന്ത്യക്ക് അനായാസം സെമിയിലേക്ക് മുന്നേറാം. എന്നാൽ, ന്യൂസിലാൻഡിനെതിരെ തോറ്റാൽ ഇന്ത്യയുടെ നിലപരുങ്ങിലാവും. പിന്നീടുള്ള മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയിച്ചാൽ മാത്രം പോര, ന്യൂസിലാൻഡ്-ഇംഗ്ലണ്ട് മത്സരഫലത്തെ കൂടി ഇന്ത്യക്ക് ആശ്രയിക്കേണ്ടി വരും. ന്യൂസിലാൻഡിനെതിരെ ജയിച്ച് ബംഗ്ലദേശിനെതിരെ തോറ്റാലും ഇതേ ഗതി തന്നെയാവും ഇന്ത്യയെ കാത്തിരിക്കുന്നത്.
വനിത ഏകദിന ലോകകപ്പ് മത്സരത്തിൽ ഇന്ത്യയെ നാല് റൺസിന് തോൽപിച്ച് ഇംഗ്ലണ്ട് സെമി ഫൈനലിൽ കടന്നിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലീഷുകാർ കുറിച്ച 289 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആതിഥേയർ 50 ഓവറിൽ ആറ് വിക്കറ്റിന് 284ൽ പോരാട്ടം അവസാനിപ്പിച്ചു.
ഇംഗ്ലണ്ട് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 288 റൺസെടുത്തത്. 91 പന്തിൽ 109 റൺസെടുത്ത ഹെതർ നൈറ്റിന്റെ സെഞ്ച്വറിയാണ് ഇംഗ്ലീഷ് ഇന്നിങ്സിലെ സവിശേഷത. ഓപണർ ആമി ജോൺസ് 68 പന്തിൽ 56 റൺസും നേടി. ഇന്ത്യക്കായി സ്പിന്നർമാരായ ദീപ്തി ശർമ നാലും ശ്രീചരണി രണ്ടും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ നിരയിൽ ഓപണർ സ്മൃതി മന്ദാനയും (94 പന്തിൽ 88) ക്യാപ്റ്റൻ ഹർമൻപ്രീതും (70 പന്തിൽ 70) ദീപ്തി ശർമയും (57 പന്തിൽ 50) അർധ ശതകങ്ങളുമായി മിന്നിയെങ്കിലും അവസാനം ഇന്ത്യക്ക് കാലിടറി. ഇവർക്ക് പുറമെ ഓപണർ പ്രതിക റാവൽ (6) ഹർലീൻ ഡിയോളും (24) റിച്ച ഘോഷുമാണ് (8) പുറത്തായത്. അമൻജോത് കൗറും (18) സ്നേഹ് റാണയും (10) ക്രീസിലുണ്ടായിരുന്നു. ടാമി ബ്യൂമണ്ട്-ആമി ജോൺസ് കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ ഇംഗ്ലണ്ടിനായി 16 ഓവറിൽ 73 റൺസ് ചേർത്തു. 22 റൺസെടുത്ത ബ്യൂമണ്ടിനെ ദീപ്തി ബൗൾഡാക്കി. ആമി ജോൺസിനെയും ദീപ്തി മടക്കുമ്പോൾ സ്കോർ 98. ഹെതർ നൈറ്റും ക്യാപ്റ്റൻ നാറ്റ്സീവർ ബ്രണ്ടും മൂന്നാം വിക്കറ്റിൽ ഒരുമിച്ചതോടെ ഇംഗ്ലണ്ട് തിരിഞ്ഞുനോക്കിയില്ല.
200 കടത്തിയ ശേഷമാണ് കൂട്ടുകെട്ട് വേർപിരിഞ്ഞത്. 38 റൺസെടുത്ത ബ്രണ്ടിനെ 39ാം ഓവറിൽ ശ്രീചരണി പറഞ്ഞുവിടുമ്പോൾ മൂന്നിന് 211. സെഞ്ച്വറി പൂർത്തിയാക്കി ബാറ്റിങ് തുടർന്ന നൈറ്റ് 45ാം ഓവറിൽ റണ്ണൗട്ടായി. 15 ഫോറും ഒരു സിക്സുമടങ്ങിയതായിരുന്നു പ്രകടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

