കോഹ്ലിയും വരുണുമില്ല! ഐ.സി.സി ‘പ്ലെയർ ഓഫ് ദി മന്ത്’ അന്തിമ പട്ടികയിൽ ഒരേയൊരു ഇന്ത്യൻ താരം
text_fieldsദുബൈ: കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) അന്തിമ പട്ടികയിൽ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി സൂപ്പർതാരവും. മൂന്നു താരങ്ങളാണ് അന്തിമ പട്ടികയിലുള്ളത്.
ദുബൈയിൽ കഴിഞ്ഞമാസം നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെ തോൽപിച്ചാണ് ഇന്ത്യ ചാമ്പ്യന്മാരായത്. 12 വർഷത്തിനിടെ ഇന്ത്യയുടെ മൂന്നാം ഐ.സി.സി കിരീട നേട്ടമാണിത്. ഒമ്പതു മാസത്തിനിടെ ഇന്ത്യയുടെ രണ്ടാം കിരീടവും. 2024 ജൂണിൽ നടന്ന ട്വന്‍റി20 ലോകകപ്പിലും ഇന്ത്യയാണ് ചാമ്പ്യന്മാർ. സൂപ്പർ ബാറ്റർ ശ്രേയസ് അയ്യരാണ് പ്ലെയർ ഓഫ് ദി മന്ത് അന്തിമ പട്ടികയിലുള്ള ഒരേയൊരു ഇന്ത്യൻ താരം. ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി കിരീട നേട്ടത്തിൽ ശ്രേയസ്സ് നിർണായക പങ്കുവഹിച്ചിരുന്നു.
അഞ്ചു മത്സരങ്ങളിൽനിന്ന് 243 റൺസാണ് താരം അടിച്ചുകൂട്ടിയത്. സെമിയിലും ഫൈനലിലും യഥാക്രമം 45, 48 റൺസാണ് താരം നേടിയത്. ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിനൊപ്പം നായക അരങ്ങേറ്റവും ശ്രേയസ്സ് ഗംഭീരമാക്കി. കളിച്ച മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ പഞ്ചാബ് ജയിച്ചു. ഗുജറാത്ത് ടൈറ്റൻസിനെതിരായ ആദ്യ മത്സരത്തിൽ 97 റൺസുമായി താരം പുറത്താകാതെ നിന്നു. ന്യൂസിലൻഡിന്‍റെ ഓൾ റൗണ്ടർ രചിൻ രവീന്ദ്രയാണ് പട്ടികയിലുള്ള മറ്റൊരു താരം. കീവീസിനെ ചാമ്പ്യൻസ് ട്രോഫി ഫൈനലിലെത്തിക്കുന്നതിൽ രചിന് നിർണായക പങ്കുണ്ടായിരുന്നു. 263 റൺസുമായി ടൂർണമെന്‍റിലെ റൺവേട്ടക്കാരിൽ ഒന്നാമനായിരുന്നു. ഐ.പി.എല്ലിൽ നാലു മത്സരങ്ങളിൽ ഒരു അർധ സെഞ്ച്വറിയടക്കം 109 റൺസാണ് താരം ഇതുവരെ നേടിയത്.
ന്യൂസിലൻഡിന്‍റെ തന്നെ ജേക്കബ് ഡഫിയാണ് പട്ടികയിൽ ഇടംപിടിച്ച മൂന്നാമത്തെ താരം. പാകിസ്താനെതിരായ ട്വന്‍റി20 പരമ്പരയിലെ തകർപ്പൻ ബൗളിങ് പ്രകടനമാണ് ഡഫിയെ പട്ടികയിലെത്തിച്ചത്. ന്യൂസിലൻഡ് 4-1ന് ജയിച്ച പരമ്പരയിൽ 13 വിക്കറ്റുകളാണ് ഡഫി സ്വന്തമാക്കിയത്. 8.38 ആണ് താരത്തിന്‍റെ ശരാശരി. ആദ്യ മത്സരത്തിൽ 14 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റുകളാണ് താരം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

