ഏഷ്യ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചു; സഞ്ജു ടീമിൽ, ശ്രേയസും ജയ്സ്വാളും പുറത്ത്
text_fieldsസഞ്ജു സാംസൺ
ന്യൂഡൽഹി: ഏഷ്യ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടിയിട്ടുണ്ട്. സൂര്യകുമാർ യാദവിനെ ക്യാപ്റ്റനായി നിലനിർത്തി. ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ ഉപനായകനായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെലക്ഷൻ കമ്മിറ്റി യോഗത്തിനു പിന്നാലെ ചീഫ് സെലക്ടർ അജിത് അഗാർക്കറും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേർന്നാണ് ടീം പ്രഖ്യാപിച്ചത്.
ശ്രേയസ് അയ്യരെയും യശസ്വി ജയ്സ്വാളിനെയും ഒഴിവാക്കിയതാണ് ടീം പ്രഖ്യാപനത്തിൽ ഏറെ ശ്രദ്ധേയമായത്. ഇക്കുറി ഐ.പി.എല്ലിൽ ഒട്ടും ഫോമിലല്ലാതിരുന്ന റിങ്കു സിങ്ങിനും ടീമിൽ ഇടം ലഭിച്ചു. ടെസ്റ്റിൽ തകർപ്പൻ ഫോമിലായിരുന്ന മുഹമ്മദ് സിറാജിനും വാഷിങ്ടൺ സുന്ദറിനും ടീമിൽ സ്ഥാനം കിട്ടിയില്ല. പിൻനിരയിൽ ബാറ്റുവീശാൻ റിങ്കുവിനെ പരിഗണിച്ചപ്പോഴാണ് സുന്ദറിന് പുറത്തേക്ക് വഴി തുറന്നത്.
വിക്കറ്റ് കീപ്പറായി സഞ്ജുവിനൊപ്പം ജിതേഷ് ശർമയെയും ടീമിലെടുത്തിട്ടുണ്ട്. ഐ.പി.എല്ലിൽ ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു നിരയിൽ നടത്തിയ മിന്നും പ്രകടനമാണ് ജിതേഷിന് ടീമിൽ ഇടം നേടിക്കൊടുത്തത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ധ്രുവ് ജുറേലിനെ റിസർവ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ശ്രേയസ് അയ്യർ 2023ൽ ആസ്ട്രേലിയക്കെതിരെയാണ് അവസാനമായി ഇന്ത്യക്കുവേണ്ടി ട്വന്റി20 കളിച്ചത്. എന്നാൽ, ഇക്കുറി ഐ.പി.എല്ലിൽ കാഴ്ചവെച്ച തകർപ്പൻ പ്രകടനം ദേശീയ ടീമിലേക്ക് ശ്രേയസിന് തിരിച്ചുവരവ് ഒരുക്കുമെന്ന് കരുതിയവർ ഏറെയായിരുന്നു. 50.33 ശരാശരിയിൽ 175 പ്രഹരശേഷിയുമായി 604 റൺസാണ് ഇക്കുറി ഐ.പി.എല്ലിൽ ശ്രേയസ് അടിച്ചുകൂട്ടിയത്. രാജസ്ഥാൻ റോയൽസിന്റെ ഏറ്റവും മികച്ച റൺവേട്ടക്കാരനായ ജയ്സ്വാൾ ഐ.പി.എല്ലിൽ 43റൺസ് ശരാശരിയിൽ 559 റൺസും നേടി. 159.71 ആണ് സ്ട്രൈക്ക് റേറ്റ്. 15 മത്സരങ്ങളിൽ 25 വിക്കറ്റുമായി ഐ.പി.എല്ലിലെ മികച്ച വിക്കറ്റ് വേട്ടക്കാരനായ പ്രസിദ്ധ് കൃഷ്ണയും തഴയപ്പെട്ടവരിൽ ഉൾപെടുന്നു.
സെപ്റ്റംബർ ഒമ്പതു മുതൽ 28 വരെ ദുബൈയിലും അബൂദബിയിലുമായാണ് ഇക്കുറി ഏഷ്യ കപ്പ് മത്സരങ്ങൾ അരങ്ങേറുന്നത്. പാക്കിസ്ഥാൻ, ആതിഥേയരായ യു.എ.ഇ, ഒമാൻ ടീമുകൾക്കൊപ്പം ഗ്രൂപ് ‘എ’യിലാണ് ഇന്ത്യയുടെ സ്ഥാനം. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് ടീമുകൾ ഗ്രൂപ് ‘ബി’യിലും. ദുബൈയിൽ 11ഉം അബൂദബിയിൽ എട്ടും മത്സരങ്ങളാണ് അരങ്ങേറുക. സെപ്റ്റംബർ ഒമ്പതിന് അബൂദബിയിൽ അഫ്ഗാനിസ്ഥാനും ഹോങ്കോങ്ങും തമ്മിലാണ് ഉദ്ഘാടന മത്സരം.
ടീമിനെ തെരഞ്ഞെടുക്കുന്നതിന്റെ ഉത്തരവാദിത്വം മാത്രമേ സെലക്ഷൻ കമ്മിറ്റിക്ക് ഉള്ളൂവെന്നും കളിയിൽ അന്തിമ ഇലവനെ തെരഞ്ഞെടുക്കുന്നത് കോച്ചും ക്യാപ്റ്റനുമാണെന്നും ചീഫ് സെലക്ടർ അജിത് അഗാർക്കർ വ്യക്തമാക്കി. ദുബൈയിൽ എത്തിയശേഷം ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും. ശുഭ്മൻ കുറച്ചുമാസങ്ങളായി മികച്ച ഫോമിലാണ്. അതുപോലെ സഞ്ജുവും. അഭിഷേക് ശർമക്കൊപ്പം രണ്ടു മികച്ച ഒപ്ഷനുകളാണ് ഇപ്പോൾ ടീമിനുള്ളത്’ -അഗാർക്കർ ചൂണ്ടിക്കാട്ടി.
ജെയ്സ്വാൾ അഞ്ചു റിസർവ് താരങ്ങളിൽ ഒരാളാണ്. പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടൺ സുന്ദർ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ എന്നിവരാണ് മറ്റു റിസർവ് താരങ്ങൾ.
ടീം
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, സഞ്ജു സാംസൺ, ഹർഷിത് റാണ, റിങ്കു സിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

