ഇന്ത്യൻ വനിത, പുരുഷ ക്രിക്കറ്റ് ടീമുകൾ ഇന്ന് കളത്തിൽ
text_fieldsവനിത ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ നിർണായകം
ഇന്ദോർ: വനിത ഏകദിന ലോകകപ്പിൽ കന്നിക്കിരീടം തേടുന്ന ഇന്ത്യക്ക് ഞായറാഴ്ച നിർണായക മത്സരം. നാല് കളികളിൽ നാല് പോയന്റുമായി പട്ടികയിൽ നാലാംസ്ഥാനത്തുള്ള ഹർമൻപ്രീത് കൗറിനും സംഘത്തിനും സെമി ഫൈനൽ സാധ്യത നിലനിർത്താൻ ഇന്ന് ഇംഗ്ലണ്ടിനെതിരെ ജയം അനിവാര്യമാണ്. ആസ്ട്രേലിയ (9), ദക്ഷിണാഫ്രിക്ക (8) ടീമുകൾക്ക് പിന്നിൽ അപരാജിതരായി ഏഴ് പോയന്റോടെ മൂന്നാംസ്ഥാനത്തുണ്ട് ഇംഗ്ലീഷുകാരികൾ.
അഞ്ച് മത്സരങ്ങളിൽ നാല് പോയന്റുമായി ന്യൂസിലൻഡ് അഞ്ചാമതും. കിവികളെയും ബംഗ്ലാദേശിനെയുമാണ് ഇന്ത്യക്ക് ഇനി നേരിടാനുള്ളത്. ഇന്ന് ഇംഗ്ലണ്ടിനോട് തോറ്റാൽ ആദ്യ നാലിലെത്താൻ ടീമിന് പിന്നെ ജീവന്മരണ പോരാട്ടം നടത്തേണ്ടി വരും. ഇന്ത്യക്ക് ഭീഷണിയാവാൻ സാധ്യതയുള്ള ന്യൂസിലൻഡിന് രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്.
ടൂർണമെന്റിൽ മികച്ച തുടക്കമായിരുന്നു ഇന്ത്യയുടേത്. ശ്രീലങ്കയെയും പാകിസ്താനെയും മികച്ച വ്യത്യാസത്തിൽ തോൽപിച്ച് വരവറിയിച്ച വിമെൻ ഇൻ ബ്ലൂവിന് പക്ഷേ പിന്നീട് യഥാക്രമം ദക്ഷിണാഫ്രിക്കയോടും ആസ്ട്രേലിയയോടും പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. അവസാന രണ്ട് കളികളിലും വിജയപ്രതീക്ഷയുണ്ടായിരുന്നിട്ടും കൈവിടുകയായിരുന്നു. ആസ്ട്രേലിയയോട് ആദ്യം ബാറ്റ് ചെയ്ത് 330 റൺസ് അടിച്ചെടുത്തിട്ടും ഫലമുണ്ടായില്ല.
ബാറ്റർമാരായ സ്മൃതി മന്ദാന, പ്രതിക റാവൽ, ഹർലീൻ ഡിയോൾ, റിച്ച ഘോഷ് തുടങ്ങിയവർ ഫോം തുടരുന്നുണ്ട്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനും ജെമീമ റോഡ്രിഗസിനും ഇനിയും വലിയ സ്കോറുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്പിൻ ഓൾ റൗണ്ടർ ദീപ്തി ശർമയാണ് മറ്റൊരു വിശ്വസ്ത. ബാറ്റിങ് ഓൾ റൗണ്ടറും പേസറുമായ അമൻജോത് കൗറും അവസരത്തിനൊത്തുയരുന്നുണ്ട്. മറ്റൊരു പേസർ ക്രാന്തി ഗൗഡും സ്പിന്നർമാരായ സ്നേഹ് റാണയും ശ്രീചരണിയും ചേരുന്ന മികവുറ്റനിരതന്നെയാണ് ആതിഥേയരുടെത്.
ദക്ഷിണാഫ്രിക്ക സെമിയിൽ
കൊളംബോ: വനിത ലോകകപ്പ് സെമി ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീമായി ദക്ഷിണാഫ്രിക്ക. ഇന്നലെ നടന്ന ന്യൂസിലൻഡ്-പാകിസ്താൻ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് ആസ്ട്രേലിയക്ക് (9) പിന്നിൽ ദക്ഷിണാഫ്രിക്കക്കും (8) അവസാന നാലിൽ ഇടം ലഭിച്ചത്. കിവികളും പാകിസ്താനും ഓരോ പോയന്റ് പിന്നിട്ടു. സെമിയിൽ കടക്കാൻ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും നിർണായകമാണ് ന്യൂസിലൻഡിന്. ഇന്ത്യക്ക് പിന്നിൽ ഇവർ അഞ്ചാമതാണിപ്പോൾ. പാകിസ്താനാവട്ടെ (2) ഒരു ജയംപോലും നേടാനാവാതെ അവസാന സ്ഥാനത്തും.
ഒാസീസിനെതിരായ ഏകദിന പരമ്പരയിൽ ആദ്യ മത്സരം
പെർത്ത്: ഇന്ത്യൻ ക്രിക്കറ്റിലെ വിഖ്യാതരായ വിരാട് കോഹ്ലിയും രോഹിത് ശർമയും ഏഴ് മാസത്തെ ഇടവേളക്കുശേഷം അന്താരാഷ്ട്ര ജഴ്സിയണിയുന്നു. ആസ്ട്രേലിയക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരക്ക് ഞായറാഴ്ച തുടക്കം കുറിക്കുമ്പോൾ പുതിയ നായകന് കീഴിലാണ് മെൻ ഇൻ ബ്ലൂ.
ആസ്ട്രേലിയ, ഇന്ത്യ നായകരായ മിച്ചൽ മാർഷും ശുഭ്മൻ ഗില്ലും ഏകദിന പരമ്പര കിരീടവുമായി
മാർച്ചിൽ ചാമ്പ്യൻസ് ട്രോഫിയും നേടിക്കൊടുത്ത രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയാണ് ഇയ്യിടെ ആസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. ശുഭ്മൻ ഗില്ലിന് കീഴിൽ ഇറങ്ങുന്ന സംഘത്തിൽ രോഹിത്തിനെയും കോഹ്ലിയെയും ഉൾപ്പെടുത്തിയിട്ടുണ്ട് സെലക്ടർമാർ. ഈ പരമ്പരയിൽ മിന്നുകയെന്നത് ‘രോകോ’യെ സംബന്ധിച്ച് നിലനിൽപ് പ്രശ്നം കൂടിയാണ്.
ഏകദിനത്തിൽ നായകനായി അരങ്ങേറുന്ന പരമ്പരയിൽ ഗില്ലാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. വിദേശമണ്ണിൽ അതും ആസ്ട്രേലിയയിൽ പരമ്പര ജയിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. കരുത്തുറ്റ സംഘത്തെ അണിനിരത്തി അതിന് കഴിയുമെന്ന വിശ്വാസത്തിലാണ് ടീം ഇന്ത്യ. ഓപണർമാരായി രോഹിത്തും ഗില്ലും തുടരാനാണ് സാധ്യത. തുടർന്ന് കോഹ്ലിയും ശ്രേയസ് അയ്യരും കെ.എൽ. രാഹുലുമെത്തും. രാഹുലിന് വിക്കറ്റ് കീപ്പറുടെ അധികച്ചുമതലയും നൽകും. പരിക്കേറ്റ് പുറത്തായ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ സ്ഥാനം കാത്തിരിക്കുന്നത് നിതീഷ് കുമാർ റെഡ്ഡിയാണ്. സ്പിൻ ഓൾ റൗണ്ടറായി അക്ഷർ പട്ടേലുണ്ടാവും.
പേസ് ബൗളിങ് നിരയിൽ മുഹമ്മദ് സിറാജിനും അർഷ്ദീപ് സിങ്ങിനുമൊപ്പം പ്രസിദ്ധ് കൃഷ്ണയോ ഹർഷിത് റാണയോ എത്തും. സ്പെഷലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവും. മിച്ചൽ മാർഷ് നേതൃത്വം നൽകുന്ന കംഗാരുപ്പടയിൽ ക്യാപ്റ്റനും പേസറുമായ പാറ്റ് കമ്മിൻസ്, വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഇംഗ്ലിസ്, ഓൾ റൗണ്ടർ കാമറൂൺ ഗ്രീൻ, സ്പിന്നർ ആഡം സാംപ തുടങ്ങിയവർ പരിക്കുമൂലം പുറത്താണ്. എങ്കിലും ലോകോത്തര പേസർമാരായ മിച്ചൽ സ്റ്റാർക്, ജോഷ് ഹേസിൽവുഡ്, ഇന്ത്യക്കെതിരെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാറുള്ള ട്രാവിസ് ഹെഡ് ഉൾപ്പെടെയുള്ളവരിലാണ് ആതിഥേയ പ്രതീക്ഷ.
ടീം ഇവരിൽനിന്ന്
ഇന്ത്യ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, അക്ഷർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, വാഷിങ്ടൺ സുന്ദർ, യശ്വസ്വി ജയ്സ്വാൾ, ധ്രുവ് ജുറൽ.
ആസ്ട്രേലിയ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സേവ്യർ ബാർട്ട്ലെറ്റ്, കൂപ്പർ കൊനോലി, ബെൻ ദ്വാർഷുയിസ്, നതാൻ എല്ലിസ്, ജോഷ് ഹേസിൽവുഡ്, ട്രാവിസ് ഹെഡ്, മാത്യു കുനിമാൻ, മാർനസ് ലാബുഷാൻ, മിച്ചൽ ഓവൻ, ജോഷ് ഫിലിപ്പ്, മാത്യു റെൻഷോ, മിച്ചൽ സ്റ്റാർക്, മാത്യു ഷോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

