വനിതാ ഏകദിനം: ആസ്ട്രേലിയയോട് തോറ്റ് ഇന്ത്യ
text_fieldsബ്രിസ്ബേൻ: വനിത ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. അഞ്ച് വിക്കറ്റിനായിരുന്നു ആതിഥേയരായ ആസ്ട്രേലിയയുടെ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 34.2 ഓവറിൽ വെറും 100 റൺസിന് എല്ലാവരും പുറത്തായി. ആസ്ട്രേലിയ 16.2 ഓവറിൽ അഞ്ച് വിക്കറ്റിന് ലക്ഷ്യം കണ്ടു. 19 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഇവരുടെ പേസർ മെഗാൻ ഷട്ടാണ് കളിയിലെ താരം.
ഇന്ത്യൻ ബാറ്റർമാരിൽ ജെമീമ റോഡ്രിഗസ് (23), ഹർലീൻ ഡിയോൾ (19), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (17), റിച്ച ഘോഷ് (14) എന്നിവർ രണ്ടക്കം കടന്നെങ്കിലും കാര്യമായ സംഭാവന ചെയ്യാനായില്ല. ആസ്ട്രേലിയൻ നിരയിൽ ഓപണർമാരായ ജോർജിയ വോൾ (42 പന്തിൽ 46 നോട്ടൗട്ട്), ഫീബ് ലിച്ച്ഫീൽഡ് (29 പന്തിൽ 35) എന്നിവർ ബാറ്റിങ്ങിലും തിളങ്ങി. ഇന്ത്യക്കായി രേണുക സിങ് മൂന്നും പ്രിയ മിശ്ര രണ്ടും വിക്കറ്റെടുത്തു. മലയാളി താരം മിന്നു മണിക്ക് അന്തിമ ഇലവനിൽ ഇടം ലഭിച്ചില്ല.

