കറാച്ചി സ്റ്റേഡിയത്തിൽ ഇന്ത്യൻ പതാകയില്ല, വിഡിയോ പുറത്ത്; ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് പുതിയ വിവാദം
text_fieldsകറാച്ചി: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ടൂർണമെന്‍റിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാക സ്റ്റേഡിയത്തിൽ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും വിവാദമുയരുന്നു. കറാച്ചി നാഷനൽ സ്റ്റേഡിയത്തിൽ ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളുടെ പതാകയാണുള്ളത്. ഇതിന്‍റെ വിഡിയോ പുറത്തുവന്നതോടെയാണ് വിവാദമുയർന്നത്.
ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്താൻ, പാകിസ്താൻ, ഇംഗ്ലണ്ട് ടീമുകളുടെ മത്സരങ്ങളാണ് കാറാച്ചി സ്റ്റേഡിയത്തിൽ നടക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങൾ പൂർണമായും ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സംഘടിപ്പിക്കും. ഇതാകാം കറാച്ചി സ്റ്റേഡിയത്തിൽ ഇന്ത്യൻ പതാക ഇല്ലാത്തതിനു പിന്നിലെന്നും വിലയിരുത്തലുണ്ട്. എന്നാൽ സമൂഹമാധ്യമങ്ങളിൽ സംഭവവുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
19ന് പാകിസ്താൻ -ന്യൂസീഡൻഡ് മത്സരത്തോടെയാണ് ചാമ്പ്യൻസ് ട്രോഫിക്ക് തുടക്കമാകുക. 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യക്ക് ആദ്യ മത്സരം. 23ന് പാകിസ്താനും മാർച്ച് രണ്ടിന് ന്യൂസിലൻഡും എതിരാളികളാകും. എട്ടുവർഷത്തെ ഇടവേളക്കുശേഷം തിരികെയെത്തുന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ജേതാക്കളെ കാത്തിരിക്കുന്നത് 19.5 കോടി രൂപയാണ്. പാകിസ്താനാണ് നിലവിലെ ചാമ്പ്യന്മാർ. 2027 മുതൽ വനിതകൾക്കും ട്വന്റി20 ചാമ്പ്യൻസ് ട്രോഫി ആരംഭിക്കും.
നേരത്തെ ടൂർണമെന്‍റിനായി ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകില്ലെന്ന ബി.സി.സി.ഐ നിലപാടിനെ പി.സി.ബി രൂക്ഷമായി വിമർശിച്ചിരുന്നു. ഐ.സി.സി.യുടെ ഇടപെടലിനെ തുടർന്നാണ് ടൂർണമെന്‍റ് ഹൈബ്രിഡ് മോഡലിലാക്കാമെന്ന് തീരുമാനമായത്. ഇന്ത്യയുെട എല്ലാ മത്സരങ്ങളും ദുബൈയിൽ നടത്താമെന്ന് സമ്മതിച്ച പി.സി.ബി, സെമി, ഫൈനൽ മത്സരങ്ങൾക്ക് ഇന്ത്യ യോഗ്യത നേടിയില്ലെങ്കിൽ ഇവ പാകിസ്താനിൽ നടത്തണമെന്നും വ്യവസ്ഥ വെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

