ഹോട്ടലിനു സമീപം സംശയാസ്പദമായ പൊതി; ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോട് പുറത്തിറങ്ങരുതെന്ന് പൊലീസ് നിർദേശം
text_fieldsബിർമിങ്ഹാം: എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിന് തയാറെടുക്കുന്നതിനിടെ, ഇന്ത്യൻ ടീം താമസിക്കുന്ന ഹോട്ടലിനു സമീപം സംശയാസ്പദമായ സാഹചര്യത്തിൽ പൊതി കണ്ടെത്തിയത് ആശങ്കക്കിടയാക്കി. ബിര്‍മിങ്ഹാം സെന്റിനറി ചത്വരത്തിനു സമീപത്തുനിന്നാണ് പൊതി കണ്ടെത്തിയത്.
മുൻകരുതൽ നടപടികളുടെ ഭാഗമായി ഇന്ത്യൻ താരങ്ങളോട് പുറത്തിറങ്ങരുതെന്ന് ബിര്‍മിങ്ഹാം സിറ്റി സെന്‍റർ പൊലീസ് അറിയിച്ചു. ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ പി.ടി.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പൊലീസ് വിശദമായ പരിശോധന നടത്തി ഒരു മണിക്കൂറിനുശേഷമാണ് സാഹചര്യം സാധാരണനിലയിലായത്. സമീപത്തെ കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.
ഒന്നാം ടെസ്റ്റിൽ രണ്ടു ഇന്നിങ്സുകളിലുമായി അഞ്ചു സെഞ്ച്വറികൾ പിറന്നിട്ടും ഇംഗ്ലണ്ടിനോട് അഞ്ചു വിക്കറ്റിന് തോറ്റതിന്‍റെ ക്ഷീണത്തിലാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണിൽ കളിക്കാനിറങ്ങുന്നത്. ഇവിടെ ഇംഗ്ലണ്ടിനെതിരെ എട്ട് ടെസ്റ്റ് മത്സരങ്ങൾ കളിച്ചതിൽ ഒന്നിൽപ്പോലും ജയിക്കാനായില്ലെന്ന് മാത്രമല്ല ഏഴെണ്ണത്തിലും തോൽവിയായിരുന്നു ഫലം.
ആ ചരിത്രം തിരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശുഭ്മൻ ഗില്ലും സംഘവും രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. ജയിച്ചാൽ അഞ്ച് മത്സര പരമ്പരയിൽ 1-1ന് ആതിഥേയർക്കൊപ്പമെത്താം. സമനില പോലും ഇന്ത്യയെ സംബന്ധിച്ച് ക്ഷീണമാണ്. ഒരു സ്പെഷലിസ്റ്റ് ബൗളറുടെ അഭാവം ഇന്ത്യൻ നിരയിൽ പ്രകടമായിരുന്നു. രവീന്ദ്ര ജദേജയെക്കൂടാതെ ഒരു സ്പിന്നറെക്കൂടി കളിക്കുകയെന്ന ചർച്ച സജീവമാണ്.
കുൽദീപ് യാദവ് ഇറങ്ങിയേക്കുമെന്ന സൂചനയാണ് പരിശീലക സംഘത്തിലുള്ളവർ പങ്കുവെക്കുന്നത്. ബാറ്റിങ്ങിന് കൂടി പരിഗണന നൽകിയാണ് സ്പിൻ ഓൾ റൗണ്ടർ വാഷിങ്ടൺ സുന്ദറിന് സാധ്യത തെളിയും. അപ്പോഴും സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ ചുറ്റിപ്പറ്റി സസ്പെൻസ് തുടരുകയാണ്. പരമ്പരയിൽ ബുംറയെ മൂന്ന് മത്സരങ്ങളിൽ മാത്രം കളിപ്പിക്കാനാണ് തീരുമാനം. പേസ് ബൗളിങ് ഡിപ്പാർട്മെന്റിൽ മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണക്കും സ്ഥാനം ഉറപ്പാണ്.
ബുംറയില്ലെങ്കിൽ ആകാശ്ദീപിന് അരങ്ങേറ്റത്തിന് അവസരമൊരുങ്ങിയേക്കും. പേസ് ബൗളിങ് ഓൾ റൗണ്ടർ ശാർദുൽ ഠാകുർ രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ബാറ്ററെന്ന നിലയിൽ പൂർണ പരാജയമായിരുന്നു. നിതീഷ് കുമാർ റെഡ്ഡിക്ക് ഇത് വഴി തുറക്കാനിടയുണ്ട്. ഓൾ റൗണ്ടറടക്കം നാല് പേസർമാരും രണ്ട് സ്പിന്നർമാരും ഇറങ്ങുന്ന പക്ഷം ഒരു ബാറ്ററെ കുറക്കേണ്ടിവരും. സായ് സുദർശനോ കരുൺ നായരോ ബെഞ്ചിലിരിക്കാൻ ഈ തീരുമാനം ഇടയാക്കും. ഒന്നാം ടെസ്റ്റ് ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിൽ വിജയ ഇലവനിൽ ഇംഗ്ലണ്ട് മാറ്റം വരുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

