'നീരജ് ചോപ്രയെ ആശിഷ് നെഹ്റയാക്കി'; പാക് രാഷ്ട്രീയ നിരീക്ഷകനെ ട്രോളി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
text_fieldsഇന്ത്യൻ ജാവലിൻ സൂപ്പർ സ്റ്റാർ നീരജ് ചോപ്രക്കു പകരം മുൻ ക്രിക്കറ്റ് താരം ആശിഷ് നെഹ്റയുടെ പേര് പരാമർശിച്ച് ആശയക്കുഴപ്പമുണ്ടാക്കിയ പാകിസ്താൻ രാഷ്ട്രീയ നിരീക്ഷകനെ ട്രോളി വിരേന്ദർ സെവാഗ്.
കഴിഞ്ഞദിവസം സമാപിച്ച കോമൺവെൽത്ത് ഗെയിംസിൽ ജാവലിൻ ത്രോയിൽ സ്വർണ മെഡൽ നേടിയ അർഷാദ് നദീമിനെ അഭിനന്ദിച്ച് പാക് രാഷ്ട്രീയ നിരീക്ഷകൻ സെയ്ദ് ഹമീദ് ട്വിറ്ററിൽ കുറിപ്പിട്ടിരുന്നു. അശിഷ് നെഹ്റയെയാണ് പരാജയപ്പെടുത്തിയതെന്നും ട്വീറ്റിൽ പറയുന്നുണ്ട്. ഇതിന്‍റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടെ പോസ്റ്റ് ചെയ്താണ് മുൻ ക്രിക്കറ്റ് താരം സെവാഗ് ട്വിറ്ററിൽ സെയ്ദ് ഹമീദിനെ ട്രോളുന്നത്.
ഇന്ത്യൻ ജാവലിൻ ത്രോ ഹീറോ ആശിഷ് നെഹ്റയെ തോൽപിച്ചെന്നതാണ് പാകിസ്താൻ താരത്തിന്‍റെ വിജയത്തെ കൂടുതൽ മധുരതരമാക്കുന്നത്. അവസാന മത്സരത്തിൽ ആശിഷ് അർഷാദ് നദീമിനെ പരാജയപ്പെടുത്തിയിരുന്നു. എന്തൊരു മധുരപ്രതികാരം എന്നായിരുന്നു സെയ്ദ് ഹമീദിന്‍റെ ട്വീറ്റ്.
യഥാർഥത്തിൽ നീരജ് ചോപ്ര പരിക്കിനെ തുടർന്ന് കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്തിരുന്നില്ല. ബെർമിങ്ഹാമിൽ 90 മീറ്ററിലധികം ജാവലിൽ പായിച്ചാണ് പാകിസ്താൻ താരം സ്വർണം നേടിയത്. അതേസമയം, കഴിഞ്ഞ വർഷം നടന്ന ടോക്യോ ഒളിമ്പിക്സിലും ലോക അത് ലറ്റ് ചാമ്പ്യൻഷിപ്പിലും അർഷാദ് നദീമിനെ പരാജയപ്പെടുത്തിയാണ് നീരജ് ചോപ്ര സ്വർണ മെഡൽ നേടിയത്.
ഇതാണ് സെവാഗിനെ ചൊടിപ്പിച്ചത്. ചിച്ചാ, ആശിഷ് നെഹ്‌റ ഇപ്പോൾ യു.കെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പിന് തയാറെടുക്കുകയാണെന്ന പരിഹാസ കുറിപ്പിനൊപ്പം സെയ്ദ് ഹമീദിന്‍റെ അബദ്ധ ട്വീറ്റിന്‍റെ സ്ക്രീൻ ഷോട്ടും ചേർത്താണ് സെവാഗ് ട്വിറ്ററിൽ മറുപടി നൽകിയത്.
നേരത്തെ, നദീം അർഷാദിനെ അഭിനന്ദിച്ച് നീരജ് രംഗത്തുവന്നിരുന്നു. സ്വർണ മെഡൽ നേടിയതിനും 90 മീറ്ററിനപ്പുറം എറിഞ്ഞ് ഗെയിംസ് റെക്കോഡ് കുറിച്ചതിനും അർഷാദ് ഭായിക്ക് അഭിനന്ദനും എന്നായിരുന്നു നീരജിന്‍റെ ട്വീറ്റ്.