ഇന്ത്യൻ താരങ്ങൾ പെർത്തിൽ
text_fieldsവിരാട് കോഹ്‍ലി പരിശീലനത്തിൽ
പെർത്ത്: ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമംഗങ്ങൾ എത്തിത്തുടങ്ങി. പ്രാദേശിക സമയം വ്യാഴാഴ്ച പുലർച്ചെ നാലുമണിക്കാണ് ടീം ഹോട്ടലിലെത്തിയത്. ഡൽഹിയിൽ നിന്ന് വിമാനം പുറപ്പെടാൻ നാല് മണിക്കൂറോളം വൈകിയിരുന്നു.
മുൻ ക്യാപ്റ്റന്മാരായ വിരാട് കോഹ്‍ലി, രോഹിത് ശർമ, പുതിയ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, കെ.എൽ. രാഹുൽ, യശസ്വി ജയ്സ്വാൾ, അർഷദീപ് സിങ്, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടൺ സുന്ദർ, ശ്രേയസ് അയ്യർ എന്നിവരും സപ്പോർട്ട് സ്റ്റാഫുമാണ് എത്തിയത്. കോച്ച് ഗൗതം ഗംഭീറും പരിശീലക സംഘവും പിന്നീടെത്തി.
മാർച്ചിൽ ചാമ്പ്യൻസ് ട്രോഫി നേടിയ ശേഷം കോഹ്‍ലിയും രോഹിത് ശർമയും ആദ്യമായാണ് ഏകദിനത്തിൽ കളിക്കുന്നത്. ഇംഗ്ലണ്ടിലും നാട്ടിലും ടെസ്റ്റിൽ മകിച്ച ക്യാപ്റ്റൻസി പുറത്തെടുത്ത ഗില്ലിനും ഈ പരമ്പര നിർണായകമാണ്.
ഹോട്ടലിലെത്തി അൽപസമയം വിശ്രമിച്ച ശേഷം ഇന്ത്യൻ ടീം പരിശീലനത്തിനിറങ്ങി. രോഹിതും കോഹ്‍ലിയും അര മണിക്കൂർ നെറ്റ്സിൽ ചെലവഴിച്ചു. ഇന്നും നാളെയും ടീം പരിശീലനം തുടരും. ഈ മാസം 19ന് പെർത്തിലാണ് ആദ്യ ഏകദിനം. 23ന് അഡലെയ്ഡിലും 25ന് സിഡ്നിയിലും മത്സരമുണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ ആദ്യ കളി 29ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

