'എന്‍റെ മാർഗദീപം, എന്നുമെന്‍റെ സ്നേഹം' - ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം പ്രിയ പുനിയയുടെ മാതാവ് കോവിഡ് ബാധിച്ച് മരിച്ചു
text_fieldsന്യൂഡല്‍ഹി: ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം പ്രിയ പുനിയയുടെ മാതാവ് കോവിഡ് ബാധിച്ച് മരിച്ചു. ചൊവ്വാഴ്ചയായിരുന്നു അന്ത്യം. സോഷ്യല്‍ മീഡിയയിൽ പോസ്റ്റ് ചെയ്ത വികാരനിർഭരമായ കുറിപ്പിലൂടെയാണ് പ്രിയ മാതാവിന്‍റെ മരണ വിവരം പങ്കുവെച്ചത്.
'കരുത്തുള്ളവളായിരിക്കണം എന്ന് എപ്പോളും നിങ്ങൾ പറയുമായിരുന്നതിന്‍റെ കാരണം എന്തായിരുന്നു എന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു. നിങ്ങളുടെ നഷ്ടം സഹിക്കാനും മാത്രം കരുത്തുള്ളവളായി ഞാനൊരിക്കൽ മാറേണ്ടി വരുമെന്ന് നിങ്ങൾക്കറിയാമായിരുന്നു. നിങ്ങളെ വല്ലാതെ മിസ്സ് ചെയ്യുന്നു, അമ്മ.... എത്ര അകലെയാണെങ്കിലും നിങ്ങൾ എന്നും എനിക്കൊപ്പമുണ്ടാകും എന്നറിയാം. എന്‍റെ മാർഗദീപമേ, എന്‍റെ അമ്മേ, എന്നും നിങ്ങളെ ഞാൻ സ്നേഹിക്കുന്നു. ജീവിതത്തിലെ ചില യാഥാർഥ്യങ്ങൾ ഉൾക്കൊള്ളാൻ വളരെ ബുദ്ധിമുട്ടാണ്. നിങ്ങളുടെ ഓർമ്മകൾ ഒരിക്കലും മറക്കുകയില്ല. ശാന്തമായി ഉറങ്ങുക, അമ്മേ...'- പ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കോവിഡ് നിയമങ്ങൾ പാലിക്കുകയും മുൻകരുതലുകൾ എടുക്കുകയും വേണമെന്നും പ്രിയ ഓർമിപ്പിച്ചു. 'ഈ വൈറസ് ഏറെ അപകടകാരിയാണ്. മാസ്ക് ധരിക്കൂ, സാമൂഹിക അകലം പാലിക്കൂ, സുരക്ഷിതരായിരിക്കൂ, ശക്തരായിരിക്കൂ' - പ്രിയ പുനിയ കുറിച്ചു. ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിൽ 2019 ഫെബ്രുവരിയിൽ അരങ്ങേറ്റം കുറിച്ച ഇതുവരെ ഏഴ് ഏകദിനങ്ങളും മൂന്ന് ട്വന്‍റി20യും കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

