ലോക രാജ്ഞിമാരെത്തി, കളിവെട്ടത്തിൽ കാര്യവട്ടം; ഇന്ത്യ-ശ്രീലങ്ക ട്വന്റി20 നാളെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ
text_fieldsഇന്ത്യൻ വനിത ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന സഹതാരങ്ങൾക്കൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് പുറത്തേക്ക്
തിരുവനന്തപുരം: ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യയുടെ ക്രിക്കറ്റ് രാജ്ഞിമാർ നാളെ കാര്യവട്ടത്ത് ഇറങ്ങും. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ രണ്ട് കളികളും ജയിച്ച ഇന്ത്യൻ ടീം മൂന്നാം അങ്കത്തിനായി ബുധനാഴ്ച തലസ്ഥാനത്തെത്തി. ഇന്നലെ വൈകീട്ട് 5.40 ന് പ്രത്യേക വിമാനത്തില് അനന്തപുരിയുടെ മണ്ണിലേക്ക് പറന്നിറങ്ങിയ ഇന്ത്യ, ശ്രീലങ്ക ടീമുകളെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. മലയാളി അന്താരാഷ്ട്ര താരം സജന സജീവനും സഹതാരങ്ങളെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു.
വെള്ളിയാഴ്ച രാത്രി ഏഴിനാണ് പരമ്പരയിലെ മൂന്നാം മത്സരം. പരമ്പരയിലെ അവസാന മത്സരങ്ങളും കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുക. ചരിത്രത്തിൽ ആദ്യമായാണ് രാജ്യാന്തര വനിതാ ക്രിക്കറ്റിന് കേരളം വേദിയാവുന്നത്. മത്സരത്തിന് മുന്നോടിയായി ഇരുടീമും ഇന്ന് പരിശീലനത്തിന് ഇറങ്ങും. ഉച്ചക്ക് രണ്ടു മുതൽ അഞ്ചുവരെ ക്യാപ്റ്റൻ ചമാരി അത്തപ്പത്തുവിന്റെ നേതൃത്വത്തിൽ ലങ്കയപം വൈകീട്ട് ആറുമുതൽ ഒമ്പത് വരെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിൽ ആതിഥേയരും പരിശീലനം നടത്തും. ഏകദിനത്തിൽ ആദ്യമായി ഇന്ത്യയെ ലോക ചാമ്പ്യന്മാരാക്കിയ സംഘത്തിലെ ഒരുപിടി താരങ്ങൾ ഹർമൻ സ്ക്വാഡിലുണ്ട്.
25,000 കായികപ്രേമികളെയാണ് ഗ്രീൻഫീൽഡിലേക്ക് പ്രതീക്ഷിക്കുന്നതെന്ന് കെ.സി.എ ഭാരവാഹികൾ അറിയിച്ചു. സ്ത്രീകൾക്കും വിദ്യാർഥികൾക്കും 125 രൂപയാണ് ടിക്കറ്റ് നിരക്ക്. മറ്റുള്ളവർക്ക് 250 രൂപ നിരക്കിൽ ജനറൽ ടിക്കറ്റുകൾ ലഭ്യമാകും. ഹോസ്പിറ്റാലിറ്റി സീറ്റുകൾക്ക് 3000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. https://ticketgenie.in/ticket/India-Srilanka-Women-Finals-Thiruvananthapuram എന്ന വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് വിൽപന ക്രമീകരിച്ചിരിക്കുന്നത്. രാത്രി ഏഴു മുതലാണ് കളി. അവസാന രണ്ട് മത്സരങ്ങൾ ഡിസംബർ 28, 30 തീയതികളിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

