ഒന്നാം വനിത ട്വന്റി20യിൽ മഴക്കളി: ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം
text_fieldsഇന്ത്യൻ ബൗളർ രേണുക സിങ് താക്കൂർ സഹതാരം ശ്രേയങ്ക പാട്ടിലിനൊപ്പം വിക്കറ്റ് ആഘോഷത്തിൽ
സിഡ്നി: വനിത ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം. മഴ കളി തടസ്സപ്പെടുത്തിയതിനെത്തുടർന്ന് ഡെക്ക് വർത്ത്-ലൂയിസ് നിയമപ്രകാരം ഇന്ത്യ 21 റൺസിന് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ 18 ഓവറിൽ 133 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ സന്ദർശകർ 5.1 ഓവറിൽ ഒരു വിക്കറ്റിന് 50 റൺസിൽ നിൽക്കെ മഴ പെയ്തു. തുടർന്നാണ് ഡി.എൽ.എസ് നിയമപ്രകാരം വിജയികളെ തീരുമാനിച്ചത്.
ഷഫാലി വർമ 11 പന്തിൽ 21 റൺസടിച്ച് മടങ്ങിയപ്പോൾ ഓപണർ സ്മൃതി മന്ദാനയും (16) ജെമീമ റോഡ്രിഗസും (9) പുറത്താവാതെ നിന്നു. 30 റൺസെടുത്ത ജോർജിയ വെയർഹാം ആണ് ആതിഥേയരുടെ ടോപ് സ്കോറർ. ഇന്ത്യക്കായി അരുന്ധതി റെഡ്ഡി നാലും രേണുക സിങ്ങും ശ്രീ ചരണിയും രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി. അരുന്ധതിയാണ് കളിയിലെ താരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
റൈസിങ് സ്റ്റാർസ് വനിത ഏഷ്യ കപ്പ്: പാകിസ്താനെ തകർത്ത് ഇന്ത്യ
ബാങ്കോക്: റൈസിങ് സ്റ്റാർസ് വനിത ഏഷ്യ കപ്പ് ട്വന്റി20 മത്സരത്തിൽ പാകിസ്താൻ എ ടീമിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ എ. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 18.5 ഓവറിൽ 93 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യ 10.1 ഓവറിൽ രണ്ട് വിക്കറ്റിന് ലക്ഷ്യം കണ്ടു. 29 പന്തിൽ 55 റൺസുമായി പുറത്താവാതെനിന്ന ഓപണർ വൃന്ദ ദിനേശാണ് വിജയശിൽപി. 23 റൺസ് നേടിയ ശവ്വാൽ സുൽഫിക്കർ പാകിസ്താന്റെ ടോപ് സ്കോററായി. ഇന്ത്യൻ ബൗളർമാരിൽ സൈമ താക്കൂറും രാധ യാദവും പ്രേമ റാവത്തും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മലയാളി താരം മിന്നു മണി ഒരാളെ മടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

