ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ! ഇംഗ്ലണ്ടിനെതിരെ റെക്കോഡ് ജയം; ദീപ്തി ശർമക്ക് ഒമ്പത് വിക്കറ്റ്
text_fieldsമുംബൈ: ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ! ഇംഗ്ലണ്ടിനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയത് വനിത ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ജയം.
347 റൺസിനാണ് ഇന്ത്യയുടെ ജയം. 1998ൽ കൊളംബോയിൽ പാകിസ്താനെതിരെ ശ്രീലങ്ക നേടിയ 309 റൺസിന്‍റെ വിജയമാണ് ഇതോടെ പഴങ്കഥയായത്. നാട്ടിൽ ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് മത്സരം ആദ്യമായാണ് ഇന്ത്യ ജയിക്കുന്നത്. ദീപ്തി ശർമയുടെ സ്പിൻ ബൗളിങ്ങാണ് സന്ദർശകരെ തരിപ്പണമാക്കിയത്. രണ്ടു ഇന്നിങ്സുകളിലുമായി താരം ഒമ്പത് വിക്കറ്റുകൾ നേടി.
478 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യ 27.3 ഓവറിൽ 131 റൺസിന് ഓൾ ഔട്ടാക്കി. ഇന്ത്യ രണ്ടാമിന്നിങ്സിൽ ആറിന് 186 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. നേരത്തെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 428 റൺസ് എടുത്തിരുന്നു. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ് 136 റൺസിൽ അവസാനിച്ചു. ഒന്നാം ഇന്നിങ്സിൽ ഏഴ് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ ദീപ്തി, രണ്ടാം ഇന്നിങ്സിൽ എട്ടു ഓവറിൽ 32 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. പൂജ വസ്ട്രാക്കർ മൂന്നും രാജേശ്വരി ഗെയ്ക്വാദ് രണ്ടു വിക്കറ്റും വീഴ്ത്തി.
ഇംഗ്ലണ്ട് നായിക ഹീഥർ നൈറ്റാണ് അവരുടെ ടോപ് സ്കോറർ. 20 പന്തിൽ 21 റൺസെടുത്താണ് താരം പുറത്തായത്. ഇന്ത്യൻ ബൗളിങ്ങിനു മുന്നിൽ ഇംഗ്ലണ്ട് ബാറ്റർമാർക്കൊന്നുംം പിടിച്ചുനിൽക്കാനായില്ല. ഇംഗ്ലണ്ടിനെ ഫോളോഓൺ ചെയ്യിക്കാതെ രണ്ടാമിന്നിങ്സിനിറങ്ങിയ ഇന്ത്യക്ക് ഒന്നാമിന്നിങ്സിലെ ബാറ്റിങ് മികവ് ആവർത്തിക്കാനായില്ല. മന്ദാനയും (26) ഷഫാലിയും (33) ഒന്നാം വിക്കറ്റിൽ 61 റൺസ് കൂട്ടിച്ചേർത്തു. ജെമിമ റോഡ്രിഗസ് 27 റൺസെടുത്തു. ഏഴാം വിക്കറ്റിൽ പൂജ വസ്ട്രാക്കറിനൊപ്പം (17) 53 റൺസ് ചേർത്ത ഹർമൻപ്രീത് സിങ് 44 റൺസുമായി ക്രീസിലുണ്ട്. വിരലിന് പരിക്കേറ്റതിനാൽ ശുഭ സതീശിന് ബാറ്റ് ചെയ്യാനായില്ല.
മൂന്നാംദിനം ബാറ്റിങ്ങിനിറങ്ങാതെ തന്നെ ഇന്ത്യ ഡിക്ലയർ ചെയ്ത് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വനിത ടെസ്റ്റിൽ ഫിഫ്റ്റിയും അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ദീപ്തി. ന്യുസിലൻഡിനെതിരെ 1985ൽ ശുഭാംഗി കുൽക്കർണിയാണ് ഇതേ നേട്ടം കൊയ്ത ആദ്യ ഇന്ത്യൻ ഓൾറൗണ്ടർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

