കാര്യവട്ടത്ത് കളിയില്ല; മലയാളി ക്രിക്കറ്റ് പ്രേമികൾക്ക് നിരാശ
text_fieldsന്യൂഡൽഹി: മലയാളി ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിന് തിരിച്ചടി. ഇന്ത്യയും വെസ്റ്റിൻഡീസുമായി ഫെബ്രുവരി 20ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്താനിരുന്ന ട്വന്റി 20 മത്സരം മാറ്റി.
പരമ്പരയിലെ ഏകദിന, ട്വന്റി 20 മത്സരങ്ങൾ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ അഹ്മദാബാദിലേക്കും കൊൽക്കത്തയിലേക്കുമായി മാറ്റിയതോടെയാണ് കേരളത്തിന് തിരിച്ചടിയായത്. അഹ്മദാബാദ്, ജയ് പുർ, കൊൽക്കത്ത എന്നിവിടങ്ങളിൽ മൂന്ന് ഏകദിനങ്ങളും കട്ടക്ക്, വിശാഖപട്ടണം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ട്വന്റി 20 മത്സരങ്ങളുമാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
കോവിഡിന്റെ മൂന്നാം ഘട്ട വ്യാപനത്തിന്റെ സാഹചര്യത്തിൽ കളിക്കാരുടെ സുരക്ഷയെ കരുതിയാണ് മത്സരങ്ങളെല്ലാം അഹ്മദാബാദിലും കൊൽക്കത്തയിലുമായി ഒതുക്കിയതെന്ന് ബി.സി.സി.ഐ അറിയിച്ചു.

