ഇന്ത്യക്ക് കൂറ്റൻ സ്കോർ; സഞ്ജുവിന് അർധ സെഞ്ച്വറി
text_fieldsടറൂബ: വെസ്റ്റിൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 351 റൺസെടുത്തു. ഓപണർമാരായ ശുഭ്മൻ ഗിൽ, ഇഷാൻ കിഷൻ, മലയാളി താരം സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ അർധ ശതകങ്ങളാണ് ഇന്ത്യക്ക് കരുത്തായത്. ഗിൽ 92 പന്തിൽ 85ഉം ഇഷാൻ 64 പന്തിൽ 77ഉം റൺസെടുത്ത് മടങ്ങി. 41 പന്തിൽ രണ്ട് ഫോറും നാല് സിക്സുമടക്കം 51 റൺസടിച്ചാണ് സഞ്ജു പുറത്തായത്.
ക്യാപ്റ്റൻ രോഹിത് ശർമക്കും സീനിയർ ബാറ്റർ വിരാട് കോഹ്ലിക്കും ഒരിക്കൽക്കൂടി ഇന്ത്യ വിശ്രമം നൽകിയപ്പോൾ പാണ്ഡ്യതന്നെ ടീമിനെ നയിച്ചു. ഓൾ റൗണ്ടർ അക്സർ പട്ടേലിന് പകരം മുൻനിര ബാറ്ററായ ഋതുരാജ് ഗെയ്ക് വാദിനെയും പേസർ ഉമ്രാൻ മാലിക്കിനെ കരക്കിരുത്തി ജയദേവ് ഉനദ്കടിനെയും ഇറക്കി. ജെയ്ഡൻ സീൽസ് എറിഞ്ഞ ആദ്യ ഓവറിൽത്തന്നെ ഇഷാൻ നിലപാടറിയിച്ചു.
അടുത്ത മൂന്ന് ഓവറുകളിൽ പക്ഷേ, ഗില്ലും ഇഷാനും പതുക്കെയായി. പതിയെ ഇരുവരും താളം വീണ്ടെടുത്തതോടെ റണ്ണൊഴുകി. വിൻഡീസ് ബൗളർമാരെ ബൗണ്ടറിയിലേക്ക് പറത്തിക്കൊണ്ടിരുന്ന ഓപണർമാർ ആദ്യ പത്ത് ഓവറിൽ 73 റൺസ് ചേർത്തു. 11ാം ഓവറിൽ അൽസാരി ജോസഫിനെ ഡീപ് സ്ക്വയറിൽ സിക്സറടിച്ച ഇഷാൻ, തുടർച്ചയായ മൂന്നാം മത്സരത്തിലും തകർത്താടി. 14ാം ഓവറിൽ രണ്ടാം പന്തിൽ ഗുഡകേഷ് മോട്ടീയെ സിംഗ്ളെടുത്ത് ഇഷാന്റെ ഹാട്രിക് ഫിഫ്റ്റി. ഇക്കുറി 43ാം പന്തിലായിരുന്നു അർധ ശതകം.
ഇഷാന്റെ 50ഉം ഇന്ത്യയുടെ 100ഉം പിറന്നത് ഒരുമിച്ച്. 15 ഓവറിൽ സ്കോർ 110. മറുഭാഗത്ത് ഗില്ലും അർധ ശതകത്തിലേക്കുള്ള പ്രയാണത്തിലായിരുന്നു. 52 പന്തിൽ ഓപണർ 50ലെത്തി. ആഞ്ഞടിച്ചുകൊണ്ടിരുന്ന ഇഷാന്റെ പോരാട്ടം 20ാം ഓവറിൽ അവസാനിച്ചു. യാനിക കറിയയുടെ ഓവറിലെ നാലാം പന്തിൽ വിക്കറ്റ് കീപ്പർ ഷായ് ഹോപ് സ്റ്റമ്പ് ചെയ്യുകയായിരുന്നു. എട്ട് ഫോറും മൂന്ന് സിക്സുമുൾപ്പെട്ട ഇന്നിങ്സ്. 143ൽ ആദ്യ വിക്കറ്റ് വീണു. മൂന്നാമനായെത്തിയ ഗെയ്ക് വാദ് റൺ കണ്ടെത്താൻ വിഷമിച്ചു. അൽസാരി ജോസഫ് എറിഞ്ഞ 24ാം ഓവറിൽ ഗെയ്ക് വാദിനെ (14 പന്തിൽ 8) ബ്രാൻഡൻ കിങ് പിടിച്ചു.
154ൽ രണ്ടാം വിക്കറ്റ് വീണ ഇന്ത്യയെ നാലാമൻ സഞ്ജു തുടക്കത്തിൽതന്നെ വെടിക്കെട്ടുതിർത്ത് മുന്നോട്ട് നയിച്ചു. നേരിട്ട ആദ്യ ഓവറിൽ കറിയക്കെതിരെ രണ്ട് സിക്സറുകളടിച്ചു സഞ്ജു. 25 ഓവറിൽ ടീം സ്കോർ 175ലെത്തി. സഞ്ജുവിന്റെയും ഗില്ലിന്റെയും ബാറ്റുകളിൽനിന്ന് റൺസ് പിറന്നപ്പോൾ 29ാം ഓവറിൽ സ്കോർ 200 പിന്നിട്ടു. സ്ട്രൈക്ക് റേറ്റ് 100ന് മുകളിൽ തുടർന്ന മലയാളി താരം നേരിട്ട 39ാം പന്തിൽ റൊമാരിയോ ഷെപ്പേർഡിനെ ഡബ്ളെടുത്ത് ഏകദിനത്തിലെ മൂന്നാം അർധ ശതകം തികച്ചു. ഈ ഓവറിൽത്തന്നെ സഞ്ജുവിനെ ഷെപ്പേർഡ് മടക്കി. 32ാം ഓവറിലെ അഞ്ചാം പന്തിൽ സഞ്ജുവിനെ ഷിമ്രോൺ ഹെറ്റ്മെയർ ക്യാച്ചെടുത്തു. ഇന്ത്യ മൂന്നിന് 223.
പിന്നെ സ്കോറിങ്ങിന് വേഗം കുറഞ്ഞു. ക്യാപ്റ്റൻ പാണ്ഡ്യ പതുക്കെയായപ്പോൾ മോട്ടീ എറിഞ്ഞ 37ാം ഓവർ മെയ്ഡനാക്കി ഗില്ലിന്റെ 'പിന്തുണ'. രണ്ടുപേരും ഒരുപോലെ ഇഴയുന്നതിനിടെ ഗിൽ പുറത്ത്. 39ാം ഓവറിലെ നാലാം പന്തിൽ ഓപണറെ കറിയ പിടികൂടി. മോട്ടീക്കായിരുന്നു വിക്കറ്റ്. 11 ബൗണ്ടറികളടങ്ങിയ ഇന്നിങ്സിന് ഇതോടെ അന്ത്യം. 35 റൺസുമായി സൂര്യകുമാർ മടങ്ങിയെങ്കിലും പാണ്ഡ്യ ഒരറ്റത്ത് ഉറച്ചു നിന്നതോടെ ഇന്ത്യ മികച്ച സ്കോർ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

