Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫൈനൽ അങ്കം! ഇന്ത്യ x വിൻഡീസ് അവസാന ട്വന്റി20 ഇന്ന്; പരമ്പര പിടിക്കാൻ നിർണായകം

text_fields
bookmark_border
ഫൈനൽ അങ്കം! ഇന്ത്യ x വിൻഡീസ് അവസാന ട്വന്റി20 ഇന്ന്; പരമ്പര പിടിക്കാൻ നിർണായകം
cancel
camera_alt

സഞ്ജു സാംസണും സഹതാരങ്ങളും ബംഗളൂരുവിലേക്കുള്ള വിമാന യാത്രക്കിടെ


ബംഗളൂരു: പരമ്പര വിജയികളെ നിർണയിക്കുന്ന ഫൈനൽ അങ്കത്തിൽ ഇന്ത്യയും വിൻഡീസും ഇന്ന് മുഖാമുഖം. ഇരു ടീമുകളും രണ്ട് കളി വീതം ജയിച്ച് ഒപ്പത്തിനൊപ്പം നിൽക്കവെ, കാമറകണ്ണുകൾ ബംഗളൂരുവിലെ പിച്ചിലേക്ക്. കൂറ്റൻ സ്കോറുകൾ കൊണ്ടും രക്ഷയില്ലാതായി മാറിയ നാല് മത്സരങ്ങൾക്കൊടുവിലാണ് അഞ്ചാം അങ്കം ഫൈനലായി മാറിയത്. ബാറ്റിലും ബൗളിലും മാറിമാറി തുടരുന്ന ഭാഗ്യ പരീക്ഷണങ്ങൾക്കൊപ്പം, ഇരു ടീമുകൾക്കും വെല്ലുവിളിയായി ബംഗളൂരുവിൽ മഴക്കാറും സജീവമായുണ്ട്.

ആതിഥേയരായ ഇന്ത്യക്ക് ഓപണിങ് കൂട്ടിൽ തന്നെയാണ് പ്രശ്നം. മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമയും വ്യക്തിഗത ബ്രില്ല്യൻസിൽ ടീമിനെ നയിക്കുമ്പോഴും, ടീമിന് കരുത്താകുന്ന ഓപണിങ് കൂട്ടുകെട്ട് പടുത്തുയർത്താനായിട്ടില്ല. 29, 42, 7, 60 എന്നിങ്ങനെയാണ് നാല് കളികളിലെ കൂട്ടുകെട്ട്. നാലാം മത്സര വേദിയായ ഹൈദരാബാദിലായിരുന്നു 60 റൺസിന്റെ ഓപണിങ് പിറന്നത്. എന്നാൽ, സ്കോർ ബോർഡിൽ മികച്ചതാണെങ്കിലും സഞ്ജുവിന്റെ വൺമാൻ ഷോ ആയിരുന്നു. 56 റൺസും സഞ്ജുവിന്റെ വകയും, അഭിഷേകിന്റെ വക വെറും രണ്ടും. ഓപണർമാർ പിഴക്കുന്നതോടെ, മധ്യനിരക്കും കാര്യമായ സംഭാവനകൾ നൽകാനാവുന്നില്ലെന്നതാണ് ടീം നേരിടുന്ന വെല്ലുവിളി. എതിരാളികൾക്കു മേൽ സമഗ്രാധിപത്യം നൽകുന്ന ഇന്നിങ്സ് പടുത്തുയർത്താനാവുന്നില്ലെന്നത് കഴിഞ്ഞ നാല് കളികളിലെയും പോരായ്മയാണ്.

ഇഷാൻ കിഷൻ, നായകൻ ശ്രേയസ് അയ്യർ, നമാൻ ധിർ എന്നിവർ ഹൈദരാബാദിൽ സഞ്ജു നൽകിയ തുടക്കം മുതലാക്കാനാവാതെ പരാജയമായി. ലഖ്നോവിലെ ആദ്യ കളിയിൽ 102 റൺസടിച്ച ശ്രേയസിന്റെ പിന്നീടുള്ള സംഭാവന 40, 1, 16 എന്നിങ്ങനെയായിരുന്നു. മൂന്നാം നമ്പറിൽ ഇഷാൻ കിഷൻ തന്റെ ജോലി ഭംഗിയായി നിർവഹിക്കുന്നതിൽ ആശ്വസിക്കാം. 37, 43, 37 എന്നിങ്ങനെയായിരുന്നു ആദ്യ മൂന്ന് മത്സരങ്ങളിലെ സ്കോർ. ഹൈദരാബാദിൽ പക്ഷേ ആറ് റൺസുമായി പുറത്താകേണ്ടി വന്നു. അനവസരത്തിൽ അഡ്വഞ്ചറസ് ഷോട്ടുകൾക്ക് മുതിർന്ന് വിക്കറ്റ് നഷ്ടമാക്കുന്നത് ടീമിന് തിരിച്ചടിയാവുന്നതും തലവേദനയാണ്. നമാൻ ധിറാവട്ടെ തുടർച്ചയായി പരാജയമാവുന്നു. ഹൈദരാബാദിൽ എതിരാളികൾ കുറിച്ച 247 റൺസെന്ന ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 223ൽ കിതച്ചുവീഴാനായിരുന്നു വിധി.

അപ്രതീക്ഷിതമായി കൂറ്റൻ സ്കോറിലേക്കുയരുകയും, അതേസമയം ജയം ഉറപ്പിക്കാവുന്ന കളിയിൽ കിതച്ചു വീഴുന്നതും വെല്ലുവിളിയാവും. ബൗളിങ്ങിൽ അർഷദീപിന് പകരക്കാരനായെത്തിയ ഭുവനേശ്വറിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ചെറിയ ബൗണ്ടറി ലൈനുമായി ബൗളർമാരുടെ പേടിസ്വപ്നമായ ചിന്നസ്വാമിയിൽ രണ്ടു വർഷത്തിനു ശേഷമാണ് അന്താരാഷ്ട്ര മത്സരമെത്തുന്നത്. കുൽദീപും, ഭുവനേശ്വറും ഇന്ത്യൻ ബൗളിങ്ങിനെ നയിക്കും. അതേസമയം, കില്ലർ ഇഫക്ടിൽ ബാറ്റ് വീശുന്ന ഷായ് ഹോപ്പിലും, ഷെർഫെയ്ൻ റുഥർഫോഡിലും പ്രതീക്ഷയർപ്പിച്ചാണ് വിൻഡീസ് വരവ്. നാല് ഇന്നിങ്സിൽ ഹോപ് 261ഉം, റുഥർഫോഡ് 221ഉം റൺസാണ് നേടിയത്.

സാധ്യതാ ടീം

ഇന്ത്യ: അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ, നമാൻ ധിർ, നിതീഷ് കുമാർ റെഡ്ഢി, അക്സർ പട്ടേൽ, പ്രിൻസ് യാദവ്, മായങ്ക് യാദവ്, ഭുവനേശ്വർ കുമാർ.

വിൻഡീസ്: ഷായ് ഹോപ്, ജ്വൽ ആൻഡ്ര്യൂ, ഷിംറോൺ ഹിറ്റ്മെയർ, റോവ്മാൻ പവൽ, റുഥർഫോഡ്, ഷെപ്പേർഡ്, റോസ്റ്റൺ ചേസ്, ഷമർ സ്പ്രിങർ, കീമോ പോൾ, ഷമർ ജോസഫ്, ഗുഡകേഷ് മോതി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India vs West Indies: Final T20I Today; Crucial Match to Win the Series
Next Story