ഇന്ത്യ-വിൻഡീസ് അവസാന ഏകദിനം ഇന്ന്; പരമ്പര തൂത്തുവാരാൻ രോഹിതും സംഘവും
text_fieldsഅഹ്മദാബാദ്: മുഴുവൻ സമയ നായകനായ ആദ്യ പരമ്പര തന്നെ തൂത്തുവാരുക എന്ന ലക്ഷ്യവുമായി രോഹിത് ശർമ ഇന്നിറങ്ങുന്നു. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ആധികാരികമായി ജയിച്ച ഇന്ത്യ അവസാന കളിയും കൈക്കലാക്കി ആധിപത്യമുറപ്പിക്കാനാണ് ഉന്നമിടുന്നത്.
കോവിഡ് മാറി തിരിച്ചെത്തുന്ന ഓപണർ ശിഖർ ധവാൻ കളിക്കുമെന്ന് രോഹിത് വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കിൽ കഴിഞ്ഞ കളിയിൽ രോഹിതിനൊപ്പം ഓപൺ ചെയ്ത ഋഷഭ് പന്ത് മധ്യനിരയിലേക്ക് തിരിച്ചുപോകും. ആദ്യ രണ്ടു മത്സരങ്ങളിലും കളിച്ച ദീപക് ഹൂഡയായിരിക്കും പുറത്തിരിക്കേണ്ടിവരിക. ശേയ്രസ് അയ്യരും കോവിഡിൽനിന്ന് മുക്തനായിട്ടുണ്ടെങ്കിലും കളിക്കുമോ എന്ന കാര്യമുറപ്പില്ല. വിരാട് കോഹ്ലി, ലോകേഷ് രാഹുൽ, പന്ത്, സൂര്യകുമാർ യാദവ് എന്നിവരടങ്ങിയ മധ്യനിരയിൽ ഒരാളെ ഒഴിവാക്കിയാലേ ശ്രേയസിന് അവസരം നൽകാനാവൂ.
ആദ്യ രണ്ടു കളിയിലും തിളങ്ങിയ ബൗളിങ് ലൈനപ്പിലും ചെറിയ മാറ്റത്തിന് സാധ്യതയുണ്ട്. കുൽദീപ് യാദവിനോ പുതുമുഖം രവി ബിഷ്ണോയിക്കോ അവസരം നൽകുകയാണെങ്കിൽ യുസ്വേന്ദ്ര ചഹൽ, വാഷിങ്ടൺ സുന്ദർ എന്നിവരിലൊരാൾ പുറത്തിരിക്കും. പേസ് ബൗളിങ്ങിൽ മുഹമ്മദ് സിറാജിന് പകരം ആവേശ് ഖാനെ കളിപ്പിക്കാനും സാധ്യതയുണ്ട്.

