ഒരു ദിവസവും ഒമ്പത് വിക്കറ്റും ബാക്കി; ടീം ഇന്ത്യക്ക് ജയം 58 റൺസകലെ
text_fieldsസായ് സുദർശനും കെ.എൽ. രാഹുലും ബാറ്റിങ്ങിനിടെ
ന്യൂഡൽഹി: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്നിങ്സ് ജയം ലക്ഷ്യമിട്ട് ഇറങ്ങിയ ടീം ഇന്ത്യക്ക് മുന്നിൽ അപ്രതീക്ഷിത പോരാട്ടവീര്യമാണ് നാലാം ദിനം സന്ദർശകർ പുറത്തെടുത്തത്. ജോൺ കാംപ്ബെല്ലും (115) ഷായ് ഹോപ്പും (103) സെഞ്ച്വറി നേടിയതോടെ വിൻഡീസ് ലീഡ് നേടി, ഇന്ത്യക്കു മുന്നിൽ 121 റൺസിന്‍റെ വിജയലക്ഷ്യമുയർത്തി. അവസാന വിക്കറ്റിൽ 79 റൺസ് കൂട്ടിച്ചേർത്ത ജസ്റ്റിൻ ഗ്രീവ്സ് -ജയ്ഡൻ സീൽസ് സഖ്യമാണ് ആതിഥേയരുടെ ജയം ഒരു ദിവസംകൂടി വൈകിപ്പിച്ചത്. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ചൊവ്വാഴ്ച ആദ്യ സെഷനിൽത്തന്നെ ഇന്ത്യ ജയത്തോടെ പരമ്പര തൂത്തുവാരും.
ഇന്ത്യ ഉയർത്തിയ ഒന്നാം ഇന്നിങ്സ് സ്കോറായ 518 റൺസിന് മറുപടി ബാറ്റിങ് ചെയ്ത വിൻഡീസ് ഒന്നാം ഇന്നിങ്സിൽ 248 റൺസിന് പുറത്തായിരുന്നു. 270 റൺസിന് പിന്നിൽ നിൽക്കെ ഫോളോ ഓൺ ചെയ്ത ശേഷം, നടത്തിയ ചെറുത്തു നിൽപ്പിലാണ് നാലാംദിനം ലീഡ് പിടിച്ചത്. തിങ്കളാഴ്ച രണ്ടു വിക്കറ്റ് നഷ്ടത്തിൽ 173റൺസ് എന്ന നിലയിലാണ് കളി തുടങ്ങിയത്. മൂന്നാം വിക്കറ്റിൽ ഓപണർ ജോൺ കാംപ്ബെലും (115), ഷായ് ഹോപും (103) സെഞ്ച്വറി ഇന്നിങ്സുമായി ക്രീസിൽ നിലയുറപ്പിച്ച് ലീഡിലേക്ക് നയിക്കുകയായിരുന്നു. 35 റൺസിൽ രണ്ടാം വിക്കറ്റ് നഷ്ടമായ ശേഷം ഒന്നിച്ച കൂട്ട് സ്കോർ ബോർഡിൽ 177 റൺസ് കൂട്ടി ചേർത്ത ശേഷമാണ് വഴിപിരിഞ്ഞത്. കാംപ്ബെലാണ് ആദ്യം പുറത്തായത്. ജദേജയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയാണ് താരം പുറത്തായത്. വിൻഡീസ് ലീഡ് പിടിച്ചതിനു പിന്നാലെ ഷായ് ഹോപിനെ മുഹമ്മദ് സിറാജ് ക്ലീൻ ബൗൾഡാക്കി.
ടെവിൻ ഇംലാഷ് (12), ഖാരി പിയറി (0), ജോമൽ വാരികൻ (3), ആൻഡേഴ്സൻ ഫിലിപ് (2) എന്നിവരുടെ വിക്കറ്റുകൾ കേവലം 18 റൺസ് നേടുന്നതിനിടെ നഷ്ടമായി. ഏഴാം നമ്പരിൽ ക്രീസിലെത്തിയ ഗ്രീവ്സ്, പതിനൊന്നാമനായ സീൽസുമൊത്ത് വമ്പൻ പ്രതിരോധമാണൊരുക്കിയത്. 32 റൺസ് നേടിയ സീൽസിനെ വാഷിങ്ടൺ സുന്ദറിന്‍റെ കൈകകളിലെത്തിച്ച് ജസ്പ്രീത് ബുംറയാണ് ഇന്നിങ്സിന് തിരശീലയിട്ടത്. അർധ സെഞ്ച്വറി നേടിയ ഗ്രീവ്സ് (50*) പുറത്താകാതെ നിന്നു. ഇന്ത്യക്കുവേണ്ടി ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് പിഴുത കുൽദീപ് യാദവ് രണ്ടാം ഇന്നിങ്സിൽ മൂന്ന് വിൻഡീസ് ബാറ്റർമാരെ കൂടി കൂടാരം കയറ്റി. ബുംറയും മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് സ്കോർബോർഡിൽ രണ്ടക്കം തികയും മുമ്പ് ഓപണർ യശസ്വി ജയ്സ്വാളിനെ നഷ്ടമായി. ഒന്നാം ഇന്നിങ്സിൽ 175 റൺസുമായി ടോപ് സ്കോററായ ജയ്സ്വാൾ, ഇത്തവണ എട്ട് റൺസുമായാണ് പുറത്തായത്. 25 റൺസുമായി കെ.എൽ. രാഹുലും 30 റൺസുമായി സായ് സുദർശനുമാണ് ക്രീസിൽ. മികച്ച ഫോമിലുള്ള ബാറ്റർമാർക്ക് അടിച്ചെടുക്കാവുന്ന സ്കോറേ മുന്നിലുള്ളൂവെന്നത് ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

