ഇന്ത്യ-ശ്രീലങ്ക പരമ്പര നീട്ടിയേക്കുമെന്ന് റിപ്പോർട്ട്
text_fieldsകൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ടീം സ്റ്റാഫ് അംഗങ്ങളിൽ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ത്യയുമായുള്ള പരിമിത ഓവർ പരമ്പരകൾ മാറ്റിവെച്ചേക്കുമെന്ന് റിപ്പോർട്ട്. ജൂലൈ 13മുതൽ 17 വരെയായിരുന്നു ടൂർണമെന്റ് നടത്താൻ നിശ്ചയിച്ചിരുന്നത്. ലങ്കൻ ബാറ്റിങ് കോച്ച് ഗ്രാൻഡ് ഫ്ലവറിനും ഡേറ്റ അനലിസ്റ്റ് ജി.ടി നിരോഷനുമാണ് കോവിഡ് ബാധിച്ചത്.
മൂന്ന് വീതം ട്വന്റി20, ഏകദിന മത്സരങ്ങളാണ് ഇന്ത്യ ലങ്കയിൽ കളിക്കാനിരിക്കുന്നത്. ജൂലൈ 13നായിരുന്നു ആദ്യ ഏകദിനം. ഇത് ജൂലൈ 17ലേക്ക് മാറ്റിയതായാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച ശ്രീലങ്കൻ ടീം ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയമാകും. ഫ്ലവറിനും നിരോഷനും കോവിഡ് ഡെൽറ്റ വകഭേദമാണ് സ്ഥിരീകരിച്ചത്.
ലങ്ക കഴിഞ്ഞ ദിവസമാണ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. ദസുൺ ഷനാകയാണ് നായകൻ. വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും അഭാവത്തിൽ ശിഖർ ധവാനാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡാണ് കോച്ച്.

