ഇന്ത്യയെ 225 റൺസിന് ചുരുട്ടിക്കെട്ടി ലങ്ക
text_fieldsകൊളംബോ: മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യയെ ചുരുട്ടിക്കെട്ടി ശ്രീലങ്ക. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 43.1 ഓവറില്‍ 225 റണ്‍സിനു പുറത്തായി. മഴയെത്തുടര്‍ന്ന് മത്സരം 47 ഓവറാക്കി ചുരുക്കിയിരുന്നു. 49 റണ്‍സെടുത്ത ഓപ്പണര്‍ പൃഥ്വി ഷായാണ് ഇന്ത്യൻ നിരയിലെ ടോപ്‌സ്‌കോറര്‍. സംഞ്ജു സാംസൺ 46ഉം സൂര്യകുമാർ യാദവ് 40ഉം റൺസെടുത്ത് പുറത്തായി. അവശേഷിക്കുന്നവരിൽ ആർക്കും 20 റൺസ് പോലും തികയ്ക്കാനായില്ല.
ലങ്കയ്ക്കു വേണ്ടി അഖില ധനഞ്ജയ, പ്രവീണ്‍ ജയവിക്രമ എന്നിവർ മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ദുഷ്മന്ത ചമീര രണ്ടു വിക്കറ്റുകളും ചാമിക കരുണരത്‌നെ, നായകൻ ദസുന്‍ ഷനക എന്നിവർ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
49 പന്തുകളിൽ എട്ട് ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു പൃഥ്വി ഷായുടെ ഇന്നിങ്സ്. സഞ്ജു 46 പന്തുകളിൽ അഞ്ച് ബൗണ്ടറികളും ഒരു സിക്സുമടിച്ചാണ് 46 റൺസെടുത്തത്. 37 പന്തുകളിൽ ഏഴ് ബൗണ്ടറികളടക്കമാണ് സൂര്യകുമാർ 40 റൺസെടുത്തത്. നായകന്‍ ശിഖര്‍ ധവാന്‍ (13), മനീഷ് പാണ്ഡെ (11), ഹാര്‍ദിക് പാണ്ഡ്യ (19), അരങ്ങേറ്റക്കാരായ നിതീഷ് റാണ (7), കെ ഗൗതം (2), രാഹുല്‍ ചഹര്‍ (13) എന്നിവർ എളുപ്പം കൂടാരം കയറിയിരുന്നു.