ഇന്ത്യ-ശ്രീ ലങ്ക രണ്ടാം ടെസ്റ്റ് ഇന്നുമുതൽ; മിഷൻ വൈറ്റ് വാഷ്
text_fieldsകൊളംബോ: ഒന്നാം ടെസ്റ്റിലെ ഉജ്ജ്വല വിജയം നൽകിയ ആത്മവിശ്വാസവുമായി ഇന്ത്യ ഞായറാഴ്ച ശ്രീലങ്കക്കെതിരായ പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിന്. മൂന്ന് വർഷത്തിനിടെ മറുനാട്ടിൽ ഒരു പരമ്പര പോലും നേടാനാവാത്തതിന്റെ ക്ഷീണം ഇന്ത്യക്കുണ്ട്. 2023 ജൂലൈയിൽ വെസ്റ്റിൻഡീസിനെ അവരുടെ മണ്ണിൽ തോൽപിച്ചതായിരുന്നു കൂട്ടത്തിൽ അവസാനത്തേത്. ശുഭ്മൻ ഗിൽ നയിക്കുന്ന ശക്തമായ നിര ആതിഥേയരെ കൊളംബോയിലും മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. ഗാലെയിൽ 165 റൺസിനായിരുന്നു സന്ദർശക ജയം.
വിജയ ഇലവനിൽ ഇന്ത്യ പരീക്ഷണങ്ങൾ നടത്താൻ സാധ്യത കുറവാണ്. നീണ്ട ഇടവേളക്കുശേഷം ടീമിലെത്തിയ ബാറ്റർ സർഫറാസ് ഖാൻ വീണ്ടും ബെഞ്ചിലിരിക്കാൻ ഈ തീരുമാനം കാരണമായേക്കാം. ലങ്കൻ നിരയിലെ ഇടംകൈയൻ ബാറ്റർമാരെ നേരിടാൻ ഓഫ് സ്പിന്നർ സാരൻഷ് ജെയിനെ ടീമിൽ ഉൾപ്പെടുത്തുന്ന കാര്യം മാനേജ്മെന്റ് ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ കുൽദീപ് യാദവ് പുറത്തായേക്കും. ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ ദേവ്ദത്ത് പടിക്കലും 10 വിക്കറ്റുകൾ വീഴ്ത്തിയ യുവ സ്പിന്നർ മാനവ് സുത്താറും മികച്ച ഫോമിലാണ്. ക്യാപ്റ്റൻ ഗില്ലും യശസ്വി ജയ്സ്വാളും അവസരത്തിനൊത്തുയർന്നിട്ടില്ല. പരിക്കേറ്റ മുതിർന്ന ലങ്കൻ താരങ്ങളായ ദിനേഷ് ചണ്ഡിമൽ, കുശാൽ മെൻഡിസ് എന്നിവർ കളിക്കില്ല. നിഷാൻ മധുഷ്കക്ക് പകരം കാമിൽ മിഷാര ഓപണറായി ഇറക്കുമെന്നും സൂചനയുണ്ട്. ഓൾറൗണ്ടർ സഹാൻ അരാച്ചിഗെയും സ്കാഡിൽ സ്ഥാനം നേടിയിരിക്കുകയാണ്.
ടീം ഇവരിൽനിന്ന്
ഇന്ത്യ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, യശസ്വി ജയ്‌സ്വാൾ, ദേവ്ദത്ത് പടിക്കൽ, ഋഷഭ് പന്ത്, ധ്രുവ് ജുറൽ, രവീന്ദ്ര ജദേജ, കുൽദീപ് യാദവ്, മാനവ് സുത്താർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, സാരാൻഷ് ജെയിൻ, ആഖിബ് നബി, സർഫറാസ് ഖാൻ.
ശ്രീലങ്ക: ധനഞ്ജയ ഡി സിൽവ (ക്യാപ്റ്റൻ), ലഹിരു ഉദാര, കാമിൽ മിഷാര, പസിന്ദു സൂര്യബണ്ഡാര, കമിന്ദു മെൻഡിസ്, സഹൻ ആരാച്ചിഗെ, സൊണാൽ ദിനുഷ, നിരോഷൻ ഡിക്ക്വെല്ല, കേശര നുവാന്ത, പ്രഭാത് ജയസൂര്യ, മിലൻ രത്നായക, ലഹിരു കുമാര, അസിത ഫെർണാണ്ടോ, വിശ്വ ഫെർണാണ്ടോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

