രണ്ടാം ടെസ്റ്റ്: ഇന്ത്യക്ക് ബാറ്റിങ് തകർച്ച; ആറു വിക്കറ്റിന് 157
text_fieldsബംഗളൂരു: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. നിലവിൽ ഇന്ത്യ 46 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുത്തിട്ടുണ്ട്. പിങ്ക് പന്ത് ഉപയോഗിച്ചുള്ള ഡേ-നൈറ്റ് മത്സരമാണ് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്നത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർ മായങ്ക് അഗർവാളിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഏഴു പന്തിൽ നാലു റൺസെടുത്ത അഗർവാൾ റണ്ണൗട്ടാകുകയായിരുന്നു. 25 പന്തിൽനിന്ന് 15 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയെ ലസിത് എംബുർദെനിയ മടക്കി. പിന്നാലെ ഹനുമ വിഹാരി (81 പന്തിൽ 31 റൺസ്), വിരാട് കോഹ്ലി (48 പന്തിൽ 23), ഋഷഭ് പന്ത് (26 പന്തിൽ 39), രവീന്ദ്ര ജദേജ (14 പന്തിൽ നാല്) എന്നിവരും പുറത്തായി.
47 പന്തിൽ 37 റൺസെടുത്ത ശ്രേയസ് അയ്യരും 30 പന്തിൽ 11 റൺസെടുത്ത രവിചന്ദ്രൻ അശ്വിനുമാണ് നിലവിൽ ക്രീസിലുള്ളത്. ശ്രീലങ്കക്കുവേണ്ടി ലസിത് എംബുർദെനിയ മൂന്നു വിക്കറ്റും പ്രവീൺ ജയവിക്രമ, ധനഞ്ജയ ഡിസിൽവ എന്നിവർ ഓരോ വിക്കറ്റും നേടി. രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ഇന്ത്യ വിജയിച്ചിരുന്നു.