വെടിക്കെട്ടുമായി ഷനക (22 പന്തിൽ 56); ഇന്ത്യക്ക് 207 റൺസ് വിജയലക്ഷ്യം
text_fieldsപുണെ: ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്‍റി20യിൽ ഇന്ത്യക്ക് 207 റൺസ് വിജയലക്ഷ്യം. നായകൻ ദാസുൻ ഷനകയുടെയും കുശാൽ മെൻഡിസിന്‍റെയും അർധ സെഞ്ച്വറി പ്രകടനാണ് ലങ്കൻ സ്കോർ 200 കടത്തിയത്.
ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തു. ഷനക 22 പന്തിൽ ആറു സിക്സും രണ്ടു ഫോറും അടക്കം 56 റൺസെടുത്ത് പുറത്താകാതെ നിന്നു. ട്വന്‍റി20യിൽ ഒരു ലങ്കൻ താരത്തിന്‍റെ അതിവേഗ അർധ സെഞ്ച്വറിയാണിത്. മെൻഡിസ് 31 പന്തിൽ നാലു സിക്സും മൂന്നു ഫോറും അടക്കം 52 റൺസെടുത്തു. ലങ്കക്കായി ഓപ്പണർമാരായ പാതും നിസ്സങ്കയും കുശാൽ മെൻഡിസും മികച്ച തുടക്കം നൽകി. ഇരുവരും ഒന്നാം വിക്കറ്റിൽ 8.2 ഓവറിൽ 80 റൺസാണ് അടിച്ചെടുത്തത്. യുസ്വേന്ദ്ര ചാഹലിന്‍റെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങിയാണ് മെൻഡിസ് പുറത്തായത്.
പിന്നാലെ മൂന്നു പന്തിൽ രണ്ടു റൺസെടുത്ത ഭാനുക രജപക്സയെ ഉമ്രാൻ മാലിക്ക് പുറത്താക്കി. 35 പന്തിൽ 33 റൺസെടുത്ത നിസ്സങ്ക അക്സർ പട്ടേലിന്‍റെ പന്തിൽ ക്യാച്ച് നൽകി മടങ്ങി. പിന്നാലെ എത്തിയ ധനഞ്ജയ ഡിസിൽവ (ആറു പന്തിൽ മൂന്നു റൺസ്), ചരിത് അസലങ്ക (19 പന്തിൽ 37 റൺസ്), വാനിന്ദു ഹസരംഗ (പൂജ്യം) എന്നിവരും വേഗത്തിൽ മടങ്ങി.
പിന്നാലെ ചാമിക കരുണരത്നെയെ കൂട്ടുപിടിച്ച് ഷനകയുടെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു. അവസാന അഞ്ച് ഓവറിൽ ലങ്ക 77 റൺസാണ് അടിച്ചെടുത്തത്.
ചാമിക 10 പന്തിൽ 11 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഉമ്രാൻ മാലിക്ക് മൂന്നു വിക്കറ്റ് നേടി. അക്സർ പട്ടേൽ രണ്ടും യുസ്വേന്ദ്ര ചാഹൽ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ, ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. പരിക്കേറ്റ സഞ്ജു സാംസണ് പകരം രാഹുല്‍ ത്രിപാഠി ആദ്യ ഇലവനിലെത്തി. രാഹുലിന്റെ അരങ്ങേറ്റ മത്സരമാണിത്.
ഹര്‍ഷല്‍ പട്ടേലിന് പകരം അര്‍ഷ്ദീപ് സിങ്ങിനെയും ഉള്‍പ്പെടുത്തി. ആദ്യ കളിയിൽ രണ്ട് റണ്ണിന് ജയിച്ച ആതിഥേയർ പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്. ഒരു മത്സരംകൂടി ശേഷിക്കെ ഇന്നത്തെ ജയത്തോടെ പരമ്പര നേടുകയാണ് ഹാർദിക് പാണ്ഡ്യയുടെ യുവനിരയുടെ ലക്ഷ്യം. ശ്രീലങ്കയെ സംബന്ധിച്ച് വിജയം അനിവാര്യമാണ്. ചൊവ്വാഴ്ച ഇന്ത്യ കുറിച്ച 163 റൺസ് വിജയലക്ഷ്യത്തിന് തൊട്ടരികെ വീഴുകയായിരുന്നു ഇവർ. ഇന്ത്യൻ ബൗളർമാരുടെയും ഫീൽഡർമാരുടെയും മികവാണ് പരാജയ വക്കിൽനിന്ന് ജയം കൈപ്പിടിയിലൊതുക്കാൻ സഹായിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

