അണ്ടർ 19 വനിത ട്വന്‍റി20 ലോകകപ്പ് ഫൈനൽ; ദക്ഷിണാഫ്രിക്കയെ 82 റൺസിലൊതുക്കി ഇന്ത്യ; തൃഷക്ക് മൂന്നു വിക്കറ്റ്
text_fieldsക്വാലാലംപുർ: അണ്ടർ 19 വനിത ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 83 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 82 റൺസിന് ഓൾ ഔട്ടായി.
രണ്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയുടെ തകർപ്പൻ ബൗളിങ്ങാണ് എതിരാളികളെ ചെറിയ സ്കോറിലൊതുക്കിയത്. 18 പന്തിൽ 23 റൺസെടുത്ത മീകെ വാൻ വൂർസ്റ്റാണ് ടീമിന്‍റെ ടോപ് സ്കോറർ. നാലു പേർക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്. മികച്ച ഫോമിലുള്ള ഗൊംഗഡി തൃഷ മൂന്നു വിക്കറ്റ് വീഴ്ത്തി. നാലു ഓവറിൽ 15 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റെടുത്തത്. മലയാളി താരം വി.ജെ. ജോഷിത രണ്ടു ഓവർ പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.
ജെമ്മാ ബോത്ത (14 പന്തിൽ 16), സിമോൺ ലോറൻസ് (പൂജ്യം), ഡയറ രാംലകൻ (മൂന്ന്), നായകൻ കയ്‍ല റെയ്നെകെ (21 പന്തിൽ ഏഴ്), കരാബോ മീസോ (26 പന്തിൽ 10), ഫായ് കൗളിങ് (20 പന്തിൽ 15), നായിഡു (പൂജ്യം), വാൻ വയ്ക് (പൂജ്യം), മോണാലിസ (നാലു പന്തിൽ രണ്ട്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. നൈനി രണ്ടു റണ്ണുമായി പുറത്താകാതെ നിന്നു. സിസോദിയ, ആയുഷി ശുക്ല, വൈഷ്ണവി ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതവും ശബ്നം ശാകിൽ ഒരു വിക്കറ്റും നേടി. രണ്ടുവർഷം മുമ്പ് മാറോടു ചേർത്ത കന്നിക്കിരീടം ഇത്തവണയും കൈവിടാതെ കാക്കാൻ ലക്ഷ്യമിട്ടാണ് ക്വാലാലംപുർ മൈതാനത്ത് ഇന്ത്യൻ ടീം ഇറങ്ങിയത്.
കഴിഞ്ഞ മത്സരങ്ങളിൽനിന്ന് മാറ്റമില്ലാതെയാണ് ഇരുടീമുകളും കളിക്കാനിറങ്ങിയത്. ടൂർണമെന്റിൽ ഇതുവരെ കളിച്ച ആറ് അങ്കങ്ങളും ആധികാരികമായി ജയിച്ചാണ് ഇന്ത്യൻ പെൺകൊടികളുടെ ഫൈനൽ പ്രവേശം. വിൻഡീസിനെയും ഇംഗ്ലണ്ടിനെയും ഒമ്പത് വിക്കറ്റിനും മലേഷ്യയെ 10 വിക്കറ്റിനും തകർത്തുവിട്ട ടീം ലങ്കക്കാരെ 60 റൺസിനും സ്കോട്‍ലൻഡിനെ 150 റൺസിനുമാണ് വീഴ്ത്തിയിരുന്നത്.
അയൽക്കാരായ ബംഗ്ലാദേശിനെതിരെ എട്ടുവിക്കറ്റിനായിരുന്നു ജയം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേ മികവോടെ കളി നയിക്കുന്ന ടീമിൽ ഗൊംഗഡി തൃഷയാണ് ഒന്നാം നമ്പർ ബാറ്റർ. 265 റൺസാണ് താരത്തിന്റെ സമ്പാദ്യം. കമാലിനിയും മികച്ച ഫോമിലാണ്.
ഇന്ത്യൻ ടീം: നിക്കി പ്രസാദ് (ക്യാപ്റ്റൻ), ഗൊംഗഡി തൃഷ, ജി. കമാലിനി, സനികെ ചാക്കെ, ഈശ്വരി അവ്സാരെ, മിഥില വിനോദ്, ആയുഷി ശുക്ല, ശബ്നം ശാകിൽ, വൈഷ്ണവി ശർമ, വി.ജെ. ജോഷിത, സിസോദിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

