സഞ്ജുവിന് ഭാഗ്യമില്ല; ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ട്വന്‍റി20 ഉപേക്ഷിച്ചു
text_fieldsലഖ്നോ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ട്വന്‍റി20 മത്സരം ഉപേക്ഷിച്ചു. ലഖ്നോവിലെ അടൽ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തിൽ നടക്കേണ്ട മത്സരം ടോസ് പോലും ഇടാതെയാണ് ഉപേക്ഷിച്ചത്.
പരമ്പരയിൽ ഒരു മത്സരം മാത്രം ബാക്കിനിൽക്കെ ഇന്ത്യ 2-1ന് മുന്നിലാണ്. വൈകീട്ട് 6.30നായിരുന്നു ടോസ് തീരുമാനിച്ചിരുന്നത്. അമ്പയർമാർ പലതവണ ഗ്രൗണ്ടിലെത്തി പരിശോധന നടത്തിയെങ്കിലും മൂടൽമഞ്ഞിനെ തുടർന്നു ഗ്രൗണ്ടിൽ വിസിബിലിറ്റി തീരെക്കുറവായിരുന്നു. മൂന്നു മണിക്കൂറിനുശേഷമാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. പരമ്പരയിലെ അവസാന മത്സരം 19ന് അഹ്മദാബാദിൽ നടക്കും.
മത്സരം തോറ്റാലും ഇന്ത്യക്ക് പരമ്പര നഷ്ടമാകില്ല. അതേസമയം, കാലിന് പരിക്കേറ്റ വൈസ് ക്യാപ്റ്റൻ സൂര്യകുമാർ ഇനി കളിക്കില്ല. ഇതോടെ മലയാളി താരം സഞ്ജു സാംസൺ അവസാന മത്സരത്തിൽ ഓപ്പണറായി എത്തിയേക്കും. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും സഞ്ജുവിന് കളിക്കാൻ അവസരം നൽകിയിരുന്നില്ല. വൈസ് ക്യാപ്റ്റനായുള്ള ഗില്ലിന്‍റെ ട്വന്‍റി20 ഫോർമാറ്റിലേക്കുള്ള മടങ്ങിവരവോടെയാണ് സഞ്ജുവിന് പ്ലെയിങ് ഇലവനിൽ പുറത്താകുന്നത്. ഏഷ്യ കപ്പിൽ അഭിഷേക് ശർമക്കൊപ്പം ഓപ്പണിങ്ങിൽ ഗിൽ എത്തിയതോടെ മധ്യനിരയിലായി സഞ്ജുവിന്‍റെ സ്ഥാനം.
എന്നാൽ, താരത്തിന് ഈ പൊസിഷനിൽ താളം കണ്ടെത്താനായില്ല. പിന്നാലെ വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയെ പരിഗണിക്കുകയായിരുന്നു. പരിശീലനത്തിനിടെയാണ് ഗില്ലിന്‍റെ കാലിന് പരിക്കേറ്റത്. കഴിഞ്ഞമാസം കൊൽക്കത്തയിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ കഴുത്തിനു പരിക്കേറ്റ താരം രണ്ടാം ടെസ്റ്റിൽ കളിച്ചിരുന്നില്ല. പരിക്കിൽനിന്ന് മുക്തനായാണ് താരം ട്വന്‍റി20 പരമ്പര കളിക്കാനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

