രണ്ടാം ഏകദിനം ഇന്ന്; ജയിച്ചാൽ ഇന്ത്യക്ക് പരമ്പര
text_fieldsറായ്പുർ (ഛത്തിസ്ഗഢ്): ഒന്നാം ഏകദിനത്തിലെ വിജയം നൽകിയ ആത്മവിശ്വാസത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര സ്വന്തമാക്കാനൊരുങ്ങി ടീം ഇന്ത്യ. റാഞ്ചിയിൽ ആദ്യം ബാറ്റ് ചെയ്ത് കൂറ്റൻ സ്കോർ നേടിയ മെൻ ഇൻ ബ്ലൂ ചെറുതായൊന്ന് വിറച്ചെങ്കിലും പ്രോട്ടീസിനെ മുട്ടുകുത്തിച്ചു.
സീനിയർ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ, നായകൻ കെ.എൽ. രാഹുൽ എന്നിവരുടെ ബാറ്റും സ്പിന്നർ കുൽദീപ് യാദവിന്റെയും പേസർ ഹർഷിത് റാണയുടെയും പന്തുമാണ് ജയമൊരുക്കുന്നതിൽ കാര്യമായ പങ്കുവഹിച്ചത്. രണ്ടാം ഏകദിനത്തിൽ മികവ് തുടർന്നാൽ മൂന്ന് മത്സര പരമ്പര അനായാസം ആതിഥേയർക്ക് സ്വന്തമാക്കാം. ടെസ്റ്റ് പരമ്പരയിലെ നാണക്കേട് തൽക്കാലത്തേക്ക് മറക്കാനുമാവും.
രോഹിത്തിനും കോഹ്‌ലിക്കും ഓരോ മത്സരവും നിർണായകമാണ്. തുടർച്ചയായ മൂന്നാമത്തെ കളിയിലാണ് രോഹിത് തകർപ്പൻ പ്രകടനം നടത്തുന്നത്. ആസ്ട്രേലിയക്കെതിരെ യഥാക്രമം അർധ ശതകവും സെഞ്ച്വറിയും പിന്നെ പ്രോട്ടീസിനെതിരെ 57 റൺസും. കോഹ്‌ലിയാവട്ടെ ആസ്ട്രേലിയയിൽ ഫിഫ്റ്റിയടിച്ചതിന് ശേഷമിറങ്ങിയ കളിയിൽ 135 റൺസാണ് ദക്ഷിണാഫ്രിക്കക്കെതിരെ നേടിയത്.
പരിശീലകൻ ഗൗതം ഗംഭീറുമായും ചീഫ് സെലക്ടർ അജിത് അഗാർക്കറുമായും സീനിയർ താരങ്ങൾ സ്വരച്ചേർച്ചയില്ലാത്ത സാഹചര്യത്തിൽ 2027ലെ ലോകകപ്പ് ടീമിൽ ഇടംപിടിക്കാൻ ഫോം തുടരുക തന്നെ വേണം. വിജയ ഇലവനിൽ കാര്യമായ പരീക്ഷണങ്ങൾക്ക് സാധ്യതയില്ല.
മധ്യനിരയിൽ അവസരം ലഭിച്ചിട്ടും നിരാശപ്പെടുത്തിയ ബാറ്റർ ഋതുരാജ് ഗെയ്ക്‌വാദിന്റെയും സ്പിൻ ഓൾ റൗണ്ടർ വാഷിങ്ടൺ സുന്ദറിന്റെയും കാര്യത്തിൽ തിടുക്കപ്പെട്ടൊരു പുനർവിചിന്തനമുണ്ടാവുമോയെന്ന് കണ്ടറിയണം. അതേസമയം, കഴിഞ്ഞ കളിയിൽ വിശ്രമം ലഭിച്ച നായകൻ ടെംബ ബാവുമ, സ്പിന്നർ കേശവ് മഹാരാജ് എന്നിവർ പ്രോട്ടീസ് പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയേക്കും. പരമ്പര നഷ്ടമാവാതിരിക്കാൻ സന്ദർശകർക്ക് ജയം അനിവാര്യമാണ്.
ടീം ഇവരിൽനിന്ന്
ഇന്ത്യ: കെ.എൽ. രാഹുൽ (ക്യാപ്റ്റൻ), രോഹിത് ശർമ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, ഋതുരാജ് ഗെയ്‌ക്‌വാദ്, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജദേജ, കുൽദീപ് യാദവ്, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ്, തിലക് വർമ, ഋഷഭ് പന്ത്, ധ്രുവ് ജുറൽ.
ദക്ഷിണാഫ്രിക്ക: ടെംബ ബാവുമ (ക്യാപ്റ്റൻ), എയ്ഡൻ മാർകറം, ഡെവാൾഡ് ബ്രെവിസ്, ക്വിന്റൺ ഡി കോക്ക്, മാർകോ യാൻസെൻ, ടോണി ഡി സോർസി, നാൻന്ദ്രെ ബർഗർ, റൂബിൻ ഹെർമൻ, ഒട്ട്‌നീൽ ബാർട്ട്മാൻ, കോർബിൻ ബോഷ്, മാത്യു ബ്രീസ്‌കെ, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി, റയാൻ റിക്കൽടൺ, പ്രനെലൻ സുബ്രായെൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

