രോഹിത്തിനും കോഹ്ലിക്കും ‘ലോകകപ്പ് ഓഡിഷൻ’; താൽക്കാലിക നായകന് കീഴിൽ ഇന്ത്യ ഇറങ്ങുന്നു
text_fieldsകെ.എൽ. രാഹുൽ, രോഹിത് ശർമ, വിരാട് കോഹ്ലി
റാഞ്ചി: ടെസ്റ്റിൽ നാണംകെട്ട തോൽവികൾ ഏറ്റുവാങ്ങുമ്പോഴും ഏകദിനത്തിലും ട്വന്റി20യിലും ഇന്ത്യൻ ടീമിന്റെ അപ്രമാദിത്തത്തിന് വലിയ കോട്ടമൊന്നും സംഭവിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സര പരമ്പരയിലെ ഒന്നാം ഏകദിനത്തിന് മെൻ ഇൻ ബ്ലൂ ഞായറാഴ്ച ഝാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ പ്രതീക്ഷകളേറെയാണ്. നായകൻ ശുഭ്മൻ ഗില്ലിനും ഉപനായകൻ ശ്രേയസ്സ് അയ്യർക്കും പരിക്കേറ്റതോടെ താൽക്കാലിക ക്യാപ്റ്റൻ കെ.എൽ. രാഹുലിന് കീഴിലാണ് ഇന്ത്യ കളിക്കുന്നത്. ഇതിഹാസ താരങ്ങളും മുൻ നായകരുമായ വിരാട് കോഹ്ലിയും രോഹിത് ശർമയും സംഘത്തിലുള്ളത് നീലക്കുപ്പായക്കാർക്ക് നൽകുന്ന ഊർജം ചെറുതല്ല. ഇരുവർക്കും 2027ലെ ലോകകപ്പ് കളിക്കാൻ ഈ പരമ്പരയിലെ പ്രകടനം നിർണായകമാണ്.
പരിചയ സമ്പന്നരും യുവനിരയും സമ്മിശ്രം ചേർന്ന ടീം ഇന്ത്യയിൽ പ്രമുഖരായ ഒരുപിടി താരങ്ങളുടെ അഭാവമുണ്ട്. ബാറ്റിങ്ങിൽ കരുത്താവേണ്ട ഗില്ലിനും ശ്രേയസ്സിനും പുറമെ, സൂപ്പർ പേസർമാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ടീമിലില്ല. രോഹിത്തിനൊപ്പം യശസ്വി ജയ്സ്വാൾ ഇന്നിങ്സ് ഓപൺ ചെയ്യും. മധ്യനിരയിലെ ഒരു സീറ്റിനായി തിലക് വർമയും ഋതുരാജ് ഗെയ്ക് വാദും ഋഷഭ് പന്തും കനത്ത മത്സരത്തിലാണ്. ക്യാപ്റ്റൻ രാഹുൽ വിക്കറ്റ് കീപ്പറുടെ ചുമതലയും ഏറ്റെടുക്കുന്ന പക്ഷം പന്ത് ബെഞ്ചിലിരിക്കേണ്ടിവരും. പേസ് ഡിപ്പാർട്ട്മെന്റിൽ അർഷ്ദീപ് സിങ്ങിനെയും പ്രസിദ്ധ് കൃഷ്ണയെയും ഹർഷിത് റാണയെയും പ്രതീക്ഷിക്കുന്നു. ഓൾ റൗണ്ടർ പട്ടികയിൽ രവീന്ദ്ര ജദേജക്കൊപ്പം വാഷിങ്ടൺ സുന്ദറിനെയും നിതീഷ് കുമാർ റെഡ്ഡിയെയും പരിഗണിക്കുന്നുണ്ട്. സ്പെഷലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവും.
അപകടകാരികളായ ഒരു കൂട്ടം താരങ്ങളുടെ കോംബിനേഷനാണ് പ്രോട്ടീസ്. പേസ് ബൗളിങ് നിരയിൽ കാഗിസോ റബാഡയുടെയും ആൻറിച് നോർയെയുടെയും അഭാവമുണ്ടെങ്കിലും മൂർച്ചക്ക് ഒട്ടും കുറവില്ല. ജെറാൾഡ് കോയെറ്റ്സിയും നാന്ദ്രെ ബർഗറും ലുങ്കി എൻഗിഡിയുമൊക്കെ സജ്ജരാണ്. ഇന്ത്യൻ ബാറ്റർമാർക്ക് വെല്ലുവിളി സൃഷ്ടിക്കാൻ സ്പിന്നർ കേശവ് മഹാരാജുമുണ്ട്. ക്യാപ്റ്റൻ ടെംബ ബാവുമ, വിരമിക്കൽ പിൻവലിച്ച് തിരിച്ചെത്തിയ ക്വിന്റൺ ഡി കോക്ക്, എയ്ഡൻ മർകറം, ഡെവാൾഡ് ബ്രെവിസ് തുടങ്ങിയവർ ബാറ്റിങ് വിഭാഗത്തെ സമ്പന്നമാക്കുന്നു. എണ്ണം പറഞ്ഞ ഓൾറൗണ്ടറാണ് പേസറായ മാർകോ യാൻസൻ.
ടീം ഇവരിൽനിന്ന്
- ഇന്ത്യ: കെ.എൽ. രാഹുൽ (ക്യാപ്റ്റൻ), രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, തിലക് വർമ, ഋഷഭ് പന്ത്, ഋതുരാജ് ഗെയ്ക്വാദ്, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജദേജ, കുൽദീപ് യാദവ്, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ്, ധ്രുവ് ജുറൽ.
- ദക്ഷിണാഫ്രിക്ക: ടെംബ ബാവുമ (ക്യാപ്റ്റൻ), എയ്ഡൻ മാർകറം, ഡെവാൾഡ് ബ്രെവിസ്, ക്വിന്റൺ ഡി കോക്ക്, മാർകോ യാൻസെൻ, ടോണി ഡി സോർസി, നാൻന്ദ്രെ ബർഗർ, റൂബിൻ ഹെർമൻ, ഒട്ട്നീൽ ബാർട്ട്മാൻ, കോർബിൻ ബോഷ്, മാത്യു ബ്രീസ്കെ, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി, റയാൻ റിക്കൽടൺ, പ്രനെലൻ സുബ്രായെൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

