പിടിമുറുക്കാൻ സഞ്ജുപ്പട
text_fieldsആദ്യ ട്വന്റി20യിൽ ദക്ഷിണാഫ്രിക്കൻ വിക്കറ്റു വീഴ്ത്തിയ വരുൺ ചക്രവർത്തി സഹതാരങ്ങൾക്കൊപ്പം ആഹ്ലാദം പങ്കിടുന്നു
കേപ് ടൗൺ: വൻ തോക്കുകളെ നാട്ടിലാക്കി പ്രോട്ടീസ് മണ്ണിൽ കുട്ടിക്രിക്കറ്റ് കളിക്കാനെത്തിയ യുവനിര ഇന്ന് വീണ്ടും ഇറങ്ങുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിനാണ് സഞ്ജു നയിക്കുന്ന ബാറ്റിങ്ങിൽ പ്രതീക്ഷയോടെ ടീം ഇന്ത്യ പാഡുകെട്ടുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യ 61 റൺസിന്റെ തകർപ്പൻ ജയം കുറിച്ചിരുന്നു. 50 പന്തിൽ 107 റൺസെടുത്ത് ആധികാരികമായി ബാറ്റുവീശിയ സഞ്ജു ഒരു പിടി റെക്കോഡുകൾ സ്വന്തമാക്കിയാണ് വെള്ളിയാഴ്ച കളി തന്റേതാക്കിയത്.
സിക്സറുകൾ തീമഴയായി പ്രവഹിച്ച വെടിക്കെട്ടിൽ അന്താരാഷ്ട്ര ട്വന്റി20യിൽ തുടരെ രണ്ട് സെഞ്ച്വറി നേടുന്ന നാലാമത്തെ താരവും ആദ്യ ഇന്ത്യക്കാരനുമായി സഞ്ജു മാറി. ഒക്ടോബർ 12ന് ഹൈദരാബാദിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 47 പന്തിൽ നിന്ന് 111 റൺസായിരുന്നു സഞ്ജു നേടിയത്. ദക്ഷിണാഫ്രിക്കക്കെതിരെ ട്വന്റി20യിൽ ഇന്ത്യൻ താരത്തിന്റെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോർ സഞ്ജുവിന്റേതായിരുന്നു. വിക്കറ്റ് കീപ്പറെന്ന നിലയിൽ രണ്ട് ട്വന്റി20 സെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ അന്താരാഷ്ട്ര താരമാണ് സഞ്ജു. വ്യക്തിഗത മികവ് ആകാശംതൊട്ട കളിയിൽ പക്ഷേ, മറ്റു ബാറ്റർമാർ കാര്യമായ സംഭാവന നൽകാതെ മടങ്ങിയത് ആധിയുണർത്തുന്നതാണ്. മുൻനിരയും മധ്യനിരയും കരുത്താകേണ്ട ബാറ്റിങ്ങിൽ തിലക് വർമയും ക്യാപ്റ്റൻ സൂര്യകുമാർ യാദവുമാണ് പിടിച്ചുനിന്നത്. ഓപണർ അഭിഷേക് ശർമ പിന്നെയും പരാജയപ്പെടുന്നതായിരുന്നു കാഴ്ച. കഴിഞ്ഞ വർഷം സിംബാബ്വേയിൽ 47 പന്തിൽ സെഞ്ച്വറി തൊട്ട അഭിഷേക് സമീപകാലത്ത് 0, 10, 14, 16, 15, 4, 7 എന്നിങ്ങനെയായിരുന്നു പ്രകടനം. 18 പന്തിൽ 33 എടുത്ത തിലക് വർമ സഞ്ജുവിന് മികച്ച പിന്തുണയും നൽകി. സൂര്യകുമാർ പക്ഷേ, നന്നായി തുടങ്ങിയെങ്കിലും വെറുതെ വിക്കറ്റ് കളഞ്ഞുകുളിച്ചു. ഇന്ത്യക്ക് 36 റൺസ് എടുക്കുന്നതിനിടെ ആറു വിക്കറ്റുകളാണ് നഷ്ടമായത്. രണ്ടു വിക്കറ്റ് നഷ്ടത്തിൽ 166 റൺസിൽ നിന്ന ഇന്ത്യ 20 ഓവർ പൂർത്തിയാക്കുമ്പോൾ 202/8 എന്ന നിലയിലായിരുന്നു.
ബൗളിങ്ങിൽ പ്രതീക്ഷ നൽകുന്നതായിരുന്നു കാര്യങ്ങൾ. വലിയ ടോട്ടൽ മുന്നിൽക്കണ്ട് ബാറ്റിങ് തുടങ്ങിയ ആതിഥേയരെ 141 റൺസിൽ ഇന്ത്യൻ ബൗളർമാർ തീർത്തു. 28 റൺസ് വഴങ്ങി മൂന്നുപേരെ മടക്കിയ വരുൺ ചക്രവർത്തി തന്നെയായിരുന്നു ഹീറോ. അർഷ്ദീപ് സിങ്, ആവേശ് ഖാൻ എന്നീ പേസർമാരും മികച്ച പ്രകടനം പുറത്തെടുത്തു.
ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കു മുന്നിലേറ്റ തോൽവിക്ക് പരമ്പരയിൽ പകരം ചോദിക്കാമെന്ന മോഹം ആദ്യ മത്സരത്തിൽ അടിയേറ്റ ദക്ഷിണാഫ്രിക്കക്ക് വരും മത്സരങ്ങളിൽ കൂടുതൽ കരുത്തുകാട്ടാനായാൽ കളി കടുക്കുമെന്നുറപ്പ്. അടുത്തിടെ വെസ്റ്റ് ഇൻഡീസിനോട് പ്രോട്ടീസ് സംഘം 3-0ന് തോൽവി വഴങ്ങിയിരുന്നു.
ടീം ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, തിലക് വർമ, ജിതേഷ് ശർമ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രമൺദീപ് സിങ്, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്, വിജയ കുമാർ വൈശാഖ്, ആവേശ് ഖാൻ, യാഷ് ദയാൽ.

