ഇന്ത്യക്ക് അഞ്ചു വിക്കറ്റ് നഷ്ടം, പന്ത് വീണ്ടും നിരാശപ്പെടുത്തി; ചരിത്ര ജയത്തിലേക്ക് ദക്ഷിണാഫ്രിക്കക്ക് അഞ്ചു വിക്കറ്റ് ദൂരം...
text_fieldsകുൽദീപ് യാദവ് ബൗൾഡാകുന്നു
ഗുവാഹതി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയെ തോൽവി തുറിച്ചുനോക്കുന്നു! രണ്ടാം ഇന്നിങ്സിൽ 66 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് അഞ്ചു വിക്കറ്റുകൾ നഷ്ടമായി.
ചരിത്ര ജയത്തിലേക്ക് ദക്ഷിണാഫ്രിക്കക്ക് അഞ്ചു വിക്കറ്റ് മാത്രം ദൂരം. ഇന്ത്യക്ക് സമനില പിടിക്കണമെങ്കിൽ ഇനി അത്ഭുതങ്ങൾ സംഭവിക്കണം. രണ്ട് വിക്കറ്റിന് 27 റൺസെന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്കോർ ബോർഡിൽ 31 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെയാണ് മൂന്നു വിക്കറ്റുകൾ നഷ്ടമായത്. കുൽദീപ് യാദവ് (38 പന്തിൽ അഞ്ച്), ധ്രുവ് ജുറേൽ (മൂന്നു പന്തിൽ രണ്ട്), നായകൻ ഋഷഭ് പന്ത് (16 പന്തിൽ 13) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മൂന്നു വിക്കറ്റുകളും സ്പിന്നർ സിമോൺ ഹാർമറിനാണ്.
സായി സുദർശൻ (104 പന്തിൽ 13), രവീന്ദ്ര ജദേജ (12 പന്തിൽ ഏഴ്) എന്നിവരാണ് ക്രീസിലുള്ളത്. ഓപ്പണർമാരായ യശസ്വി ജയ്സ്വാളിന്‍റെയും (20 പന്തിൽ 13) കെ.എൽ. രാഹുലിന്‍റെയും (29 പന്തിൽ ആറ്) വിക്കറ്റുകൾ നേരത്തെ വീണിരുന്നു.
പ്രോട്ടീസിനേക്കൾ 480 റൺസ് പിന്നിലാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കൻ ബൗളിങ്ങിനു മുന്നിൽ പൊരുതിനിൽക്കാൻ പോലും ഇന്ത്യൻ ബാറ്റർമാർക്ക് കഴിയുന്നില്ല. ഹാർമറുടെ പന്തിൽ ബൗൾഡായാണ് നൈറ്റ് വാച്ച്മാനായി എത്തിയ കുൽദീപ് മടങ്ങിയത്. ജുറേലും വന്നപോലെ മടങ്ങി. ഹാർമറിന്‍റെ പന്തിൽ എയ്ഡൻ മാർക്രത്തിന് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. പന്ത് വീണ്ടും നിരാശപ്പെടുത്തി. കാൽനൂറ്റാണ്ടിനിടെ ഇന്ത്യൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര ജയം നേടാനുള്ള തയാറെടുപ്പിലാണ് പ്രോട്ടീസ്.
നാലാംദിനം രണ്ടാം ഇന്നിങ്സ് അഞ്ച് വിക്കറ്റിന് 260 റൺസിൽ ഡിക്ലയർ ചെയ്ത് ഋഷഭ് പന്തിനും സംഘത്തിനും 549 റൺസിന്റെ കൂറ്റൻ ലക്ഷ്യമാണ് സന്ദർശകർ വെച്ചിനീട്ടിയത്. ഇന്നലെ വിക്കറ്റ് നഷ്ടമാകാതെ 26 റൺസിലാണ് പ്രോട്ടീസ് രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ചത്. സ്കോർ 59ൽ ഓപണർ റയാൻ റിക്കിൾട്ടൻ (35) സ്പിന്നർ രവീന്ദ്ര ജദേജക്ക് വിക്കറ്റ് സമ്മാനിച്ചു. മുഹമ്മദ് സിറാജ് ക്യാച്ചെടുക്കുകയായിരുന്നു. മറ്റൊരു ഓപണർ എയ്ഡൻ മാർകറത്തെ (29) ജദേജ ബൗൾഡാക്കി. ക്യാപ്റ്റൻ ടെംബ ബാവുമ (3) സ്പിന്നർ വാഷിങ്ടൺ സുന്ദറിന് (3) വിക്കറ്റ് നൽകി വേഗം മടങ്ങി. നിതീഷ് കുമാർ റെഡ്ഡിക്കായിരുന്നു ക്യാച്ച്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ സ്കോർ മൂന്ന് വിക്കറ്റിന് 107 റൺസ്. ക്രീസിൽ നങ്കൂരമിട്ട ട്രിസ്റ്റൻ സ്റ്റബ്സും ടോണി ഡെ സോർസിയും ചേർന്ന് നാലാം വിക്കറ്റിൽ 101 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.
സോർസി (49) ജദേയുടെ ഓവറിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. സെഞ്ച്വറിയിലേക്ക് നീങ്ങിയ സ്റ്റബ്സിനെ (94) ജദേജ കുറ്റി തെറിപ്പിച്ച് വിട്ടതോടെ അഞ്ചിന് 260ൽ ഡിക്ലയർ ചെയ്തു ദക്ഷിണാഫ്രിക്ക. 35 റൺസുമായി വിയാൻ മൾഡർ പുറത്താവാതെ നിന്നു. അഞ്ചിൽ നാല് വിക്കറ്റും ജദേജ നേടി. ആതിഥേയരെ ഫോളോ ഓൺ ചെയ്യിക്കാമായിരുന്നിട്ടും ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സിന് ഇറങ്ങുകയായിരുന്നു.
ഇന്ത്യയുടെ മറുപടി ഒട്ടും ആശാവഹമായിരുന്നില്ല. ജയ്സ്വാളിനെ ഏഴാം ഓവറിൽ പേസർ മാർകോ ജാൻസെൻ വിക്കറ്റിന് പിറകിൽ കൈൽ വെറെയ്നിന്റെ ഗ്ലൗസിലെത്തിക്കുമ്പോൾ സ്കോർ ബോർഡിൽ 17 റൺസ് മാത്രം. പിന്നെ സ്പിന്നർ സിമോൺ ഹാമറിന്റെ ഊഴം. രാഹുൽ പത്താം ഓവറിൽ ബൗൾഡായി ഹാമറിന് വിക്കറ്റ് നൽകി. കൊൽക്കത്തയിൽ നടന്ന ഒന്നാം ടെസ്റ്റിൽ 30 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

