പ്രോട്ടീസിനെതിരെ ഇന്ത്യക്ക് ലീഡ്; ഗില്ലിന് പരിക്ക്, സിക്സടിയിൽ സെവാഗിനെ മറികടന്ന് പന്ത്
text_fieldsദക്ഷിണാഫ്രിക്കക്കെതിരെ ഋഷഭ് പന്തിന്‍റെ ബാറ്റിങ്
കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് ഒന്നാം ഇന്നിങ്സ് ലീഡ്. 58 ഓവർ പിന്നിടുമ്പോൾ, ഏഴ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് എന്ന നിലയിലാണ് ആതിഥേയർ. 10 റൺസ് നേടിയ അക്സർ പട്ടേലിന് കൂട്ടായി മുഹമ്മദ് സിറാജാണ് ക്രീസിൽ. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സിൽ 159ന് പുറത്തായിരുന്നു. രണ്ടാംദിനം വമ്പൻ ലീഡുയർത്തുകയെന്ന ലക്ഷ്യത്തിലേത്ത് എത്താൻ ടീം ഇന്ത്യ കൂടുതൽ പരിശ്രമിക്കേണ്ടിവരും.
ഒന്നിന് 37 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ വാഷിങ്ടൺ സുന്ദറിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 82 പന്തുകൾ നേരിട്ട താരം രണ്ട് ഫോറും ഒരു സിക്സും സഹിതം 29 റൺസ് നേടിയാണ് പുറത്തായത്. സൈമൺ ഹാർമർക്കാണ് വിക്കറ്റ്. അധികം വൈകാതെ നായകൻ ശുഭ്മൻ ഗില്ലിന് പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായി. നാല് റൺസെടുത്തു നിൽക്കെ കഴുത്തിന് വേദന അനുഭവപ്പെട്ട താരം റിട്ടയേഡ് ഹർട്ടായി മടങ്ങി.
സ്കോർ 100 പിന്നിട്ടതിനു പിന്നാലെ എയ്ഡൻ മാർക്രമിന് ക്യാച്ച് സമ്മാനിച്ച് കെ.എൽ. രാഹുൽ (39) കൂടാരം കയറി. നാല് ഫോറും ഒരു സിക്സുമടങ്ങുന്നതാണ് ഇന്നിങ്സ്. ഉപനായകൻ ഋഷഭ് പന്തിനെ കോർബിൻ ബോഷ് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. 27 റൺസ് നേടിയ പന്ത്, ടെസ്റ്റിൽ ഏറ്റവുമധികം സിക്സറുകളടിച്ച ഇന്ത്യൻ താരമെന്ന റെക്കോഡ് സ്വന്തം പേരിലാക്കി. മത്സരത്തിൽ രണ്ട് സിക്സറുകൾ പായിച്ച പന്ത്, മുൻ താരം വിരേന്ദർ സെവാഗിനെയാണ് മറികടന്നത്.
ലഞ്ചിന് മുമ്പ് രവീന്ദ്ര ജദേജയും ധ്രുവ് ജുറേലും ചേർന്ന് പ്രോട്ടീസ് സ്കോറിനെ മറികടന്നു. ഉച്ചഭക്ഷണത്തിനു ശേഷം ഇരുവരും വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തു. ജദേജ 27ഉം ജുറേൽ 14 റൺസുമാണ് നേടിയത്. സൈമൺ ഹാർമറാണ് ഇരുവരെയും പുറത്താക്കിയത്. കുൽദീപ് യാദവ് ഒറ്റ റണ്ണുമായി പുറത്തായി. മാർക്കോ യാൻസന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ കെയ്‍ൽ വെറെയ്ൻ പിടികൂടിയാണ് താരം പവലിയനിലേക്ക് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

