ക്രിക്കറ്റിൽ വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടം; നേർക്കുനേർ വരുന്നത് ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിൽ...
text_fieldsമുംബൈ: ക്രിക്കറ്റിൽ വീണ്ടും ഇന്ത്യ-പാകിസ്താൻ പോരാട്ടം വരുന്നു. 2026 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടക്കുന്ന ട്വന്‍റി20 ലോകകപ്പിലാണ് മത്സരം. ഇന്ത്യയിലെ ഡൽഹി, കൊൽക്കത്ത, അഹ്മദാബാദ്, ചെന്നൈ, മുംബൈ, ശ്രീലങ്കയിലെ കൊളംബോ, കാൻഡി നഗരങ്ങളാണ് ടൂർണമെന്റിന് വേദിയാവുക. ഫെബ്രുവരി 15ന് ഇന്ത്യ-പാക് മത്സരം കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കും. പാകിസ്താന്റെ എല്ലാ കളികളും ശ്രീലങ്കയിലാണ്.
യു.എസ്, നെതർലൻഡ്സ്, നമീബിയ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ് എയിലാണ് ഇന്ത്യയും പാകിസ്താനും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഫെബ്രുവരി ഏഴിന് യു.എസിനെതിരെയാണ് ആതിഥേയരുടെ ആദ്യ മത്സരം. ഡൽഹിയിൽ 12ന് നമീബിയയുമായും 19ന് അഹ്മദാബാദിൽ നെതർലൻഡ്സുമായും ഏറ്റുമുട്ടും. ഗ്രൂപ്പ് ബി-യിൽ ആസ്ട്രേലിയ, ശ്രീലങ്ക, അയർലൻഡ്, സിംബാബ്‌വെ, ഒമാൻ, സി-യിൽ ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ്, ബംഗ്ലാദേശ്, നേപ്പാൾ, ഇറ്റലി, ഡി-യിൽ ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്താൻ, കാനഡ, യു.എ.ഇ എന്നിവരുമാണുള്ളത്.
പാകിസ്താൻ നേരത്തേ പുറത്താവുന്ന പക്ഷം മുംബൈയിലും കൊൽക്കത്തയിലുമായിരിക്കും സെമി ഫൈനൽ മത്സരങ്ങൾ. ഫൈനൽ മാർച്ച് എട്ടിന് അഹ്മദാബാദിലും നടക്കും. പാകിസ്താൻ യോഗ്യത നേടിയാൽ ലങ്കയിലെ വേദികളിലായിരിക്കും അവരുൾപ്പെടുന്ന സെമിയും ആവശ്യമെങ്കിൽ ഫൈനലും സംഘടിപ്പിക്കുക. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ കിരീടം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് ഇറങ്ങുന്നത്. കഴിഞ്ഞ വർഷം ഇന്ത്യക്ക് കിരീടം സമ്മാനിച്ച് ട്വന്റി20യിൽനിന്ന് വിരമിച്ച നായകൻ രോഹിത് ശർമയെ 2026 ലോകകപ്പിന്റെ അംബാസഡറായി നിയോഗിച്ചിട്ടുണ്ട്.
അതേസമയം, ഏഷ്യ കപ്പിലെ വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഫൈനലിൽ പാകിസ്താനെ തോൽപിച്ച് ഇന്ത്യ ജേതാക്കളായെങ്കിലും ട്രോഫി ഇതുവരെ ഇന്ത്യക്ക് കൈമാറിയിട്ടില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) തലവനും പാകിസ്താൻ ആഭ്യന്തര മന്ത്രിയുമായ മുഹ്സിൻ നഖ്‌വിയിൽനിന്ന് കിരീടം സ്വീകരിക്കില്ലെന്ന് അറിയിച്ചതോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറുന്നത്. ഇന്ത്യൻ താരങ്ങൾ വ്യക്തിഗത അവാർഡുകൾ മാത്രമാണ് സ്വീകരിച്ചത്. ഇതോടെ ജേതാക്കൾക്കുള്ള കിരീടവും മെഡലുമായി നഖ്‌വി താമസിക്കുന്ന ഹോട്ടലിലേക്ക് പോയി. ഒടുവിൽ കിരീടമില്ലാതെയാണ് ഇന്ത്യൻ താരങ്ങൾ വിജയാഘോഷം നടത്തിയത്.
ദുബൈ സ്പോർട്സ് സിറ്റിയിലുള്ള എ.സി.സി ആസ്ഥാനത്തുള്ള കിരീടം തന്‍റെ അറിവോ, സമ്മതമോ ഇല്ലാതെ കൈമാറരുതെന്ന് അദ്ദേഹം ബന്ധപ്പെട്ടവർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ സമീപിച്ചിരിക്കുകയാണ് ബി.സി.സി.ഐ. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ടോസിനിടെ ഇന്ത്യൻ നായകൻ പാകിസ്താൻ നായകന് ഹസ്തദാനം നൽകുകയോ, മത്സരശേഷം കളിക്കാർ തമ്മിലുള്ള കൈകൊടുക്കലോ ഉണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

