ലെജൻഡ്സ് ക്രിക്കറ്റ്: സെമിയിൽ ഇന്ത്യ-പാക് പോരാട്ടം; ധവാനും സംഘവും കളിക്കുമോ, അതോ ബഹിഷ്‍കരണം തുടരുമോ..?
text_fieldsബെർമിങ്ഹാം: ഇതിഹാസ താരങ്ങൾ അണിനിരക്കുന്ന ലെജൻഡ്സ് വേൾഡ് ചാമ്പ്യൻഷിപ്പ് ക്രിക്കറ്റിൽ വീണ്ടുമൊരു ഇന്ത്യ- പാകിസ്താൻ പോരാട്ടത്തിന് അവസരമൊരുങ്ങിയതോടെ ആകാംക്ഷയോടെ ആരാധകർ. വ്യാഴാഴ്ചത്തെ സെമി മത്സരം ഇത്തവണ നടക്കുമോ, അതോ പാകിസ്താന്റെ ഭീകര നയങ്ങളോട് പ്രതിഷേധവുമായി ബഹിഷ്‍കരണം തുടരുമോ..? ടീം അംഗങ്ങളുടെ നിലപാടിനായി കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം.
ബെർമിങ്ഹാമിലും ലെസ്റ്ററിലുമായി നടക്കുന്ന മുൻതാരങ്ങളുടെ പോരാട്ടത്തിന്റെ ലീഗ് റൗണ്ടിൽ പാകിസ്താനെതിരായ മത്സരം കളിക്കില്ലെന്ന് ഇന്ത്യൻ താരങ്ങൾ നിലപാട് പ്രഖ്യാപിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്കും, ഭീകരതയെ പിന്തുണക്കുന്ന അയൽ രാജ്യത്തിന്റെ നിലപാടിനോടുമുള്ള പ്രതിഷേധവും കളത്തിൽ പ്രകടിപ്പിച്ചാണ് ശിഖർ ധവാനും യുവരാജ് സിങ്ങും ഉൾപ്പെടെ താരങ്ങൾ കളി ബഹിഷ്‍കരണം പ്രഖ്യാപിച്ചത്.
രാജ്യമാണ് വലുത്, അതിന് മുകളിൽ മറ്റൊന്നുമില്ലെന്നും, പാകിസ്താനെതിരെ കളിക്കിലെന്നുമുള്ള ശിഖർ ധവാന്റെ പ്രഖ്യാപനത്തിനു പിന്നാലെ സഹതാരങ്ങളും അതേ നിലപാട് സ്വീകരിച്ചു. ഇതോടെയാണ് ജൂലായ് 20ന് ഷെഡ്യുൾ ചെയ്ത ആദ്യ മത്സരം സംഘാടകർ ഒഴിവാക്കിയത്.
നിലവിൽ അഞ്ച് കളിയിൽ നാലും ജയിച്ച പാകിസ്താൻ ഗ്രൂപ്പ് ജേതാക്കളായാണ് സെമിയിൽ പ്രവേശിച്ചത്. ഒരു ജയവും, മൂന്ന് തോൽവിയും വഴങ്ങിയ ഇന്ത്യ മൂന്ന് പോയന്റുമായി നാലാം സ്ഥാനക്കാരായി സെമിയിൽ ഇടം നേടുകയായിരുന്നു.
ചൊവ്വാഴ്ച നടന്ന അവസാന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനെതിരെ ആയിരുന്നു ആശ്വാസജയം. ആദ്യം ബാറ്റുചെയ്ത വിൻഡീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 144റൺസെടുത്തപ്പോൾ, ഇന്ത്യ സ്റ്റുവർട്ട് ബിന്നിയുടെ അതിവേഗ അർധസെഞ്ച്വറി (21 പന്തിൽ 50) ബലത്തിൽ 13.2 ഓവറിൽ വിജയം സ്വന്തമാക്കിയാണ് സെമിയിലേക്ക് കഷ്ടിച്ച് കടന്നു കൂടിയത്. റൺറേറ്റിന്റെ ആനുകൂല്യം ഇംഗ്ലണ്ടിനെ മറികടന്ന് മുന്നേറാൻ ഇന്ത്യയെ സഹായിച്ചു.
രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയും ആസ്ട്രേലിയയും ഏറ്റുമുട്ടും. മുൻകാല സൂപ്പർതാരങ്ങളായ യുവരാജ് സിങ്, ശിഖർ ധവാൻ, ഹർഭജൻസിങ്, സുരേഷ് റെയ്ന, ഇർഫാൻ പഠാൻ, യൂസുഫ് പഠാൻ, റോബിൻ ഉത്തപ്പ, അമ്പാട്ടി രായുഡു, സ്റ്റുവർട് ബിന്നി എന്നിവരാണ് ഇന്ത്യക്കായി കളിക്കുന്നത്. മുഹമ്മദ് ഹഫീസ്, ശുഐബ് മാലിക്, സർഫ്രാസ് അഹമ്മദ്, ഷാഹിദ് അഫ്രീദി, കമ്രാൻ അക്മൽ, സുഹൈൽ തൻവീർ എന്നിവരാണ് പാക് നിരയിലുള്ളത്.
ഇന്ത്യയും പാകിസ്താനും തമ്മിലെ രാഷ്ട്രീയ-നയതന്ത്ര സാഹചര്യങ്ങൾ കലുഷിതമായതോടെ ഇരുരാജ്യങ്ങളും തമ്മിലെ ക്രിക്കറ്റിനെയും ബാധിച്ചു. നിലവിൽ ഐ.സി.സി ടൂർണമെന്റിലും ഏഷ്യാ കപ്പിലും മാത്രമാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് ഐ.സി.സി അംഗീകാരമില്ലാതെ നടത്തുന്ന സ്വകാര്യ ടൂർണമെന്റാണ്.
ലെജൻഡ്സ് കപ്പിലെ ലീഗ് മത്സരം ബഹിഷ്‍കരിച്ചതിനു പിന്നാലെ, ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരമെത്തിയത് വിവാദമായി മാറി. മുൻതാരങ്ങളും രാഷ്ട്രീയ നേതാക്കളും അനുകൂലിച്ചും വിമർശിച്ചും ഇതിനകം രംഗത്തെത്തി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പാകിസ്താനെതിരെ ഒരു മത്സരവും വേണ്ടെന്ന് മുഹമ്മദ് അസ്ഹറുദ്ദീൻ, മനോജ് തിവാരി എന്നിവർ ഉൾപ്പെടെ താരങ്ങൾ പരസ്യമായി പ്രതികരിച്ചപ്പോൾ, കളിയെ സ്പോർട്സ്മാൻഷിപ്പോടെ എടുക്കണമെന്നായിരുന്നു സൗരവ് ഗാംഗുലിയുടെ അഭിപ്രായപ്രകടനം. കളി അതിന്റെ വഴിക്ക് തുടരട്ടെ എന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ലെജൻഡ്സ് ലീഗിന്റെ സ്പോൺസർഷിപ്പിൽ നിന്നുള്ള ഇന്ത്യൻ കമ്പനിയുടെ പിൻമാറ്റം വ്യാഴാഴ്ചത്തെ മത്സരവും വിവാദത്തിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

