പാകിസ്താനെ എറിഞ്ഞ് വീഴ്ത്തി; ഇന്ത്യക്ക് 128 റൺസ് വിജയ ലക്ഷ്യം, കുൽദീപിന് മൂന്ന് വിക്കറ്റ്
text_fieldsദുബൈ: ഏഷ്യകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു. 40 റൺസെടുത്ത സാഹിബ്‌സാദ ഫർഹാനാണ് പാക് ടോപ് സ്കോറർ. ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് മൂന്നും ജസ്പ്രീത് ബുംറയും അക്ഷർ പട്ടേലും രണ്ട് വീതം വിക്കറ്റും വീഴ്ത്തി.
ഫൈനലിനേക്കാൾ ആകാംക്ഷയും വീറും നിറഞ്ഞൊരു മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പാക് തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യയുടെ തുടക്കം.
ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ഓപണർ സയിം അയ്യൂബിനെ (0) ഹാർദിക് പാണ്ഡ്യ ബുംറയുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറിൽ മുഹമ്മദ് ഹാരിസിനെ (3) പാണ്ഡ്യയുടെ കൈകളിലെത്തിച്ച് ബുംറയും ഉദ്ദേശ്യം വ്യക്തമാക്കി. തുടർന്നെത്തിയ ഫഖർ സമാനൊപ്പം ഫർഹാൻ സ്കോർ പതിയെ ഉയർത്തി തുടങ്ങി. 45ൽ നിൽക്കെ ഫഖർ സമാനെയും (17) പാകിസ്താന് നഷ്ടമായി. അക്ഷർ പട്ടേലിന്റെ പന്തിൽ തിലക് വർമക്ക് ക്യാച്ച് സമ്മാനിച്ചാണ് ഫഖർ മടങ്ങിയത്.
നായകൻ സൽമാൻ ആഗയും (3) പട്ടേലിന് വിക്കറ്റ് നൽകി മടങ്ങിയതോടെ പാക് നില പരുങ്ങലിലായി. തുടർന്നങ്ങോട്ട് കുൽദീപിന്റെ സമയമായിരുന്നു. ഹസൻ നവാസിനെ (5) അക്ഷറിന്റെ കൈകളിലെത്തിച്ച കുൽദീപ് യാദവ് അകൗണ്ട് തുറക്കും മുൻപ് മുഹമ്മദ് നവാസിനെ എൽ.ബിയിൽ കുരുക്കി. ഒരറ്റത്ത് ഉറച്ച് നിന്നിരുന്ന ഓപണർ സാഹിബ്‌സാദ ഫർഹാനെയും (40) കുൽദീപ് മടക്കിയയച്ചു.
11 റൺസെടുത്ത ഫഹീം അഷ്റഫിനെ വരുൺ എൽ.ബിയിലൂടെ പുറത്താക്കി. തുടർന്ന് ക്രീസിലെത്തിയ ഷഹീൻ ഷാ സിക്സറിച്ചാണ് തുടങ്ങിയത്. സുഫിയാൻ മുഖീമിനെ കൂട്ടുപിടിച്ച് ഷഹീൻ സ്കോർ 100 കടത്തി. 10 റൺസെടുത്ത മുഖീമിനെ ബുംറ ക്ലീൻ ബൗൾഡാക്കി. എന്നാൽ അവസാന ഓവറിലും ആഞ്ഞടിച്ച് ഷഹീൻ അഫ്രീദി പാകിസ്താനെ ഭേദപ്പെട്ട സ്കോറിലെത്തിക്കുകയായിരുന്നു. 16 പന്തുകൾ നേരിട്ട ഷഹീൻ നാല് സിക്സറുൾപ്പെടെ 33 റൺസെടുത്തു.
പഹൽഗാം ആക്രമണത്തിനും ഓപറേഷൻ സിന്ധൂറിനും ശേഷം നടക്കുന്ന ആദ്യ കളിയിൽ ജയം ഇരു ടീമിനും മുമ്പത്തേക്കാളധികം അഭിമാനപ്രശ്നമായിരുന്നു. ഇരുടീമിലും മാറ്റങ്ങളൊന്നുമില്ലായിരുന്നു. ആദ്യ മത്സരത്തിൽ ഒമാനെ നേരിട്ട അതേ ടീമിനെ തന്നെയാണ് ഇന്ത്യയും പാകിസ്താനും നിലനിർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

