ഒരാഴ്ചക്കിടെ രണ്ട് ഇന്ത്യ-പാകിസ്താൻ പോരാട്ടം! ഏഷ്യ കപ്പ് ക്രിക്കറ്റ് സെപ്റ്റംബറിൽ; സാധ്യതകൾ ഇങ്ങനെ...
text_fieldsമുംബൈ: പഹൽഗാം ഭീകരാക്രമണവും ഓപറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്താന് തിരിച്ചടി നൽകിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വീണ്ടും വഷളാക്കിയിരുന്നു. ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് പടിവാതിൽക്കൽ എത്തിനിൽക്കെ, ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരങ്ങളെയും ഇത് ബാധിക്കുമെന്ന ആശങ്കയിലായിരുന്നു ആരാധകർ.
നിരവധി എതിർപ്പുകളുണ്ടെങ്കിലും ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് കളിക്കുമെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഏഷ്യ കപ്പിൽ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടും. 2025ലെ ഏഷ്യാ കപ്പ് നേരത്തെ ആസൂത്രണം ചെയ്തതുപോലെ നടക്കുമെന്നും സെപ്റ്റംബര്‍ അഞ്ചിന് ഉദ്ഘാടന മത്സരം നടത്താനാകുമെന്നുമാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിൽ (എ.സി.സി) പ്രതീക്ഷ പങ്കുവെക്കുന്നത്.
കഴിഞ്ഞ വർഷത്തേതുപോലെ ട്വന്‍റി20 ഫോര്‍മാറ്റിലായിരിക്കും മത്സരങ്ങള്‍. ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, യു.എ.ഇ എന്നീ ആറു ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. പുറത്തുവരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ 21 ദിവസത്തിനിടെ ഇന്ത്യ-പാകിസ്താൻ മത്സരം മൂന്നു തവണ കാണാനുള്ള ഭാഗ്യം ആരാധകർക്കുണ്ടാകും. ഗ്രൂപ്പ് റൗണ്ടിൽ സെപ്റ്റംബർ ഏഴിന് ഇന്ത്യ പാകിസ്താനുമായി ഏറ്റുമുട്ടും. 2022, 2023 ടൂർണമെന്‍റിനു സമാനമായി ഗ്രൂപ്പ് ഘട്ടം, സൂപ്പർ ഫോർ ഫോർമാറ്റുകളിലാണ് ഇത്തവണയും ടൂർണമെന്‍റ് നടക്കുക. ഇന്ത്യയും പാകിസ്താനും സൂപ്പർ ഫോറിലേക്ക് യോഗ്യത നേടിയാൽ മറ്റൊരു ത്രില്ലർ പോരാട്ടം കൂടി കാണാനാകും. സെപ്റ്റംബർ 14നാകും (ഞായറാഴ്ച) ഇന്ത്യ-പാകിസ്താൻ മത്സരം. സെപ്റ്റംബർ 21ന് ഫൈനൽ നടക്കും.
ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ആതിഥേയര്‍ ഇന്ത്യയാണ്. എന്നാല്‍, ബി.സി.സി.ഐയും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റുകള്‍ നിഷ്പക്ഷ വേദികളിലോ അല്ലെങ്കില്‍ ഹൈബ്രിഡ് മോഡലുകളിലോ നടത്തുന്നതാണ് പതിവ്. മാറ്റമില്ലെങ്കിൽ ടൂർണമെന്‍റിന് യു.എ.ഇ വേദിയാകാനാണ് സാധ്യത. നിലവില്‍ ഐ.സി.സി, ഏഷ്യ കപ്പ് ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങള്‍ നടക്കുന്നത്. ക്രിക്ബസ് റിപ്പോർട്ട് പ്രകാരം ജൂലൈ ആദ്യവാരം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഏഷ്യ കപ്പിന്‍റെ മത്സരക്രമവും വേദിയും പുറത്തുവിടുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

