തുടർച്ചയായ മൂന്നാം ഞായറാഴ്ചയും ഇന്ത്യ-പാക് മത്സരം; ഏഷ്യ കപ്പിൽ ഇന്ന് കിരീടപ്പോരാട്ടം
text_fieldsദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് തുടങ്ങുന്നതിന് മുമ്പ് ഇന്ത്യയുടെയും പാകിസ്താന്റെയും ഭരണ തലപ്പത്ത് ഇരു രാജ്യങ്ങളും തമ്മിലെ കളി വലിയ ചർച്ചയായിരുന്നു. മത്സരം നടന്നില്ലെങ്കിൽ അതൊരുപക്ഷേ, ടൂർണമെന്റ് തന്നെ ഇല്ലാതാവാൻ വഴിവെച്ചേക്കാം എന്ന രീതിയിലേക്കൊക്കെ കാര്യങ്ങൾ പോയി. ഒടുവിൽ നിഷ്പക്ഷ വേദിയിൽ പാകിസ്താനെതിരെ കളിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കേന്ദ്ര സർക്കാർ പച്ചക്കൊടി കാണിച്ചതോടെ അനിശ്ചിതത്വം നീങ്ങി.
ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിൽ വന്നപ്പോൾ ഹസ്തദാനം ബഹിഷ്കരിച്ചതിന്റെ പേരിൽ കുറെ വിവാദങ്ങൾ. പിന്നെ സൂപ്പർ ഫോറിലും ഇരു ടീമും നേർക്കുനേർ. ആധികാരിക ജയം തുടർന്ന ഇന്ത്യയെ ‘വിടാൻ’ പക്ഷേ, പാകിസ്താൻ തയാറല്ല. ഏഷ്യ കപ്പ് കിരീടം നിലനിർത്താൻ അവരെ ഒരിക്കൽക്കൂടി തോൽപിക്കണം സൂര്യകുമാർ യാദവിനും സംഘത്തിനും. കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ വല്ലപ്പോഴും മാത്രം സംഭവിച്ചിരുന്ന ഇന്ത്യ-പാക് ക്രിക്കറ്റ് പോരാട്ടം ഇപ്പോൾ തുടർച്ചയായ മൂന്ന് ഞായറാഴ്ചകളിലുമുണ്ടായിരിക്കുന്നുവെന്നത് കൗതുകകരംതന്നെ. ഏഷ്യ കപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഇരു ടീമും ഫൈനലിൽ നേർക്കുനേർ വരുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യക്ക് പരിക്കിന്റെ ആശങ്ക
ടൂർണമെന്റിൽ ഒരു കളി പോലും തോൽക്കാതെയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. തുടർച്ചയായി ആറ് മത്സരങ്ങളും ജയിച്ചു. സൂപ്പർ ഫോറിൽ കഴിഞ്ഞ ദിവസം ശ്രീലങ്കക്കെതിരെ നടന്ന കളിയിൽ പരാജയ വക്കത്തുനിന്ന് ടൈയിൽപ്പിടിച്ച് സൂപ്പർ ഓവറിൽ വിജയം കാണാൻ മെൻ ഇൻ ബ്ലൂവിനായി. മത്സരത്തിനിടെ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യക്കും ഓപണിങ് ബാറ്റർ അഭിഷേക് ശർമക്കും പരിക്കേറ്റത് ഇന്ത്യയെ ആശങ്കയിലാഴ്ത്തിയിരുന്നു. അഭിഷേക് ഫൈനലിൽ കളിക്കുമെന്ന് ബൗളിങ് പരിശീലകൻ മോണി മോർക്കൽ സ്ഥിരീകരിച്ചു. എന്നാൽ, ഞായറാഴ്ച വൈകുന്നേരത്തെ സ്ഥിതികൂടി പരിശോധിച്ച ശേഷമേ ഹാർദിക്കിന്റെ കാര്യത്തിൽ തീരുമാനമെടുക്കൂവെന്ന് മോർക്കൽ വ്യക്തമാക്കി. ഹാർദിക് ബെഞ്ചിലിരുന്നാൽ ഒരു സ്പെഷലിസ്റ്റ് ബൗളറെയോ ബാറ്ററെയോ ഇറക്കാനാണ് പദ്ധതി. പേസർ അർഷ്ദീപ് സിങ്ങിനോ മധ്യനിര ബാറ്റർ റിങ്കു സിങ്ങിനോ അവസരമൊരുങ്ങിയേക്കും.
ബാറ്റർമാർ തകർപ്പൻ ഫോമിലുള്ളതാണ് ഇന്ത്യയുടെ പ്രധാന പ്ലസ് പോയന്റ്. തുടർച്ചയായ മൂന്നാം മത്സരത്തിലും അർധ ശതകം നേടിയ അഭിഷേകിന്റെ ബാറ്റിൽനിന്ന് ഇന്നും റൺസൊഴുകുമെന്നാണ് പ്രതീക്ഷ. ലങ്കക്കെതിരെ ശുഭ്മൻ ഗില്ലും സൂര്യയും നിറംമങ്ങിയപ്പോൾ തിലക് വർമയും സഞ്ജു സാംസണും വിശ്വാസം കാത്തു. കഴിഞ്ഞ കളിയിൽ വിശ്രമം അനുവദിച്ച പേസർ ജസ്പ്രീത് ബുംറ ഫൈനലിൽ ഇറങ്ങും. ഓൾ റൗണ്ടർ ശിവം ദുബെയും തിരിച്ചെത്താനാണ് സാധ്യത. സ്പെഷലിസ്റ്റ് സ്പിന്നർമാരായി കുൽദീപ് യാദവും വരുൺ ചക്രവർത്തിയുമുണ്ടാവും. സ്പിൻ ഓൾ റൗണ്ടർ അക്ഷർ പട്ടേലിനെയും മാറ്റിനിർത്താനാവില്ല.
ബൗളർമാരിൽ വിശ്വസിച്ച് പാകിസ്താൻ
ടൂർണമെന്റിലെ മൊത്തം പ്രകടനം നോക്കിയാൽ ശോകമാണ് പാകിസ്താന്റെ ബാറ്റിങ്. ബുംറയെ ആറ് സിക്സടിക്കുമെന്ന് വീരവാദം മുഴക്കിയ സാഇം അയ്യൂബാണ് ഏറ്റവും പരാജയം. ആറിൽ നാല് കളിയിലും ഡക്കായി സാഇം. ഒന്നിൽ 21ഉം മറ്റൊന്നിൽ രണ്ടും റൺസിന് പുറത്ത്. നിർണായക ഘട്ടത്തിൽ ടീമിനെ കരകയറ്റാൻ ത്രാണിയുള്ളവരും വലിയ സ്കോറുകൾ നേടാൻ കെൽപുള്ളവരുമായ ബാറ്റർമാർ പാക് നിരയിലിപ്പോൾ ഇല്ലെന്നുതന്നെ പറയാം. പേസർമാരായ ഷഹീൻ ഷാ അഫ്രീദിയും ഹാരിസ് റഊഫുമാണ് കൈവിട്ട പല മത്സരങ്ങളിലും ടീമിനെ തിരിച്ചുകൊണ്ടുവന്നത്. സ്പിന്നർ അബ്രാർ അഹമ്മദും അപകടകാരിയാണ്. ഹുസൈൻ തലത്തിന് ബാറ്റുകൊണ്ടും ബാൾകൊണ്ടും നിർണായക സംഭാവനകളർപ്പിക്കാൻ കഴിയും. ഇവരിലാണ് പാകിസ്താന്റെ ആശയും ആശ്വാസവും. എതിരാളികളെ എളുപ്പത്തിൽ കീഴടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. എന്നാൽ, ഇന്ത്യൻ ബാറ്റിങ് നിരയെ എറിഞ്ഞിട്ടാൽ കാര്യങ്ങൾ വഴിക്ക് വരുമെന്ന് സൽമാൻ ആഗയും സംഘവും വിശ്വസിക്കുന്നു.
ടീം ഇവരിൽനിന്ന്
ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, റിങ്കു സിങ്, ജിതേഷ് ശർമ.
പാകിസ്താൻ: സൽമാൻ ആഗ (ക്യാപ്റ്റൻ), സാഇം അയ്യൂബ്, സാഹിബ്സാദ ഫർഹാൻ, മുഹമ്മദ് ഹാരിസ്, ഫഖർ സമാൻ, ഹസൻ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ ഷാ അഫ്രീദി, സൂഫിയാൻ മുഖീം, അബ്രാർ അഹമ്മദ്, ഹുസൈൻ തലത്ത്, ഖുഷ്ദിൽ ഷാ, സൽമാൻ മിർസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

