ഓപ്പണറായി സഞ്ജു, ഇന്ത്യയെ ബാറ്റിങ്ങിന് വിട്ട് ന്യൂസിലൻഡ്
text_fieldsനാഗ്പുർ: ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു. ഓപ്പണറായി അഭിഷേക് ശർമക്കൊപ്പം മലയാളി താരം സഞ്ജു സാംസൺ കളിക്കും.
മൂന്നാമനായി ഇഷാൻ കിഷനും അഞ്ചാമനായി റിങ്കു സിങ്ങും പ്ലെയിങ് ഇലവനിലെത്തി. ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനമാണ് ഇടവേളക്കുശേഷം ഇഷാനെ ടീമിലെത്തിച്ചത്. കുൽദീപ് യാദവ്, ഹർഷിത് റാണ, ശ്രേയസ് അയ്യർ, രവി ബിഷ്ണോയി എന്നിവർ പുറത്താണ്. ഫെബ്രുവരിയിലെ ലോകകപ്പിനുള്ള ഡ്രസ് റിഹേഴ്സലാണ് പരമ്പര. കിവികൾക്കെതിരെ ഏകദിന പരമ്പര നഷ്ടമായ ക്ഷീണം കൂടി ചേരുമ്പോൾ സൂര്യകുമാർ യാദവിനും സംഘത്തിനും അഭിമാനപ്പോരാട്ടമാണിത്. ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ് എന്നിവരാണ് ടീമിലെ പേസർമാർ.
സ്പിന്നർമാരായി വരുൺ ചക്രവർത്തിയും അക്സർ പട്ടേലും ടീമിലുണ്ട്. ഓൾ റൗണ്ടർ സ്ലോട്ടിൽ ഹാർദിക് പാണ്ഡ്യയാണ് കളിക്കുന്നത്. സൂര്യയുടെ ഫോമില്ലായ്മയാണ് ഇന്ത്യയുടെ പ്രധാന തലേവദന. ജനുവരി 23ന് റായ്പുരിലും 25ന് ഗുവാഹതിയിലും 28ന് വിശാഖപട്ടണത്തും 31ന് തിരുവനന്തപുരം കാര്യവട്ടത്തുമാണ് ബാക്കി മത്സരങ്ങൾ.
ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്.
ന്യൂസിലൻഡ് ടീം: മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), ഡെവൺ കോൺവേ, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്‌സ്, ടിം റോബിൻസൺ, ഇഷ് സോഡി, മാർക്ക് ചാപ്‌മാൻ, റചിൻ രവീന്ദ്ര, കൈൽ ജാമിസൻ, ജേക്കബ് ഡഫി, ക്രിസ്റ്റ്യൻ ക്ലാർക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

