ദുബെയുടെ മിന്നലാട്ടം (23 പന്തിൽ 65) വെറുതെയായി; നാലിൽ ഇന്ത്യക്ക് പിഴച്ചു, ന്യൂസിലൻഡിന് 50 റൺസ് ജയം
text_fieldsവിശാഖപട്ടണം: ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യക്ക് 50 റൺസ് തോൽവി. മധ്യ ഓവറുകളിൽ ശിവം ദുബെ തകർത്താടിയെങ്കിലും ഇന്ത്യയെ രക്ഷിക്കാനായില്ല.
വിശാഖപട്ടണത്ത് ന്യൂസിലൻഡ് ഉയർത്തിയ 216 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 165 റൺസിൽ ഓൾ ഔട്ടായി. സ്കോർ - ന്യൂസിലൻഡ് 20 ഓവറിൽ ഏഴു വിക്കറ്റിന് 215. ഇന്ത്യ 18.4 ഓവറിൽ 165 റൺസിന് ഓൾ ഔട്ട്. 23 പന്തിൽ ഏഴു സിക്സും മൂന്നു ഫോറുമടക്കം 65 റൺസെടുത്താണ് ദുബെ പുറത്തായത്. 15 പന്തിലാണ് താരം അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. കഴിഞ്ഞ മത്സരത്തിൽ ഓപ്പണർ അഭിഷേക് ശർമ 14 പന്തിൽ അർധ സെഞ്ച്വറി കുറിച്ചിരുന്നു. ഹർഷിത് റാണ അടിച്ച പന്ത് ബൗളറായ മാറ്റ് ഹെൻറിയുടെ കൈയിൽ തട്ടി നോൺ സ്ട്രൈക്ക് എൻഡിലുണ്ടായിരുന്ന ദുബെ റണ്ണൗട്ടാകുകയായിരുന്നു. പന്ത് ഹെൻറിയുടെ കൈയിൽ തട്ടി സ്റ്റമ്പിൽ പതിക്കുമ്പോൾ ദുബെ ക്രീസിനു പുറത്തായിരുന്നു. റിങ്കു സിങ് 30 പന്തിൽ 39 റൺസുമായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
അഭിഷേക് ശർമ (പൂജ്യം), സഞ്ജു സാംസൺ (15 പന്തിൽ 24), സൂര്യകുമാർ യാദവ് (എട്ടു പന്തിൽ എട്ട്), ഹാർദിക് പാണ്ഡ്യ (അഞ്ചു പന്തിൽ രണ്ട്), ഹർഷിത് റാണ (13 പന്തിൽ ഒമ്പത്), അർഷ്ദീപ് സിങ് (പൂജ്യം), ജസ്പ്രീത് ബുംറ (രണ്ടു പന്തിൽ നാല്), കുൽദീപ് യാദവ് (മൂന്നു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 10 റൺസുമായി രവി ബിഷ്ണോയി പുറത്താകാതെ നിന്നു. തകർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. മാറ്റ് ഹെൻറി എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ അഭിഷേക് പുറത്ത്. തൊട്ടടുത്ത ഓവറിൽ സൂര്യയും മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഒമ്പത് റൺസ്. സഞ്ജുവും റിങ്കുവും ചേർന്ന് ടീം സ്കോർ 50 കടത്തി.
തൊട്ടു പിന്നാലെ സഞ്ജു ബൗൾഡായി മടങ്ങി. ദുബെയുടെ വെടിക്കെട്ട് ഇന്നിങ്സാണ് ഇന്ത്യയുടെ തോൽവി ഭാരം കുറച്ചത്. കീവീസിനായ മിച്ചൽ സാന്‍റനർ നാലു ഓവറിൽ 26 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ജേക്കബ് ഡഫി, ഇഷ് സോദി എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവികൾക്കായി ഓപണർമാരായ ടിം സീഫെർട്ടും ഡെവൺ കോൺവേയും മിന്നിൽ തുടക്കം നൽകിയെങ്കിലും ഇടക്ക് പതറി. സീഫെർട്ട് 36 പന്തിൽ 62ഉം കോൺവേ 23 പന്തിൽ 44ഉം റൺസ് നേടി. ഡാരിൽ മിച്ചൽ 18 പന്തിൽ 39 റൺസുമായി പുറത്താവാതെനിന്നു.
സീഫെർട്ട്-കോൺവേ ഓപണിങ് ജോടി ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചപ്പോൾ 8.2 ഓവറിൽ ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത് 100 റൺസ്. നാല് ഫോറും മൂന്ന് സിക്സും പറത്തിയ കോൺവേ സ്പിന്നർ കുൽദീപ് യാദവ് എറിഞ്ഞ ഒമ്പതാം ഓവറിൽ റിങ്കു സിങ്ങിന്റെ കൈകളിലൊടുങ്ങി. തൊട്ടടുത്ത ഓവറിൽ രചിൻ രവീന്ദ്രയെ (2) ജസ്പ്രീത് ബുംറ സ്വന്തം പന്തിൽ പിടിച്ചു. 13ാം ഓവറിലാണ് സീഫെർട്ട് മടങ്ങിയത്. അർഷ്ദീപ് സിങ്ങിന്റെ പന്തിൽ റിങ്കുവിന് മറ്റൊരു ക്യാച്ച്. ഏഴ് ഫോറും മൂന്ന് സിക്സുമടങ്ങിയ ഇന്നിങ്സ് അവസാനിക്കുമ്പോൾ സ്കോർ 126. ഗ്ലെൻ ഫിലിപ്സ് 16 പന്തിൽ 24 റൺസടിച്ച് വീണ്ടും റിങ്കുവിന് ക്യാച്ചും കുൽദീപിന് വിക്കറ്റും സമ്മാനിച്ചു.
മാർക് ചാപ്മാനെ (9) രവി ബിഷ്ണോയി വീഴ്ത്തി. സ്കോർ 11ൽ നിൽക്കെ ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ റണ്ണൗട്ടായി. ആറ് പന്തിൽ 13 റൺസെടുത്ത സാക് ഫോക്സ് റിങ്കുവിന് നാലാം ക്യാച്ച് നൽകി. അന്തിമ ഓവറുകളിൽ ഡാരിൽ മിച്ചലിന്റെ വെടിക്കെട്ട് സ്കോർ 200 കടത്തി. അർഷ്ദീപും കുൽദീപും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ഇന്ത്യ സ്പെഷലിസ്റ്റ് ബാറ്റർ ഇഷാൻ കിഷന് വിശ്രമം നൽകിയാണ് പേസർ അർഷ്ദീപിനെ ഇറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

