23 ഫോർ, 8 സിക്സ്! ബൗളർമാരെ പഞ്ഞിക്കിട്ട് കിവികൾ; ഇന്ത്യക്ക് ജയിക്കാൻ 209
text_fieldsഇന്ത്യക്കെതിരം കിവീസ് ഓപണർ ടിം സീഫേർട്ടിന്‍റെ ബാറ്റിങ്
റായ്പുർ (ഛത്തീസ്ഗഢ്): ന്യൂസിലൻഡിനെതിരായ ട്വന്‍റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 209 റൺസ് വിജയലക്ഷ്യം. തുടക്കം മുതൽ ആക്രമിച്ച് കളിച്ച ന്യൂസിലൻഡ് ബാറ്റർമാർക്കു മുന്നിൽ ഇന്ത്യൻ ബൗളർമാർ വിയർത്തു. 47 റൺസ് നേടി പുറത്താകാതെനിന്ന ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നറാണ് സന്ദർശകരുടെ ടോപ് സ്കോറർ. രചിൻ രവീന്ദ്ര 44 റൺസ് നേടി. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് കിവീസ് 208 റൺസ് അടിച്ചെടുത്തത്. ഇന്ത്യക്കായി കുൽദീപ് യാദവ് രണ്ട് വിക്കറ്റ് നേടി.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ന്യൂസിലൻഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മഞ്ഞുവീണ പിച്ച് തുടക്കത്തിൽ ബൗളർമാരെ പിന്തുണക്കുമെന്ന ക്യാപ്റ്റന്‍റെ കണക്കുകൂട്ടലുകളെ തെറ്റിച്ചാണ് ബ്ലാക് ക്യാപ്സ് ബാറ്റിങ് ആരംഭിച്ചത്. അർഷ്ദീപ് സിങ് എറിഞ്ഞ ആദ്യ ഓവറിൽ ഡെവൺ കോൺവെ 18 റൺസാണ് അടിച്ചെടുത്തത്. രണ്ടാം ഓവറിൽ ഏഴ് റൺസ് മാത്രം വിട്ടുനൽകി ഹാർദിക് പാണ്ഡ്യ മികച്ച തിരിച്ചുവരവ് നടത്തി. എന്നാൽ മൂന്നാം ഓവർ എറിയാൻ തിരിച്ചെത്തിയ അർഷ്ദീപ് വീണ്ടും 18 റൺസ് കൂടി വഴങ്ങി. ഒടുവിൽ നാലാം ഓവർ എറിഞ്ഞ ഹർഷിത് റാണയാണ് ഓപണർമാരെ വേർപെടുത്തിയത്.
9 പന്തിൽ മൂന്ന് ഫോറും ഒരു സിക്സുമുൾപ്പെടെ 19 റൺസ് നേടിയ കോൺവെയെ ഹർഷിത്, ഹാർദിക്കിന്‍റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറിൽ ടിം സീഫേർട്ടിനെ (13 പന്തിൽ 24) വരുൺ ചക്രവർത്തി മടക്കി. പിന്നീടൊന്നിച്ച രചിൻ രവീന്ദ്രയും ഗ്ലെൻ ഫിലിപ്സും ചേർന്ന് 5.2 ഓവറിൽ ടീം സ്കോർ 50 കടത്തി. സ്കോർ 98ൽ നിൽക്കേ ഫിലിപ്സിനെ (13 പന്തിൽ 19) കുൽദീപ്, ഹാർദിക്കിന്‍റെ കൈകളിലെത്തിച്ചു. ഡാരിൽ മിച്ചൽ 18 റൺസ് നേടി പുറത്തായി. അർധ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന രചിനെ കുൽദീപ് പറഞ്ഞയച്ചു. 26 പന്തിൽ രണ്ട് ഫോറും നാല് സിക്സും സഹിതം 44 റൺസ് നേടിയാണ് താരം മൈതാനം വിട്ടത്. ഇതോടെ കിവീസിന്‍റെ റൺനിരക്ക് താഴ്ന്നു.
മാർക് ചാപ്മാൻ 13 പന്തിൽ 10 റൺസ് നേടി പുറത്തായി. അവസാന ഓവറുകളിൽ സാക് ഫോൾക്സിനെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അപരാജിതരായി നിന്ന സാന്‍റ്നറും (47*) ഫോൾക്സും (15*) ചേർന്ന് അവസാന ഓവറിൽ ടീം സ്കോർ 200 കടത്തി. 23 ഫോറും എട്ട് സിക്സറുകളുമാണ് ന്യൂസിലന്‍റ് ഇന്നിങ്സിൽ പിറന്നത്. കുൽദീപിനൊപ്പം ഹാർദിക് പാണ്ഡ്യയും വരുൺ ചക്രവർത്തിയും ഭേദപ്പെട്ട ബൗളിങ് പുറത്തെടുത്തപ്പോൾ, മറ്റുള്ളവർ കണക്കിന് അടി വാങ്ങിക്കൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

