റായ്പുരിൽ ഇന്ത്യക്ക് ടോസ് ഭാഗ്യം, ആദ്യം പന്തെറിയും; ബുംറക്ക് വിശ്രമം, ഹർഷിതും കുൽദീപും ഇലവനിൽ
text_fieldsറായ്പുർ: ന്യൂസിലൻഡിനെതിരായ ട്വന്‍റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബൗളിങ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. പരിക്കേറ്റ അക്സർ പട്ടേൽ, പേസർ ജസ്പ്രീത് ബുംറ എന്നിവർ കളിക്കില്ല. ഓൾറൗണ്ടർ ഹർഷിത് റാണയും ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവും അന്തിമ ഇലവനിലെത്തി. മൂന്ന് മാറ്റങ്ങളുമായാണ് ന്യൂസിലൻഡ് കളത്തിലിറങ്ങുന്നത്. റോബിൻസൺ, ജേമിസൻ, ക്ലാർക്ക് എന്നിവർക്ക് പകരം സീഫേർട്ട്, മാറ്റ് ഹെൻറി, സാക് ഫോൾക്‌സ് എന്നിവർ കളിക്കും.
പ്ലേയിങ് ഇലവൻ
ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ.
ന്യൂസിലൻഡ്: മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), ടിം സീഫേർട്ട്, ഡെവൺ കോൺവേ, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്‌സ്, ഇഷ് സോഡി, സാക്ക് ഫോൾക്‌സ്, മാർക്ക് ചാപ്‌മാൻ, രചിൻ രവീന്ദ്ര, മാറ്റ് ഹെൻറി, ജേക്കബ് ഡഫി.
നാഗ്പുരിൽ നടന്ന ആദ്യ അങ്കം 48 റൺസിന് ജയിച്ച് അഞ്ച് കളികളടങ്ങിയ പരമ്പരയിൽ മുന്നിലെത്തിയ ആതിഥേയർക്ക് ലീഡ് കൂട്ടാനുള്ള അവസരമാണിത്. ഒരു ഘട്ടത്തിൽ ഇന്ത്യക്ക് ഭീഷണിയുയർത്തി കീഴടങ്ങിയ കിവികൾ തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ട്. സ്വന്തം നാട്ടിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിന് ഒരുക്കമെന്ന നിലയിൽ നിലവിലെ ചാമ്പ്യന്മാരായ ഏകപക്ഷീയ വിജയം ആത്മവിശ്വാസം കൂട്ടും.ഹോം ഗ്രൗണ്ടിൽ ഇന്ത്യയുടെ നൂറാം മത്സരമാണിത്.
ഓപണറായി വീണ്ടും അവസരം ലഭിച്ചിട്ടും പരാജയപ്പെട്ട സഞ്ജു സാംസണിന് നിർണായകമാണ് ഇന്നത്തെ കളി. വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷനെ സഞ്ജു ഇലവനിലുണ്ടായിരിക്കെത്തന്നെ ഇറക്കി. എന്നാൽ, ഇടവേളക്ക് ശേഷം ടീമിലെത്തിയ ഇഷാനും വേഗത്തിൽ മടങ്ങുന്നതാണ് കണ്ടത്. സഞ്ജു വീണ്ടും നിറംമങ്ങുകയും ഇഷാൻ മിന്നുകയും ചെയ്താൽ ശ്രേയസ് അയ്യരെ പരീക്ഷിക്കാൻ മാനേജ്മെന്റ് നിർബന്ധിതരാവും.
തിരുവനന്തപുരത്ത് അഞ്ചാം ട്വന്റി20യിൽ മലയാളി താരം ഇറങ്ങുന്നത് കാണാൻ കാത്തിരിക്കുകയാണ് കേരളത്തിലെ ആരാധകർ. അഭിഷേക് സിങ്ങിന്റെയും റിങ്കു സിങ്ങിന്റെയും വെടിക്കെട്ടോടെ കൂറ്റൻ സ്കോറിലെത്താൻ ഇന്ത്യക്കായി. ബൗളർമാരും മോശമല്ലാത്ത പ്രകടനം നടത്തി. ഏകദിന പരമ്പരയിൽ നിർത്തിയിടത്തുനിന്ന് തുടങ്ങിയ ഗ്ലെൻ ഫിലിപ്സാണ് ന്യൂസിലൻഡിനെ കഴിഞ്ഞ കളിയിൽ കരകയറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

