ഗോ.. വിൻ ദ മാസ്; ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കം
text_fieldsലീഡ്സ് (ഇംഗ്ലണ്ട്): 2024 ഇന്ത്യൻ ടെസ്റ്റ് ടീമിനെ സംബന്ധിച്ച് സമ്മിശ്ര വർഷമായിരുന്നു. തുടക്കത്തിൽ ഇംഗ്ലണ്ടിനെതിരായ പരമ്പര 4-1നും പിന്നാലെ ബംഗ്ലാദേശിനെതിരെ 2-0ത്തിനും ജയിച്ചെങ്കിലും കൊല്ലം അവസാനിപ്പിച്ചത് വലിയ നാണക്കേടോടെ. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ 0-3ന്റെ സമ്പൂർണ തോൽവി. ചരിത്രത്തിലിന്നോളമില്ലാത്ത തിരിച്ചടിയായിരുന്നു അത്. പിന്നെ ബോർഡർ-ഗവാസ്കർ പരമ്പര 1-3ന് ആസ്ട്രേലിയക്കും അടിയറവെച്ചു. 2025 പകുതി പിന്നിടുമ്പോൾ ഈ വർഷത്തെ ആദ്യ ടെസ്റ്റ് പരമ്പരക്കാണ് ഇന്ത്യ വെള്ളിയാഴ്ച ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ പുതിയ നായകൻ ശുഭ്മൻ ഗില്ലിന് കീഴിൽ ജയത്തോടെ തുടങ്ങി പരമ്പര സ്വന്തമാക്കുകതന്നെ ലക്ഷ്യം.
മൂന്ന് വൻ തോക്കുകളുടെ അഭാവം ഇന്ത്യൻ നിരയിലുണ്ട്. നായകരും മുൻനിര ബാറ്റർമാരുമായിരുന്ന രോഹിത് ശർമയും വിരാട് കോഹ്ലിയും വിക്കറ്റ് വേട്ടക്കാരൻ സ്പിൻ ഓൾ റൗണ്ടർ രവിചന്ദ്രൻ അശ്വിനും ഇനിയൊരിക്കൽക്കൂടി വെള്ള ജഴ്സിയിൽ കളിക്കില്ല. കോഹ്ലിയും രോഹിതും ടെസ്റ്റിൽനിന്നും അശ്വിൻ മൂന്ന് ഫോർമാറ്റിൽനിന്നും വിരമിച്ചു. മൂവരും ഒഴിച്ചിട്ട വിടവ് നികത്താൻ പകരമെത്തുന്നവർക്ക് കഴിയുമോയെന്ന് കണ്ടറിയണം. മൂന്ന് സന്നാഹ മത്സരങ്ങൾ കളിച്ചാണ് ഇന്ത്യൻ താരങ്ങൾ ഹെഡിങ്ലിയിൽ ഒന്നാം ടെസ്റ്റിനിറങ്ങുന്നത്. ഇംഗ്ലണ്ട് ലയൺസിനെതിരെ നടന്ന രണ്ട് ചതുർദിന മത്സരങ്ങളിൽ ടെസ്റ്റ് സംഘത്തിലെ മിക്കവരും ഇന്ത്യ എ ടീമിനായി കളിച്ചു. ഇൻട്രാ സ്ക്വാഡായും നടന്ന ചതുർദിന മത്സരവും ഇന്ത്യൻ താരങ്ങൾക്ക് ബാറ്റിങ് ബൗളിങ് പരിശീലനമൊരുക്കി. യുവരക്തങ്ങളിൽ പ്രതീക്ഷകളർപ്പിച്ച് എതിരാളികളെ നിഷ്പ്രഭമാക്കാനുള്ള അസ്ത്രങ്ങൾ ആവനാഴിയിൽ നിറച്ചാണ് ടീം പോരാട്ടവീഥിയിലിറങ്ങുന്നത്.
ഗിൽ നാലാം നമ്പറിൽ ഇറങ്ങുമെന്ന് ഋഷഭ്
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ നാലാമനായായിരിക്കും ബാറ്റ് ചെയ്യുകയെന്ന് വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത്. താൻ അഞ്ചാമനായി തുടരുമെന്നും മൂന്നാം നമ്പറിൽ ആരായിരിക്കും ഇറങ്ങുകയെന്ന് ഇനിയും തീരുമാനിച്ചിട്ടില്ലെന്നും ഋഷഭ് വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തി. വിരമിച്ച സൂപ്പർ ബാറ്റർ വിരാട് കോഹ്ലി ടെസ്റ്റിൽ നാലാം നമ്പറിലാണ് ഇറങ്ങിയിരുന്നത്. രോഹിത് ശർമയുടെ ഒഴിവിൽ യശസ്വി ജയ്സ്വാളിനൊപ്പം കെ.എൽ. രാഹുൽ ഇന്നിങ്സ് ഓപൺ ചെയ്യാനാണ് സാധ്യത.
ജയിക്കുന്ന ടീമിന്റെ നായകന് പട്ടോഡി മെഡൽ; ടെണ്ടുൽക്കർ-ആൻഡേഴ്സൺ ട്രോഫിയെന്ന പുതിയ പേര് മാറ്റില്ല
ലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര നേടുന്നവർക്ക് നൽകുന്ന ട്രോഫിയുടെ പേര് മാറ്റിയ വിവാദം തുടരുന്നതിനിടെ ജയിക്കുന്ന ടീമിന്റെ നായകന് ‘പട്ടോഡി മെഡൽ’ സമ്മാനിക്കാൻ തീരുമാനം. പരമ്പര നേടുന്നവർക്ക് നൽകിവന്നിരുന്നത് പട്ടോഡി ട്രോഫിയായിരുന്നു. ഈ വർഷം മുതൽ ഇതിനെ ടെണ്ടുൽക്കർ-ആൻഡേഴ്സൺ ട്രോഫിയെന്ന് പുനർനാമകരണം ചെയ്തു. തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. പട്ടോഡി ട്രോഫിയെന്ന പേര് തുടരണമെന്ന് സചിൻ ടെണ്ടുൽക്കർ ഇംഗ്ലണ്ട്-വെയ്ൽസ് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും ഇതിഹാസ താരങ്ങളായ സചിന്റെയും ജെയിംസ് ആൻഡേഴ്സണിന്റെയും പേര് ട്രോഫിക്ക് നൽകാനുള്ള തീരുമാനം മാറ്റേണ്ടതില്ലെന്നാണ് ഇ.സി.ബി നിലപാട്. ഇതുമായി ബന്ധപ്പെട്ട ചർച്ചയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ ജയ് ഷായും ഇടപെട്ടിരുന്നു. ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ചരിത്രത്തിൽ തിളക്കമാർന്ന പേരുകളാണ് ഇഫ്തിഖാർ അലി ഖാൻ പട്ടോഡിയുടെതും മൻസൂർ അലി ഖാൻ പട്ടോഡിയുടെതും. ഇരുവരും ഇന്ത്യൻ ക്യാപ്റ്റന്മാരും ഇംഗ്ലണ്ട് കൗണ്ടി താരങ്ങളുമായിരുന്നു.
ഇംഗ്ലണ്ട് ഇലവനായി
ലീഡ്സ്: ഒന്നാം ടെസ്റ്റിന് രണ്ട് ദിവസം മുമ്പേ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. പരിക്കിൽനിന്ന് മോചിതനായി ടീമിൽ തിരിച്ചെത്തിയ സീനിയർ ഓൾ റൗണ്ടർ ക്രിസ് വോക്സ് വെള്ളിയാഴ്ച ഇന്ത്യക്കെതിരെ ഇറങ്ങും. ഇംഗ്ലണ്ട് ഇലവൻ: സാക് ക്രോളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ്, ജാമി സ്മിത്ത്, ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഷ് ടോങ്, ഷുഐബ് ബഷീർ.
ഹർഷിത് റാണയും ഇന്ത്യൻ ടീമിൽ
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ സംഘത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പേസർ ഹർഷിത് റാണയും. പരമ്പരക്കുള്ള 18 അംഗ സ്ക്വാഡിനെ ബി.സി.സി.ഐ നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതിലേക്കാണ് റാണയെയും ചേർത്തിട്ടുള്ളത്. ഒന്നാം ടെസ്റ്റിന് ശേഷം താരം ടീമിൽ തുടരുമോയെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. കഴിഞ്ഞ വർഷം നടന്ന ബോർഡർ-ഗവാസ്കർ പരമ്പരയിൽ ആസ്ട്രേലിയക്കെതിരെ പെർത്തിൽ നടന്ന ഒന്നാം ടെസ്റ്റിൽ റാണ വെള്ളക്കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഇന്ത്യക്കായി അഞ്ച് ഏകദിനങ്ങളിലും ഒരു ട്വന്റി20 മത്സരത്തിലും താരം കളിച്ചിട്ടുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ് എന്നീ അഞ്ച് ഫാസ്റ്റ് ബൗളർമാരുടെ നിരയിലേക്കാണ് റാണ കൂടി എത്തുന്നത്. കൂടാതെ പേസ് ഓൾറൗണ്ടർമായി ഷര്ദുല് താക്കൂറും നിതീഷ് കുമാര് റെഡ്ഡിയും ടീമിന് കരുത്ത് പകരും.
ചികിത്സക്കായി സൂര്യകുമാർ ഇംഗ്ലണ്ടിൽ
ലണ്ടൻ: ഇന്ത്യയുടെ ട്വന്റി20 ടീം നായകനും വെടിക്കെട്ട് ബാറ്ററുമായ സൂര്യകുമാർ യാദവ് ഇംഗ്ലണ്ടിലെത്തി. സ്പോർട്സ് ഹെർണിയക്ക് ചികിത്സതേടിയാണ് ഐ.പി.എല്ലിലെ മുംബൈ ഇന്ത്യൻസ് താരത്തിന്റെ യാത്ര. ആവശ്യമെങ്കിൽ ശസ്ത്രക്രിയക്ക് വിധേയനായശേഷമാവും സൂര്യ ഇന്ത്യയിലേക്ക് മടങ്ങും. വേദന വകവെക്കാതെയാണ് ഐ.പി.എല്ലിലും മുംബൈ ടി20 ലീഗിലും താരം കളിച്ചതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

