ഗിൽ 162 പന്തിൽ 161; ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ഇന്ത്യ, ഇംഗ്ലണ്ടിന് 608 റൺസ് വിജയലക്ഷ്യം
text_fieldsബിർമിങ്ഹാം: ഇംഗ്ലണ്ടിനു മുന്നിൽ കൂറ്റൻ വിജയലക്ഷ്യം വെച്ചുനീട്ടി ഇന്ത്യ, രണ്ടാം ടെസ്റ്റിൽ ഒരു ദിവസവും ഏതാനും ഓവറുകളും ബാക്കി നിൽക്കെ ആതിഥേയരുടെ വിജയലക്ഷ്യം 608 റൺസ്.
പത്തു വിക്കറ്റും എറിഞ്ഞിട്ടാൽ ശുഭ്മൻ ഗില്ലിനും സംഘത്തിനും പരമ്പരയിൽ ഒപ്പമെത്താനാകും. 407 റൺസെടുത്ത് ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടിയ ഗില്ലിന്‍റെ ബാറ്റിങ് മികവിലാണ് ഇന്ത്യ റൺമല കയറിയത്. കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, രവീന്ദ്ര ജദേജ എന്നിവർ അർധ സെഞ്ച്വറിയുമായി തിളങ്ങി. 129 പന്തിലാണ് ഗിൽ മൂന്നക്കത്തിൽ എത്തിയത്.
മത്സരത്തിൽ 162 പന്തിൽ എട്ടു സിക്സും 13 ഫോറുമടക്കം 161 റൺസെടുത്തു. ഒന്നാം ഇന്നിങ്സിൽ ഗില്ലിന്‍റെ ഇരട്ട സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ 587 എന്ന വമ്പൻ സ്കോറിലെത്തിയത്. 387 പന്തിൽ 269 റൺസാണ് ഗിൽ നേടിയത്. ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
ഒരു വിക്കറ്റിന് 64 റൺസെന്ന നിലയിലാണ് നാലാംദിനം ബാറ്റിങ് ആരംഭിച്ചത്. 84 പന്തിൽ 10 ഫോറടക്കം 55 റൺസെടുത്താണ് രാഹുൽ പുറത്തായത്. അടിച്ചുകളിച്ച പന്ത് 58 പന്തിൽ 65 റൺസെടുത്താണ് പുറത്തായത്. കരുൺ നായർ 46 പന്തിൽ 26 റൺസെടുത്തു. നതീഷ് കുമാർ റെഡ്ഡിയാണ് (ഒരു റൺ) പുറത്തായ മറ്റൊരു താരം.
118 പന്തിൽ 69 റൺസുമായി ജദേജയും ഏഴു പന്തിൽ 12 റൺസുമായി വാഷിങ്ടൺ സുന്ദറും പുറത്താകാതെ നിന്നു.
28 റൺസെടുത്ത യശസ്വി ജെയ്സ്വാളാണ് പുറത്തായ മറ്റൊരു താരം. ഇംഗ്ലണ്ടിനായി ജോഷ് ടോങ്, ശുഐബ് ബഷീർ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കൈവിട്ടെന്ന് കരുതിയ ഇന്ത്യയുടെ ജയപ്രതീക്ഷകൾ ബൗളർമാരാണ് തിരിച്ചുപിടിച്ചത്. ഒരുവേള അഞ്ച് വിക്കറ്റിന് 84 റൺസിലേക്ക് തകർന്ന ഇംഗ്ലണ്ടിനെ തകർപ്പൻ സെഞ്ച്വറികളുമായി ജാമി സ്മിത്തും ഹാരി ബ്രൂക്കും കരകയറ്റിയെങ്കിലും ഒന്നാം ഇന്നിങ്സിൽ 180 റൺസിന്റെ നിർണായക ലീഡ് നേടി സന്ദർശകർ. ഇന്ത്യയുടെ സ്കോറായ 587 റൺസിന് മറുപടിയായി ഇംഗ്ലീഷുകാർ 407ൽ എല്ലാവരും പുറത്തായി.
പേസർമാരായ മുഹമ്മദ് സിറാജ് ആറും ആകാശ്ദീപ് നാലും വിക്കറ്റ് വീഴ്ത്തിയാണ് ആതിഥേയരെ ഓൾ ഔട്ടാക്കിയത്. ജാമി 184 റൺസുമായി അപരാജിതനായി നിന്നപ്പോൾ ബ്രൂക്ക് 158 റൺസ് നേടി. ആറാം വിക്കറ്റിൽ ഈ സഖ്യം 303 റൺസ് ചേർത്തു.
നേരത്തെ, ടെസ്റ്റ് ക്രിക്കറ്റിൽ ഋഷഭ് പന്ത് ലോക റെക്കോഡ് സ്വന്തമാക്കിയിരുന്നു. ടെസ്റ്റിൽഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന വിസിറ്റിങ് ബാറ്ററെന്ന നേട്ടമാണ് പന്ത് കൈവരിച്ചത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സിൽ ജോഷ് ടോങ്ങിന്‍റെ പന്ത് ഗാലറിയിലെത്തിച്ചാണ് താരം നേട്ടം സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ 22 സിക്സുകളാണ് താരം ഇതുവരെ നേടിയത്. ദക്ഷിണാഫ്രിക്കക്കെതിരെ 21 സിക്സുകൾ നേടിയ ഇംഗ്ലണ്ടിന്‍റെ ബെൻ സ്റ്റോക്സിനെയാണ് താരം മറികടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.