പന്തിന് അർധ സെഞ്ച്വറി, സ്റ്റോക്സിന് അഞ്ച് വിക്കറ്റ്; ഇന്ത്യ 358ന് പുറത്ത്
text_fieldsഅഞ്ച് വിക്കറ്റ് നേടിയ സ്റ്റോക്സിന്‍റെ ആഹ്ലാദം
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 358ന് പുറത്ത്. അഞ്ച് വിക്കറ്റ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സാണ് രണ്ടാംദിനം സന്ദർശകർക്ക് കനത്ത തിരിച്ചടി നൽകിയത്. പരിക്കേറ്റ കാലുമായി തിരികെ ക്രീസിലെത്തിയ ഋഷഭ് പന്ത് അർധ സെഞ്ച്വറി നേടിയതു മാത്രമാണ് ഇന്ത്യക്ക് ആശ്വസിക്കാനുള്ളത്. കഴിഞ്ഞ ദിവസം പുറത്തായ സായ് സുദർശനാണ് (61) ഇന്നിങ്സിലെ ടോപ് സ്കോറർ. ഇംഗ്ലണ്ടിനായി സ്റ്റോക്സ് അഞ്ച് വിക്കറ്റ് പിഴുതപ്പോൾ ജോഫ്ര ആർച്ചർ മൂന്നും ക്രിസ് വോക്സ്, ലിയാം ഡോസൺ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
നാലിന് 264 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യൻ ബാറ്റർമാർക്ക് 94 റൺസ് മാത്രമാണ് ഇന്നിങ്സിലേക്ക് കൂട്ടിച്ചേർക്കാനായത്. രണ്ടാം ഓവറിൽ തന്നെ ജദേജയെ ആർച്ചർ പുറത്താക്കുമ്പോൾ ഒരു റൺസ് മാത്രമേ കൂട്ടിച്ചേർക്കാൻ കഴിഞ്ഞുള്ളൂ. 40 പന്തിൽ 20 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. പിന്നാലെയെത്തിയത് വാഷിങ്ടൺ സുന്ദർ. ഇരുവരും സ്കോർ പതിയെ ചലിപ്പിക്കുന്നതിനിടെ 102ാം ഓവറിൽ ശാർദുൽ താക്കൂറിനെ (41) ബെൻ സ്റ്റോക്സ് വീഴ്ത്തി. ഇതോടെ നീരുവെച്ച കാലിലെ വേദന കടിച്ചമർത്തി, പന്ത് ക്രീസിലേക്ക് മടങ്ങിയെത്തിയത്.
27 റൺസ് നേടിയ വാഷിങ്ടൺ സുന്ദറിനെ സ്റ്റോക്സ്, വോക്സിന്‍റെ കൈകളിലെത്തിച്ചു. പിന്നാലെയെത്തിയ അരങ്ങേറ്റക്കാരൻ അൻഷുൽ കാംബോജിനെ റണ്ണെടുക്കാൻ അനുവദിക്കാതെ വിക്കറ്റ് കീപ്പർ ജെയ്മി സ്മിത്തിന്‍റെ കൈകളിലെത്തിച്ച സ്റ്റോക്സ് ഇന്ത്യക്ക് വീണ്ടും പ്രഹരമേൽപ്പിച്ചു. പേസർ ജസ്പ്രീത് ബുംറയെ സാക്ഷിയാക്കി ഋഷഭ് പന്ത് (54) അർധ ശതകം പൂർത്തിയാക്കി. പിന്നാലെ താരത്തെ ജോഫ്ര ആർച്ചർ ക്ലീൻ ബൗൾഡാക്കി. ബുംറയും സിറാജും ചേർന്ന് ടീം സ്കോർ 350 കടത്തി. ബുംറയെ (4) സ്മിത്തിന്‍റെ കൈകളിലെത്തിച്ച് ആർച്ചർ ഇന്ത്യൻ ഇന്നിങ്സിന് തിരശീലയിട്ടു. അഞ്ച് റൺസുമായി മുഹമ്മദ് സിറാജ് പുറത്താകാതെ നിന്നു.
ടോസ് ഭാഗ്യം വീണ്ടും ഇംഗ്ലണ്ടിന്
ഫീൽഡ് ചെയ്യാനായിരുന്നു ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ തീരുമാനം. ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ മൂന്ന് മാറ്റങ്ങളുണ്ടായിരുന്നു. പരിക്കേറ്റ പേസർ ആകാശ് ദീപിന് പകരക്കാരനായെത്തിയ അൻഷുൽ കംബോജിന് അരങ്ങേറ്റത്തിന് അവസരമായി. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇറങ്ങി തിളങ്ങാനാവാതെ മടങ്ങിയ മലയാളി ബാറ്റർ കരുൺ നായർ ബെഞ്ചിലിരുന്നപ്പോൾ സായ് സുദർശനെത്തി. പരിക്കേറ്റ പേസ് ബൗളിങ് ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയുടെ ഒഴിവിൽ ഷാർദുലും. ഇന്നിങ്സ് ഓപൺ ചെയ്ത ജയ്‍സ്വാളും രാഹുലും ശ്രദ്ധയോടെ ബാറ്റ് വീശി. പേസർമാരായ ക്രിസ് വോക്സും ജോഫ്ര ആർച്ചറും ബ്രൈഡൻ കാർസുമുയർത്തിയ വെല്ലുവിളികളെ സസൂക്ഷ്മം അതിജീവിച്ച ഇരുവരും 18ാം ഓവറിലാണ് സ്കോർ 50 കടത്തിയത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 78, രാഹുൽ 40, ജയ്സ്വാൾ 36.
കളി പുനരാരംഭിച്ച് അധികം കഴിയും മുമ്പെ രാഹുലിന് മടക്കം. 30ാം ഓവറിലെ ആറാം പന്ത്. വോക്സിന്റെ ഡെലവറി ബാറ്റിന്റെ എഡ്ജിൽ തട്ടി തേഡ് സ്ലിപ്പിൽ സാക് ക്രോളിയുടെ കൈകളിലേക്ക്. 98 പന്തിൽ നാല് ബൗണ്ടറികളുടെ സഹായത്തോടെയാണ് രാഹുൽ 48ലെത്തിയത്. സ്കോർ ഒരു വിക്കറ്റിന് 94. മൂന്നാം നമ്പറിൽ സായ്. 34 ഓവറിൽ മൂന്നക്കത്തിൽ തൊട്ടു ഇന്ത്യ. 35ാം ഓവറിലെ ആദ്യ പന്തിൽ കാർസിനെ സിംഗിളെടുക്കവെ റണ്ണൗട്ടിൽനിന്ന് രക്ഷപ്പെട്ട് ജയ്സ്വാൾ അർധ ശതകം തികച്ചു. എട്ട് വർഷത്തെ ഇടവേളക്കുശേഷം ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയ ലിയാം ഡോസനെ 39ാം ഓവർ എറിയാനായി കൊണ്ടുവന്നു സ്റ്റോക്സ്. ഡോസന്റെ രണ്ടാം ഓവറിലെ ആദ്യ പന്ത്. ഓഫ് സ്റ്റമ്പിന് പുറത്ത് ഡിഫൻഡ് ചെയ്യാനുള്ള ഇടംകൈയർ ബാറ്റർ ജയ്സ്വാളിന്റെ ശ്രമം പാളി. ഒന്നാം സ്ലിപ്പിൽ ഹാരി ബ്രൂക്കിന് അനായാസ ക്യാച്ച്. 107 പന്തിൽ പത്ത് ഫോറും ഒരു സിക്സുമടക്കം 58 റൺസുമായി ഓപണർ തിരിഞ്ഞുനടന്നു. 120ലാണ് രണ്ടാം വിക്കറ്റ് വീണത്.
പ്രതീക്ഷകളോടെ ക്യാപ്റ്റൻ ഗിൽ ക്രീസിൽ. അപ്പുറത്ത് പ്രതിരോധത്തിലൂന്നി സായിയും. സ്റ്റോക്സിന്റെ പന്തിൽ സായിക്ക് ഇടക്കൊരു ലൈഫും കിട്ടി. 22 പന്തുകൾ മാത്രമായിരുന്നു ഗിൽ ഇന്നിങ്സിന് ആയുസ്സ്. 50ാം ഓവറുമായി സ്റ്റോക്സ്. ഗിൽ ബാറ്റ് പൊക്കി രക്ഷപ്പെടാൻ ശ്രമിച്ച പന്ത് പോണപോക്കിൽ കാൽമുട്ടിന്റെ ഭാഗത്ത് ചെറുതായൊന്നുരസി. ബൗളറുടെയും വിക്കറ്റ് കീപ്പറുടെയും ഫീൽഡർമാരുടെയും ശക്തമായ എൽ.ബി.ഡബ്ല്യൂ അപ്പീലിനിടെ അമ്പയർ വിരലുയർത്തി. മൂന്നിന് 140. അധികം കഴിയും മുമ്പെ ചായക്ക് സമയമായി. സായിയും (26) ഋഷഭും (3) ക്രീസിൽ. ഇരുവരും രക്ഷാപ്രവർത്തനം തുടർന്നതോടെ ഇന്ത്യ 200ഉം കടന്ന് മുന്നോട്ട്.
എന്നാൽ, വോക്സ് എറിഞ്ഞ 68ാം ഓവറിൽ ഇന്ത്യയെത്തേടി മറ്റൊരു അപകടമെത്തി. യോർക്കറിൽ റിവേഴ്സ് സ്വീപ്പിന് ശ്രമിക്കവെ പന്ത് കാലിൽത്തട്ടി ഋഷഭിന് പരിക്കേറ്റു. എൽ.ബി.ഡബ്ല്യൂ അപ്പീൽ റീവ്യൂവിൽ അതിജീവിച്ചെങ്കിലും താരത്തിന് ക്രീസിൽ തുടരാനായില്ല. ഋഷഭ് (48 പന്തിൽ 37) കയറിയതോടെ ജദേജയെത്തി. ജോ റൂട്ടിനെ ബൗണ്ടറി കടത്തി സായ് ടെസ്റ്റിലെ കന്നി അർധ ശതകം തികച്ചു. ഏഴ് ഫോറടക്കം 151 പന്തിൽ 61 റൺസെടുത്ത സായിയെ ലോങ് ലെഗ്ഗിൽ കാർസ് പിടിച്ചു. സ്റ്റോക്സിനായിരുന്നു വിക്കറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

